നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി തീരുമാനം യാത്രക്ക് ശേഷമേ ഉണ്ടാകൂ. ശോഭാ സുരേന്ദ്രൻ മത്സരിക്കണോ എന്നതിലും യാത്രക്ക് ശേഷം തീരുമാനമെടുക്കും.
കാസർകോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കണോ എന്നതിൽ കേന്ദ്ര നേതൃത്വം തീരുമാനമെടുക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മഞ്ചേശ്വരത്ത് വിജയസാധ്യതയുളളവരെ പരിഗണിക്കും. അവസാന നിമിഷത്തെ അടിയൊഴുക്കുകൾ കൊണ്ടാണ് മഞ്ചേശ്വരത്ത് പലപ്പോഴും വിജയിക്കാൻ സാധിക്കാതെ പോയത്. വിജയസാധ്യതയുള്ള പ്രാദേശികമായും ധാരാളം ആളുകൾ ഇന്ന് പാർട്ടിയിൽ ഉണ്ട്. അത് കൂടി പരിഗണിച്ച് സ്ഥാനാർത്ഥിയെ തീരുമാനിക്കും. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ഇത്തവണ ശക്തമായ സാന്നിധ്യമാകുമെന്നും സുരേന്ദ്രൻ വിജയ് യാത്രക്ക് മുന്നോടിയായി ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച് പ്രത്യേക അഭിമുഖത്തിൽ പ്രതികരിച്ചു.
ഇ ശ്രീധരന്റെ പാർട്ടി പ്രവേശനം പെട്ടന്നുണ്ടായതല്ല. കഴിഞ്ഞ നാല് മാസത്തോളം ശ്രീധരനുമായി പാർട്ടി പ്രവേശനത്തിൽ ചർച്ച നടന്നിരുന്നു. അതിന് ശേഷമാണ് പാർട്ടി പ്രവേശന വിഷയം മാധ്യമങ്ങളെ അറിയിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് അദ്ദേഹത്തോട് അഭ്യർത്ഥിച്ചിട്ടുണ്ട്. അദ്ദേഹവും താൽപ്പര്യം പ്രകടിപ്പിച്ചു. അദ്ദേഹത്തിന്റെ കൂടി സൌകര്യവും താൽപ്പര്യവും പരിഗണിച്ച് അത് കൂടി കണക്കിലെടുത്താകും മണ്ഡലം തീരുമാനിക്കുക.
undefined
ഇ ശ്രീധരന്റെ വരവോട് കൂടി നിരവധിപ്പേർ പാർട്ടി പ്രവേശനവുമായി ബന്ധപ്പെട്ട് ചർച്ച നടത്തുന്നുണ്ട്. ശ്രീധരൻ മുഖ്യമന്ത്രിയാകാൻ യോഗ്യനാണെന്നും കേരളത്തിൽ പാർട്ടിക്ക് പരിഗണിക്കാവുന്ന ഏറ്റവും നല്ല മുഖ്യമന്ത്രി സ്ഥാനാർത്ഥി ശ്രീധരനാണെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി തീരുമാനം യാത്രക്ക് ശേഷമേ ഉണ്ടാകൂ. ശോഭാ സുരേന്ദ്രൻ മത്സരിക്കണോ എന്നതിലും യാത്രക്ക് ശേഷം തീരുമാനമെടുക്കും. യുപിയിൽ സമാധാനം പുനസ്ഥാപിച്ചതും വികസനം കൊണ്ടുവന്നതും യോഗി ആദിത്യനാഥാണ്. ഇന്ത്യയിലെ നമ്പർ- 1 മുഖ്യമന്ത്രിയാണ് അദ്ദേഹമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.