Latest Videos

ബ്രഹ്മപുരം തീപിടിത്തവും കൊച്ചിയിലെ വിഷപ്പുകയും: 'ഇടപെടണം'; ചീഫ് ജസ്റ്റിസിന് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കത്ത്

By Web TeamFirst Published Mar 6, 2023, 4:27 PM IST
Highlights

കഴിഞ്ഞ അഞ്ച് ദിവസമായി ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ അണക്കാനായിട്ടില്ലെന്നും വിഷപ്പുക വ്യാപിക്കുന്നത് വലിയ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്നും പരിഹരിക്കുന്നതിനായി കോടതിയുടെ ഇടപെടൽ വേണമെന്നുമാണ് ആവശ്യം.  
 

കൊച്ചി : ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തവും തുട‍ര്‍ന്ന് കൊച്ചിയിൽ മാലിന്യപ്പുക വ്യാപിച്ചതുമായി ബന്ധപ്പെട്ട സംഭവത്തിൽ ഇടപെടലാവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്ത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ചീഫ് ജസ്റ്റിസിന് കത്തയച്ചത്. കഴിഞ്ഞ അഞ്ച് ദിവസമായി ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ അണക്കാനായിട്ടില്ലെന്നും വിഷപ്പുക വ്യാപിക്കുന്നത് വലിയ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്നും പരിഹരിക്കുന്നതിനായി കോടതിയുടെ ഇടപെടൽ വേണമെന്നുമാണ് ആവശ്യം.  

ബ്രഹ്മപുരത്തെ തീ അഞ്ചാം ദിവസം പൂർണ്ണമായി കെടുത്താനായിട്ടില്ല. പ്ലാസ്റ്റിക് മാലിന്യം പുകഞ്ഞ് കത്തുന്നതാണ് പ്രതിസന്ധിയാണെന്നാണ് അഗ്നിരക്ഷാ സേന ആവർത്തിക്കുന്നത്. നിക്ഷേപിക്കാൻ പകരം സ്ഥലം കണ്ടെത്താത്തതിനാൽ നഗരത്തിലെ മാലിന്യ നീക്കം പ്രതിസന്ധിയിലാണ്. 27 അധികം ഫയർ യൂണിറ്റുകൾ അഞ് ദിവസമായി ദൗത്യം തുടരുമ്പോഴും 80 ശതമാനം തീയാണ് അണക്കാനായത്. ഇന്ന് കൊണ്ടും പൂർണ്ണായി തീ അണക്കാനാകില്ലെന്നാണ് ഫയർ ഫോഴ്സ് അറിയിക്കുന്നത്. കൂടുതൽ ഹിറ്റാച്ചികളെത്തിച്ച് അടി ഭാഗത്ത് ഉള്ള പ്ലാസ്റ്റിക് മാലിന്യം ഇളക്കിമറിച്ച് വെള്ളം തളിക്കാനാണ് ലക്ഷ്യം. എങ്കിൽ മാത്രമെ നിലവിലെ പ്രതിസന്ധിക്ക് പരിഹാരമാകൂ.

ബ്രഹ്മപുരത്തെ തീപിടുത്തം മനഃപൂര്‍വ്വം ഉണ്ടാക്കിയതെന്ന് സതീശന്‍; ഇന്നത്തോടെ തീ അണയ്ക്കുമെന്ന് മന്ത്രി

പുകഞ്ഞ് കത്തുന്ന പുക ഇന്നും നഗരത്തിന്‍റെ പല ഭാഗങ്ങളിലുമെത്തി. പാലാരിവട്ടം,കലൂർ വൈറ്റിലയും പിന്നിട്ട് ബ്രഹ്മപുരത്ത് നിന്ന് 20 കിലോമീറ്റർ ദൂരെയുള്ള അരൂർ ഭാഗത്തേക്കും പുക വ്യാപിച്ചു. വെയിൽ കനക്കും വരെ മൂടലായി പുകയും അന്തരീക്ഷത്തിൽ തങ്ങി നിന്നു. കോർപ്പറേഷൻ, നഗരത്തിലെ മാലിന്യ ശേഖരണം തുടങ്ങിയെങ്കിലും ഇത് എവിടെ നിക്ഷേപിക്കുമെന്നതിൽ ഇപ്പോഴും അവ്യക്തതയാണ്. മാലിന്യം താൽകാലികമായി നിക്ഷേപിക്കാൻ കോർപ്പറേഷൻ ചില സ്ഥലങ്ങൾ കണ്ടെത്തി ജില്ല ഭരണകൂടത്തെ അറിയിച്ചെങ്കിലും ഇതിൽ അന്തിമ തീരുമാനം ആയിട്ടില്ല. തീ പൂർണ്ണമായി അണച്ച ശേഷം മാത്രമാകും താത്കാലിക കേന്ദ്രത്തിൽ നിന്ന് മാലിന്യം ബ്രഹ്മപുരത്തേക്ക് മാറ്റുക. 

click me!