തിരുവനന്തപുരത്തെ എല്ലാ ജനങ്ങള്‍ക്കും രാഷ്ട്രീയഭേദമന്യേ ബന്ധം തരൂരിനെക്കാളും പന്ന്യനുമായി ഉണ്ടെന്നും കടകംപള്ളി.
തിരുവനന്തപുരം: യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കടകംപള്ളി സുരേന്ദ്രന്‍. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രനെതിരെ നടത്തിയ പരാമര്‍ശത്തിനെതിരെയാണ് കടകംപള്ളി രംഗത്തെത്തിയത്. തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലം ആരുടേയും സ്വകാര്യ സ്വത്തല്ലെന്നും തരൂരിന് ഇത്രയും അഹങ്കാരം വേണ്ടെന്നുമാണ് കടകംപള്ളി പറഞ്ഞത്.
കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞത്: 'ഇത്രയും arrogance വേണ്ട ശ്രീ തരൂര്‍. തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലം ആരുടേയും സ്വകാര്യ സ്വത്തല്ല. കഴിഞ്ഞ 40 കൊല്ലമായി ജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിച്ച്, താങ്കള്‍ എം പി ആകുന്നതിനും മുമ്പ് ഈ അനന്തപുരിയുടെ സാരഥിയായ വ്യക്തിയാണ് പന്ന്യന്‍ രവീന്ദ്രന്‍. തിരുവനന്തപുരത്തെ എല്ലാ ജനങ്ങള്‍ക്കും രാഷ്ട്രീയഭേദമന്യേ താങ്കളേക്കാളും ബന്ധം പന്ന്യനുമായി ഉണ്ട്. കോടിശ്വരന്മാര്‍ തമ്മില്‍ മത്സരിക്കുമ്പോള്‍ പന്ന്യന് എന്ത് കാര്യമെന്ന് ധ്വനി വരുത്തുന്ന രീതിയില്‍ പ്രതികരിക്കുന്ന താങ്കളുടെ ഈ വാക്കുകള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് തമ്പ്രാക്കന്മാര്‍ അടിയാളന്മാരോട് പുച്ഛ ഭാവത്തില്‍ പറയുന്നതായെ തോന്നുകയുള്ളൂ. ഇതിനുള്ള മറുപടി തിരുവനന്തപുരത്തെ ജനങ്ങള്‍ താങ്കള്‍ക്ക് വരുന്ന ഏപ്രില്‍ 26ന് നല്‍കുക തന്നെ ചെയ്യും. ഉറപ്പ്.'