Latest Videos

കളിയിക്കാവിള ദീപു കൊലപാതകം; ഒരു പ്രതി കൂടി അറസ്റ്റിൽ; പിടിയിലായത് രണ്ടാം പ്രതിയുടെ സുഹൃത്ത്

By Web TeamFirst Published Jun 28, 2024, 9:12 PM IST
Highlights

ഇതിനിടെ സുനിലിന്‍റെ സർജിക്കൽ സ്ഥാപനത്തിന് ലൈസൻസ് ഇല്ലെന്ന് കണ്ടെത്തി  ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം കേസെടുത്തു.

തിരുവനന്തപുരം: കളിയിക്കാവിളയിൽ ക്വാറി ഉടമ ദീപുവിനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കൊലപാതകത്തിനായി പ്രതി അമ്പിളി സർജിക്കൽ ബ്ലേഡ് വാങ്ങിയ കടയുടെ ഉടമ സുനിലിന്‍റെ സുഹൃത്ത് പ്രദീപ് ചന്ദ്രനെയാണ് അറസ്റ്റ് ചെയ്തത്. ഒളിവിലുള്ള സുനിലിനെ കണ്ടെത്താനും പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ചതിന് സുനിലിന്‍റെ സ്ഥാപനത്തിനെതിരെ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം കേസെടുത്തു.

കൊലപാതകത്തിനായി ഗുണ്ടാ നേതാവ് അമ്പിളി എന്ന ഷാജി, പാറശ്ശാലയിലെ സുനിലിന്‍റെ ഉടമസ്ഥതയിലുള്ള, ബ്രദേഴ്സ് സ‍ജിക്കസ് സ്ഥാപനത്തിലായിരുന്നു സർജിക്കൽ ബ്ലേഡിനായി എത്തിയത്. കടയുടമ സുനിലിന്‍റെ നിർദ്ദേശ പ്രകാരം സുഹൃത്ത് പ്രദീപ് ചന്ദ്രൻ ആണ് മറ്റൊരു കടയിൽ നിന്ന് സർജിക്കൽ ബ്ലേഡ് വാങ്ങി നൽകിയത്. പിന്നീട് കളിയിക്കാവിളയ്ക്ക് അടുത്ത് അമ്പിളിയെ കാറിൽ കൊണ്ടുവിട്ടതും സുനിലായിരുന്നു.

കൊലപാതകം നടക്കുമ്പോൾ ഒന്നര കിലോമീറ്റർ അകലെ പ്രദീപും സുനിലും ഉണ്ടായിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. കളിയിക്കാവിള പോലീസ് നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ  നെയ്യാറ്റിൻകര ഡി.വൈ.എസ്.പി യുടെ നേതൃത്ത്വത്തിൽ പ്രദീപിനെ പിടികൂടി തമിഴ്നാട് പോലീസിന് കൈമാറുകയായിരുന്നു. കൊലപാതകത്തിൽ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഗൂഡാലോചന കേസിൽ പ്രദീപ് ചന്ദ്രന്റെ അറസ്റ്റ് രേഖപ്പെടുത്തി.

ഇതിനിടെ സുനിലിന്‍റെ സർജിക്കൽ സ്ഥാപനത്തിന് ലൈസൻസ് ഇല്ലെന്ന് കണ്ടെത്തി  ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം കേസെടുത്തു. ഇയാളുടെ നെയ്യാറ്റിന്‍കരയിലെ ശാഖയ്ക്ക് എതിരേയും നടപടിയെടുത്തിട്ടുണ്ട്. കൂടാതെ, സുനിലിന്റെ സ്ഥാപനത്തിന്റെ പങ്കാളിയെയും മറ്റൊരു സുഹൃത്തിനെയും പോലീസ് ചോദ്യം ചെയ്യുന്നുണ്ട്. 

കഴിഞ്ഞ തിങ്കളാഴ്ചയാണ് കളിയിക്കാവിള പൊലിസ് സ്റ്റേഷന് 200 മീറ്റർ അകലെ കാറിനുള്ളിൽ കഴുത്തറുത്ത നിലയിൽ ദീപുവിന്റെ മൃതദേഹം കണ്ടെത്തിയത്. വാഹനത്തിൽ നിന്നും ഒരാള്‍ ഇറങ്ങി പോകുന്ന സിസിടിവി ദൃശ്യങ്ങളാണ് പൊലിസിന് തെളിവായി ലഭിച്ചത്. തുടർന്ന് നെയ്യാറ്റിൻകര മുതലുള്ള സിസിടിവി ദൃശ്യങ്ങൾ കളിയിക്കാവിള പൊലിസ് ശേഖരിച്ചു. പണത്തിന് വേണ്ടി ദിവസങ്ങൾ നീണ്ട ആസൂത്രണത്തിന് ഒടുവിലായിരുന്നു കൊലപാതകമെന്നാണ് പൊലീസ് കണ്ടെത്തൽ. രണ്ടാം പ്രതി സുനിലായിലുള്ള തെരച്ചിൽ തുടരുകയാണ്. ഇന്നലെ രാത്രി റിമാന്‍ഡ് ചെയ്ത പ്രതി അമ്പിളിയെ കസ്റ്റഡിയിൽ വാങ്ങി പൊലീസ് ചോദ്യം ചെയ്യും. 

 

 

click me!