വാങ്ങാൻ ആളും സാധനങ്ങളും ഇല്ല; കെ-സ്റ്റോർ നടത്തിപ്പ് ബാധ്യതയായി, വാടക കൊടുക്കാൻ പോലും വരുമാനമില്ല

By Web Team  |  First Published Aug 5, 2023, 10:00 AM IST

നിത്യോപയോഗ സാധനങ്ങള്‍ ഭൂരിഭാഗവും ഇതു വരെ കെ സ്റ്റോറുകളില്‍ എത്തിയിട്ടില്ല. സാധനങ്ങള്‍ ഇല്ലാത്തതിനാല്‍ കച്ചവടമില്ലാതെ കെട്ടിട വാടക പോലും നല്‍കാന്‍ കഴിയാത്ത അവസ്ഥയിലാണ് പല കെ സ്റ്റോര്‍ ഉടമകളും


തിരുവനന്തപുരം: സപ്ലൈകോയുടെ കീഴിലുള്ള ഔട്ട്‍ലെറ്റുകൾക്ക് പുറമേ കെ സ്റ്റോറുകളിലും നിത്യോപയോഗ സാധനങ്ങള്‍ കിട്ടാനില്ല. റേഷന്‍ കടകള്‍ വൈവിധ്യവത്കരിച്ച് നടപ്പാക്കിയ കെ-സ്റ്റോറുകള്‍ മിക്കയിടങ്ങളിലും പേരിനു മാത്രമായി മാറി. വരുമാനമില്ലാതെയായതോടെ നടത്തിപ്പുകാർക്ക് തന്നെ സ്ഥാപനങ്ങൾ ബാധ്യതയായി മാറുകയാണ്.

റേഷന്‍ കടകളോടനുബന്ധിച്ച് കൂടുതല്‍ അവശ്യ സാധനങ്ങളും സേവനവും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് രണ്ട് മാസം മുമ്പ് കെ സ്റ്റോറുകള്‍ക്ക് സര്‍ക്കാര്‍ തുടക്കം കുറിച്ചത്. ആദ്യഘട്ടത്തില്‍ 108 കെ സ്റ്റോറുകള്‍ തുടങ്ങി. സപ്ലൈകോ ഉല്‍പ്പന്നങ്ങള്‍ക്കു പുറമേ ശബരി, മില്‍മ ഉല്‍പ്പന്നങ്ങള്‍, 10000 രൂപ വരെയുള്ള മിനി ബാങ്കിംഗ് സംവിധാനം, മിതമായ നിരക്കില്‍ അഞ്ച് കിലോ ഗ്രാം തൂക്കമുള്ള ഗ്യാസ് കണക്ഷന്‍ എന്നിവ കെ-സ്റ്റോറിലൂടെ ലഭ്യമാക്കുമെന്നായിരുന്നു പ്രഖ്യാപനം. 

Latest Videos

എന്നാല്‍ നിത്യോപയോഗ സാധനങ്ങള്‍ ഭൂരിഭാഗവും ഇതു വരെ കെ സ്റ്റോറുകളില്‍ എത്തിയിട്ടില്ല. സാധനങ്ങള്‍ ഇല്ലാത്തതിനാല്‍ കച്ചവടമില്ലാതെ കെട്ടിട വാടക പോലും നല്‍കാന്‍ കഴിയാത്ത അവസ്ഥയിലാണ് പല കെ സ്റ്റോര്‍ ഉടമകളും. റേഷന്‍ കട വഴി വിതരണം ചെയ്യാത്ത എല്ലാ ഉല്‍പ്പന്നങ്ങളും കെ-സ്റ്റോര്‍ വഴി വിതരണം ചെയ്യണമെന്നാണ് ഉടമകള്‍ ആവശ്യപ്പെടുന്നത്. നേരത്തെ പ്രഖ്യാപിച്ചിരുന്ന കുടുംബശ്രീ ഉല്‍പ്പന്നങ്ങളും ചെറുകിട സംരംഭകരുടെ ഉല്‍പ്പന്നങ്ങളും ലഭ്യമാക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. രണ്ടാഴ്ചക്കുള്ളില്‍ കൂടുതല്‍ നിത്യോപയോഗ സാധനങ്ങള്‍ കെ സ്റ്റോറുകളില്‍ ലഭ്യമാക്കുമെന്നാണ് സിവില്‍ സപ്ലൈസ് അധികൃതർ പറയുന്നത്.

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!