'ശിക്ഷാ നടപടിയെന്ന് വിളിച്ചാൽ നാണക്കേട്', എഡിജിപിക്കെതിരായ നടപടി മുഖ്യമന്ത്രിയുടെ രക്ഷാപ്രവ‍ർത്തനം: സുധാകരൻ

By Web Team  |  First Published Oct 6, 2024, 10:30 PM IST

'എ ഡി ജി പിയെ പരമാവധി സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നടപടിയെ തങ്ങളുടെ വിജയമെന്ന് അവകാശപ്പെടുന്നത് സി പി ഐയുടെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ ഗതികേടാണ്'


തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ രക്ഷാപ്രവര്‍ത്തനമാണ് എ ഡി ജി പി എം.ആര്‍ അജിത് കുമാറിന് സ്ഥാനമാറ്റം നല്‍കിയ നടപടിയെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ക്രമസമാധാന ചുമതലയില്‍ നിന്ന് ഒഴിവാക്കി സായുധ പോലീസ് ബറ്റാലിയനിലേക്ക് നിര്‍ത്തിക്കൊണ്ടാണ് എ ഡി ജി പി അജിത് കുമാറിനോടുള്ള കരുതല്‍ മുഖ്യമന്ത്രി കാട്ടിയതെന്നും സുധാകരൻ വിമർശിച്ചു. ഇത് ശിക്ഷാനടപടിയെന്ന് വിശേഷിപ്പിക്കുന്നത് പോലും നാണക്കേടാണ്. ഒട്ടും ആത്മാര്‍ത്ഥമില്ലാത്ത നടപടിയാണ് സര്‍ക്കാരിന്റെത്. നിമയസഭ തുടങ്ങുമ്പോള്‍ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങളില്‍ നിന്ന് തടിതപ്പാനും പുകമുറ സൃഷ്ടിക്കാനും ചട്ടപ്പടി നടപടി മാത്രമാണിത്. പൂരം കലക്കിയത് ഉള്‍പ്പെടെ ഇതുവരെയുള്ള പ്രതിപക്ഷ ആരോപണം എല്ലാം പരോക്ഷമായി സമ്മതിക്കുന്നതാണ് എ ഡി ജി പിയെ ക്രമസമാധാന ചുമതലയില്‍ നിന്ന്  ഒഴിവാക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായ സാഹചര്യമെന്നും കെ സുധാകരന്‍ പറഞ്ഞു.

മുഖ്യമന്ത്രിക്ക് വേണ്ടി രാഷ്ട്രീയ ദൗത്യമേറ്റെടുത്ത് ആർ എസ് എസ് നേതാക്കളെ കണ്ട എ ഡി ജി പിയെ കൈവിടാന്‍ തയ്യാറല്ലെന്ന സന്ദേശമാണ് സര്‍ക്കാര്‍ നല്‍കുന്നത്. ആർ എസ് എസ് നേതൃത്വത്തിന്റെ പ്രീതിനിലനിര്‍ത്താനാണ് എ ഡി ജി പി അജിത് കുമാറിനെ മുഖ്യമന്ത്രി ചേര്‍ത്ത് പിടിക്കുന്നത്. എ ഡി ജി പിയെ പരമാവധി സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നടപടിയെ തങ്ങളുടെ വിജയമെന്ന് അവകാശപ്പെടുന്നത് സി പി ഐയുടെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ ഗതികേടാണ്. എ ഡി ജി പിയെ നുള്ളിനോവിക്കാതെ മുഖ്യമന്ത്രി നടത്തിയ തൊലിപ്പുറത്തെ ചികിത്സയെ വിജയമായി ആഘോഷിക്കുന്ന സി പി ഐ കേരളീയ സമൂഹത്തില്‍ കൂടുതല്‍ അപഹാസ്യമായെന്നും കെ സുധാകരന്‍ പറഞ്ഞു.

Latest Videos

undefined

നേരത്തെ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും എ ഡി ജി പി അജിത് കുമാറിനെ ക്രമസമാധാനപാലന ചുമതലയില്‍ നിന്നു മാറ്റിയത് വെറും കണ്ണില്‍ പൊടിയിടല്‍ പരിപാടിയെന്ന് അഭിപ്രായപ്പെട്ടിരുന്നു. മുന്നണിക്കകത്തു നിന്നും പ്രതിപക്ഷത്തു നിന്നും ജനങ്ങളില്‍ നിന്നും കനത്ത സമ്മര്‍ദ്ദം വന്നപ്പോള്‍ വേറെ വഴിയില്ലാതെ സ്വന്തം തടി രക്ഷിക്കാനാണ് മുഖ്യമന്ത്രി ഈ നടപടിയെടുത്തത്. അദ്ദേഹം ബറ്റാലിയന്‍ ചുമതലയില്‍ തുടരും എന്നതും പ്രത്യേകം ശ്രദ്ധേയമാണ്. ഇപ്പോള്‍ നല്‍കിയിരിക്കുന്നത് വെറുമൊരു ട്രാന്‍സ്ഫര്‍ മാത്രമാണ്. അല്ലാതെ ഇതിനെ നടപടി എന്നു പോലും  വിളിക്കാനാവില്ല. എ ഡി ജി പി - ആര്‍ എസ് എസ് നേതാക്കളെ കണ്ടത് മുഖ്യമന്ത്രിക്കു വേണ്ടിയാണ്. മുഖ്യമന്ത്രി അറിയാതെ ആഭ്യന്തര വകുപ്പില്‍ ഒന്നും നടക്കില്ല. ഞാന്‍ ആഭ്യന്തര മന്ത്രി ആയിരുന്ന ആളാണ്. അജിത് കുമാര്‍ ചെയ്ത എല്ലാ പരിപാടികളും മുഖ്യമന്ത്രിയുടെ അറിവോടു കൂടിയും മുഖ്യമന്ത്രിക്കു വേണ്ടിയുമാണ്. ഇപ്പോള്‍ ഒരു ട്രാന്‍സ്ഫര്‍ നല്‍കി മുഖ്യമന്ത്രി ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നു. ഇതൊന്നും കൊണ്ട് പ്രശ്‌നങ്ങള്‍ അവസാനിക്കുന്നില്ല. നിലവിലെ അന്വേഷണമല്ല വേണ്ടത്. സമഗ്രമായ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

തിരുവനന്തപുരത്ത് ഇങ്ങനെയൊരു കാഴ്ച ഇതാദ്യം, ലുലുമാളിലെത്തിയവർക്കെല്ലാം ആഘോഷം! അത്രമേൽ വലിയ 'കേക്ക് മിക്സിംഗ്'

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!