രണ്ടാഴ്ച മുമ്പ് നടന്ന നിഖിലിൻ്റെയും അനുവിൻ്റെയും വിവാഹത്തിൽ താനും പങ്കെടുത്തിരുന്നുവെന്നും അപകടകാരണം പരിശോധിക്കുമെന്നും എംഎൽഎ
മല്ലപ്പള്ളി: പത്തനംതിട്ടയിലുണ്ടായ വാഹനാപകടത്തിൽ നാല് പേർ കൊല്ലപ്പെട്ട സംഭവത്തിൽ സഹിക്കാൻ കഴിയുന്നതിലും അപ്പുറമാണ് വേദനയെന്ന് കെ യു ജനീഷ് കുമാർ എംഎൽഎ. രണ്ടാഴ്ച മുമ്പ് നടന്ന നിഖിലിൻ്റെയും അനുവിൻ്റെയും വിവാഹത്തിൽ താനും പങ്കെടുത്തിരുന്നു. അപകട കാരണം പരിശോധിക്കും. റോഡിന്റെ നിർമ്മാണം പൂർത്തിയായി വരുന്നതേ ഉള്ളൂ. ടാറിംഗ് കഴിഞ്ഞത് മുതൽ എല്ലാ വാഹനങ്ങളും ഇത് വഴിയാണ് വരുന്നത്. മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചു വരുന്നതേ ഉള്ളൂവെന്നും റോഡ് നല്ല നിലയിൽ കിടക്കുന്നത് കൊണ്ടുതന്നെ വാഹനങ്ങൾ അമിത വേഗതയെടുക്കാറുണ്ടെന്നാണ് നാട്ടുകാർ പറയുന്നുന്നതെന്നുമാണ് കെ.യു.ജനീഷ് കുമാർ എംഎൽഎ പ്രതികരിക്കുന്നത്.
വാഹനം അമിത വേഗതയിൽ ആയിരുന്നെന്നും കാറിലുള്ളവർ ഉറങ്ങിപ്പോകാനുള്ള സാധ്യതയാണ് അപകടത്തിന് കാരണമായതായാണ് പൊലീസ് പറയുന്നതെന്നും എഎൽഎ പ്രതികരിച്ചു. പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാതയിൽ സ്ഥിരം അപകട മേഖലയിൽ മുറിഞ്ഞകല്ല് ജംഗ്ഷന് സമീപത്തുള്ള ഗുരുമന്ദിരത്തിന് മുന്നിൽ വച്ചുണ്ടായ അപകടത്തിൽ നവ ദമ്പതികൾ അടക്കം 4 പേരാണ് മരിച്ചത്. മല്ലശ്ശേരി സ്വദേശികളായ മത്തായി ഈപ്പൻ, അനു, നിഖില്‍, ബിജു പി ജോര്‍ജ് എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന കാർ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസിലേക്ക് ഇടിച്ച് കയറുകയായിരുന്നു.
അനു ഒഴികെ ബാക്കിയുള്ളവര്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. അനുവിനെ നാട്ടുകാര്‍ കോന്നി താലൂക്ക് ആശുപത്രിയിലെത്തിച്ചിരുന്നു. ആശുപത്രിയില്‍ വെച്ചാണ് അനുവിന്‍റെ മരണം സ്ഥിരീകരിച്ചത്. ആന്ധ്രാ സ്വദേശികളായ തീർത്ഥാടകരുടെ ബസുമായാണ് കാർ കൂട്ടിയിടിച്ചത്. അപകടത്തിൽ മല്ലശ്ശേരി സ്വദേശികൾ സഞ്ചരിച്ച മാരുതി സ്വിഫ്റ്റ് കാർ പൂർണ്ണമായും തകർന്നു. കാർ വെട്ടിപ്പൊളിച്ചാണ് കാർ യാത്രക്കാരെ പുറത്തെടുത്തത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം