'കേരളം മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃക'; പ്രശംസിച്ച് ജാര്‍ഖണ്ഡ് മന്ത്രി

By Web Team  |  First Published May 22, 2023, 4:10 PM IST

''കേരളത്തിലെ നല്ല മാതൃകകള്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്ത ശേഷം അവിടെ നടപ്പിലാക്കാന്‍ ശ്രമിക്കും.''


തിരുവനന്തപുരം: കേരളം രാജ്യത്തെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്ന് ജാര്‍ഖണ്ഡ് കൃഷി വകുപ്പ് മന്ത്രി ബാദല്‍ പത്രലേഖ്. കനകക്കുന്നില്‍ നടക്കുന്ന 'എന്റെ കേരളം' മെഗാ പ്രദര്‍ശന വിപണന മേള സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി. കേരളത്തിലെ കാര്‍ഷിക - മൃഗസംരക്ഷണ രംഗത്തെ നേട്ടങ്ങള്‍ പഠിക്കാനെത്തിയതാണ് മന്ത്രിയും സംഘവും.

''കേരളം വിവിധ മേഖലകളില്‍ കൈവരിച്ച നേട്ടങ്ങള്‍ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളും മാതൃകയാക്കേണ്ടതാണ്. കേരളത്തിലെ നല്ല മാതൃകകള്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്ത ശേഷം അവിടെ നടപ്പിലാക്കാന്‍ ശ്രമിക്കും. ഇന്ത്യയിലെ മികച്ച സംസ്ഥാനങ്ങളിലൊന്നായി കേരളം മാറിയതെങ്ങനെയെന്ന് മനസിലാക്കാന്‍ കൂടിയായിരുന്നു ഈ യാത്ര. മലയാളിയായ ഐ.എ.എസ് ഉദ്യോഗസ്ഥനും ജാര്‍ഖണ്ഡിലെ കൃഷി വകുപ്പ് സെക്രട്ടറിയുമായ പി. അബൂബക്കര്‍ സിദ്ദീഖ് പല കാര്യങ്ങളിലും കേരള മാതൃക പിന്തുടരണമെന്ന് എനിക്ക് ഉപദേശം തരാറുണ്ട്. അദ്ദേഹത്തില്‍ നിന്നും മാധ്യമങ്ങളിലൂടെയും കേരളത്തെക്കുറിച്ച് കേട്ട നല്ല വാര്‍ത്തകളെല്ലാം ശരിയാണെന്ന് സന്ദര്‍ശനത്തിലൂടെ ബോധ്യപ്പെട്ടു. മികച്ച രീതിയിലാണ് കേരളത്തിലെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. മലനിരകളും കായലുകളും പച്ചപ്പും നിറഞ്ഞ കേരളത്തിലെ ഭൂപ്രകൃതി മികച്ചതാണ്. എല്ലാവരും കേരളം സന്ദര്‍ശിക്കണം.'' കേരളവും കേരള വികസന മാതൃകയും കണ്ടില്ലെങ്കില്‍ നിങ്ങള്‍ പിന്നെയെന്താണ് ജീവിതത്തില്‍ കണ്ടതെന്നും മന്ത്രി പറഞ്ഞു. 

Latest Videos

മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായാണ് മന്ത്രിയും സംഘവും തലസ്ഥാനത്തെത്തിയത്. ഇന്ന് റാഞ്ചിയിലേക്ക് മടങ്ങുന്നതിന്റെ മുന്‍പായാണ് സംഘവും എന്റെ കേരളം മെഗാ മേളയിലെത്തിയത്. മേളയുടെ സംഘാടനം മികച്ചതാണെന്ന് അഭിപ്രായപ്പെട്ട മന്ത്രി കൃഷി, സഹകരണം, മൃഗസംരക്ഷണം വകുപ്പുകളുടെ സ്റ്റാളുകള്‍ക്ക് പുറമെ വിവിധ പ്രദര്‍ശന, വിപണന, സേവന സ്റ്റാളുകളിലും സന്ദര്‍ശനം നടത്തി.
 

വന്യജീവി ആക്രമണമുണ്ടായാൽ ഈ ടോൾ ഫ്രീ നമ്പരിലേക്ക് വിളിക്കാം, സഹായം ഉറപ്പ് 
 

tags
click me!