കെ സുധാകരന്റെ ചികിത്സ; കെപിസിസി അധ്യക്ഷ സ്ഥാനത്ത് പകരക്കാരെ ആലോചിച്ചിട്ടില്ലെന്ന് എഐസിസി

By Web TeamFirst Published Dec 21, 2023, 6:49 AM IST
Highlights

കെ സുധാകരൻ അമേരിക്കയിലേക്ക് പോകുമ്പോൾ പകരം ആർക്ക് ചുമതല നൽകുമെന്ന ചർച്ചകൾ പാർട്ടി കേന്ദ്രങ്ങളിലുണ്ട്

ദില്ലി: കെപിസിസി അധ്യക്ഷ സ്ഥാനത്ത് കെ സുധാകരന് പകരം ആർക്കെങ്കിലും ചുമതല നൽകുന്നത് ആലോചിച്ചിട്ടില്ലെന്ന് എഐസിസി. കെ സുധാകരൻ ചികിത്സയ്ക്ക് യാത്ര വേണ്ടി വരുമെന്ന് അറിയിച്ചുവെന്നും യാത്ര തീരുമാനിച്ച ശേഷം മറ്റു കാര്യങ്ങൾ ആലോചിക്കുമെന്നും എഐസിസി വൃത്തങ്ങൾ വ്യക്തമാക്കി. പരിശോധനക്കും ചികിത്സയ്ക്കുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ഈ മാസം അമേരിക്കയിലേക്ക് പോകും. രണ്ടാഴ്ചയിലേറെ സംഘടനാ തിരക്കുകളില്‍ നിന്ന് മാറി നില്‍ക്കേണ്ടി വരുമെന്നാണ് അദ്ദേഹം കെപിസിസി ഭാരവാഹികളെ അറിയിച്ചത്.

ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ മാസങ്ങളായി കെ സുധാകരന്‍ കേരളത്തില്‍ ചികിത്സ തേടുന്നുണ്ട്. ഇത് പോരെന്ന രാഹുല്‍ ഗാന്ധിയുടെ ആവശ്യം കൂടി കണക്കിലെടുത്താണ് അമേരിക്കയിലേക്കുള്ള യാത്ര നിശ്ചയിച്ചത്.  ന്യൂറോ സംബന്ധമായ ചികിത്സക്കായാണ് യാത്ര. വീസ ലഭിക്കുന്ന മുറയ്ക്ക് യാത്ര തീയതി തീരുമാനിക്കും. ചികിത്സയ്ക്ക് പോകുന്നുവെന്ന അഭ്യൂഹം നിലനില്‍ക്കെ വീസയ്ക്ക് അപേക്ഷിച്ച കാര്യം ഓണ്‍ലൈനായി നടന്ന കെപിസിസി ഭാരവാഹികളുടെ യോഗത്തില്‍ കെ സുധാകരന്‍ തന്നെ വ്യക്തമാക്കിയിരുന്നു.

Latest Videos

കെ സുധാകരൻ അമേരിക്കയിലേക്ക് പോകുമ്പോൾ പകരം ആർക്ക് ചുമതല നൽകുമെന്ന ചർച്ചകൾ പാർട്ടി കേന്ദ്രങ്ങളിലുണ്ട്. എന്നാൽ  കെപിസിസി പ്രസിഡന്‍റിന്‍റെ ചുമതല തത്കാലം ആര്‍ക്കും കൈമാറേണ്ടെന്നാണ് എഐസിസി താത്പര്യം. അറ്റാച്ച്ഡ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സഹ ഭാരവാഹികള്‍ ചേര്‍ന്നാവും പാര്‍ട്ടിയെ ചലിപ്പിക്കുക. അതേസമയം ശനിയാഴ്ച നടക്കാനിരിക്കുന്ന ഡിജിപി ഓഫീസ് മാര്‍ച്ചിന് കെ സുധാകരന്‍ തന്നെ നേതൃത്വം നല്‍കും. എന്നാല്‍ ജനുവരിയില്‍ നടത്താനിരിക്കുന്ന കെപിസിസി പ്രസിഡന്‍റിന്‍റെ കേരള യാത്രയുടെ തീയതിയിൽ മാറ്റമുണ്ടായേക്കും.

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ്

click me!