ശബരിമലയിൽ സര്‍ക്കാർ സംവിധാനം പരാജയം; കണ്ടില്ലന്ന് നടിച്ച് പിണറായി പൗരപ്രമുഖരോടൊപ്പം ഉണ്ണുന്ന തിരക്കിൽ: സുധാകരൻ

By Web TeamFirst Published Dec 12, 2023, 4:13 PM IST
Highlights

തിരക്ക് നിയന്ത്രിക്കാന്‍ പൊലീസിനെ വിട്ടുനല്‍കാത്ത മുഖ്യമന്ത്രി വോളന്റിയര്‍മാരായി സന്നദ്ധ സംഘടനാ പ്രവര്‍ത്തകരെയെങ്കിലും നിയോഗിക്കണം. ശബരിമലയിലെ സന്നദ്ധ പ്രവര്‍ത്തനത്തിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വിട്ടുതരാന്‍ ഒരുക്കമാണെന്നും സുധാകരന്‍ പറഞ്ഞു.

തിരുവനന്തപുരം: ശബരിമലയിൽ തീർത്ഥാടകർ മണിക്കൂറുകളോളം ക്യൂ നിന്ന് ബുദ്ധിമുട്ടുന്ന വിഷയത്തിൽ സംസ്ഥാന സ‍ർക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും രൂക്ഷമായി വിമർശിച്ച് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ രംഗത്ത്. കേരളത്തിന്‍റെ ചരിത്രത്തിലാദ്യമായി ശബരിമല തീര്‍ത്ഥാടകര്‍ മലകയറി അയ്യപ്പ ദര്‍ശനം ലഭിക്കാതെ നിരാശയോടെ മടങ്ങിപ്പോകുകയും ഗവര്‍ണര്‍ കാറില്‍നിന്നിറങ്ങി സ്വയരക്ഷ തേടുകയും ചെയ്യുന്ന അതീവ ഗുരുതരമായ അവസ്ഥയിലേക്ക് കേരളത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ തള്ളിവിട്ടെന്നാണ് കെ സുധാകരന്‍ അഭിപ്രായപ്പെട്ടത്. ഇതൊന്നും കണ്ടില്ലെന്നു നടിച്ച് പിണറായി വിജയന്‍ പൗരപ്രമുഖരോടൊപ്പം ഉണ്ണുന്ന തിരക്കിലാണെന്നും സുധാകരൻ വിമർശിച്ചു.

ശബരിമലയിലെ തിരക്ക്, ഇടപെട്ട് ഹൈക്കോടതി; തീർത്ഥാടകർക്ക് എല്ലാ സഹായങ്ങളും നൽകണമെന്ന് നിര്‍ദ്ദേശം

Latest Videos

സുധാകരന്‍റെ വാക്കുകൾ

ശബരിമലയില്‍ മതിയായ ക്രമീകരണങ്ങളില്ലാത്തതിനെ തുടര്‍ന്ന് പെണ്‍കുട്ടി മരിക്കുകയും അയ്യപ്പഭക്തര്‍ 18 - 20 മണിക്കൂര്‍ കാത്തുനില്ക്കുകയുമാണ്. മനംമടുത്ത് അനേകം ഭക്തര്‍ അയ്യപ്പ ദര്‍ശനം ലഭിക്കാതെ കൂട്ടത്തോടെ തിരികെപ്പോകുന്നത് ആദ്യമായിട്ടാണ്. തുടര്‍ച്ചയായ അഞ്ചാം ദിവസമാണിത് സംഭവിക്കുന്നത്. പ്രതിദിനം ലക്ഷത്തിലധികം ഭക്തരെത്തുന്ന ശബരിമലയില്‍ തിരക്ക് നിയന്ത്രിക്കാനും സുരക്ഷയ്ക്കും മറ്റുമായി ആവശ്യത്തിന് പൊലീസുകാരില്ല. 41 ദിവസം വ്രതം എടുത്ത് അയ്യപ്പനെ കാണാനെത്തുന്ന ഭക്തന്‍റെ സുരക്ഷയ്ക്കും മറ്റും വെറും 615 പൊലീസുകാരെ മാത്രം വിന്യസിക്കുകയും  ഭീക്ഷണിപ്പെടുത്തിയും കൂലിക്ക് ആളെ ഇറക്കിയും സംഘടിപ്പിക്കുന്ന എല്‍ ഡി എഫിന്റെ തിരഞ്ഞെടുപ്പ് മാമാങ്കമായ നവകേരള സദസിലെ പിണറായി ദര്‍ശനത്തിന് സുരക്ഷയൊരുക്കാന്‍ 2250 പൊലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്. ഭക്തരുടെ  തിരക്ക് നിയന്ത്രിക്കാനോ, സൗകര്യം ഏര്‍പ്പെടുത്താനോ സര്‍ക്കാര്‍ തയാറാകുന്നില്ല. അന്യസംസ്ഥാന അയപ്പഭക്തര്‍ സര്‍ക്കാരിനും മുഖ്യമന്ത്രിക്കും എതിരെ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കേണ്ട സാഹചര്യം ഉണ്ടായത് കേരളത്തിന് തന്നെ അപമാനമാണ്.

18 - 20 മണിക്കൂറുകളോളം ക്യൂവില്‍ നിന്ന് അയപ്പഭക്തര്‍ തളരുകയാണ്. മന്ത്രിതലത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാത്തതിന്റെ പ്രശ്‌നങ്ങള്‍ പ്രകടമാണ്. ക്യൂവില്‍ നില്‍ക്കുന്ന ഭക്തര്‍ക്ക് ചുക്കുവെള്ളവും ബിസ്‌ക്കറ്റും നല്‍കണമെന്ന് കോടതി ഉത്തരവ് പോലും പാലിക്കപ്പെടുന്നില്ല. വെള്ളം കിട്ടാതെ ഭക്തര്‍ ക്യൂവില്‍ കുഴഞ്ഞ് വീഴുകയാണ്. തിരക്ക് നിയന്ത്രിക്കാന്‍ പൊലീസിനെ വിട്ടുനല്‍കാത്ത മുഖ്യമന്ത്രി വോളന്റിയര്‍മാരായി സന്നദ്ധ സംഘടനാ പ്രവര്‍ത്തകരെയെങ്കിലും നിയോഗിക്കണം. ശബരിമലയിലെ സന്നദ്ധ പ്രവര്‍ത്തനത്തിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വിട്ടുതരാന്‍ ഒരുക്കമാണെന്നും സുധാകരന്‍ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!