കളമശ്ശേരി പോളിടെക്നിക് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തിൽ ക്യാമ്പസിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയിലേക്കും അന്വേഷണം. ഇന്ന് അറസ്റ്റിലായവര്‍ നൽകിയ നിര്‍ണായക മൊഴിയുടെ അടിസ്ഥാനത്തിൽ കൊല്ലം സ്വദേശിയായ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിക്കായാണ് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയത്.
കൊച്ചി: കളമശ്ശേരി പോളിടെക്നിക് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തിൽ ക്യാമ്പസിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയിലേക്കും അന്വേഷണം. ഇന്ന് അറസ്റ്റിലായവര്‍ നൽകിയ നിര്‍ണായക മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം. കേസിലെ പ്രധാന കൊല്ലം സ്വദേശിയായ മൂന്നാം വർഷ വിദ്യാർത്ഥിയാണെന്ന നിഗമനത്തിലാണ് പൊലീസ്. ഇയാള്‍ ഒളിവിലാണെന്നാണ് പൊലീസിന് ലഭിച്ച വിവരം. കഞ്ചാവ് എത്തിച്ചത് ഇയാൾക്ക് വേണ്ടിയാണെന്നാണ് ഇന്ന് അറസ്റ്റിലായ ആഷിഖ്, ഷാലിക്കും മൊഴി നൽകിയത്. മൂന്നാം വർഷ വിദ്യാർത്ഥിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. മൂന്നാം വർഷ വിദ്യാർത്ഥിയുടെ അക്കൗണ്ടിൽ നിന്നാണ് കഞ്ചാവിനായി പണം നൽകിയതെന്നും പൊലീസിന് വിവരം ലഭിച്ചു.
പ്രതിക്ക് കെഎസ്‍യു ബന്ധമാരോപിച്ച് പിഎം ആര്‍ഷോ
അതേസമയം, പോളിടെക്നിക്കിലെ ലഹരി കേസിൽ ഇന്ന് അറസ്റ്റിലായ പ്രതികളിലൊരാള്‍ക്ക് കെഎസ്‍യു ബന്ധമാരോപിച്ച് എസ്‍എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറ പിഎം ആര്‍ഷോ രംഗത്തെത്തി. അറസ്റ്റിലായ ഷാലിക്ക് കെഎസ്‌യു പ്രവർത്തകനാണെന്ന് പിഎം ആര്‍ഷോ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു. ഷാലിക്ക് കെഎസ്‌യു അംഗത്വ വിതരണം ഉദ്ഘാടനം ചെയ്തെന്നും പിഎം ആര്‍ഷോ കുറിപ്പിൽ പറയുന്നു. ഇതിനുള്ള തെളിവായി ഒരു ചിത്രവും ആർഷോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.