പത്തനംതിട്ട എൽഡിഎഫിൽ പൊട്ടിത്തെറി,മുന്നണി ധാരണ അട്ടിമറിക്കുന്നുവെന്ന് സിപിഐ,അതൃപ്തി പരസ്യമാക്കി പ്രതിഷേധം

By Web TeamFirst Published Feb 9, 2024, 8:36 AM IST
Highlights

കാലാവധി കഴിഞ്ഞിട്ടും ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്‍റ്  പദവി സിപിഎം ഒഴിയുന്നില്ല.എൽഡിഎഫ് റാലിയിൽ വേദി പങ്കിടാതെ സിപിഐ പ്രതിഷേധം

പത്തനംതിട്ട:മുന്നണി ധാരണ പ്രകാരമുള്ള കാലാവധി കഴിഞ്ഞിട്ടും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം സിപിഎമ്മിൽ നിന്ന് ഏറ്റെടുക്കാത്തതിൽ പത്തനംതിട്ട സിപിഐയിൽ കലഹം രൂക്ഷമാകുന്നു. എൽഡിഎഫ് പരിപാടികളിൽ ഇനി സിപിഎമ്മുമായി സഹകരിക്കേണ്ടെന്ന കടുത്ത നിലപാട് പോലും ജില്ലാ കൗൺസിൽ യോഗത്തിൽ ഉയർന്നു. അതേസമയം സിപിഐയിലെ ആഭ്യന്തര പ്രശ്നങ്ങളാണ് സിപിഎം മുതലെടുക്കുന്നത്.

ഇടതുമുന്നണിയിലെ ധാരണ പ്രകാരം ഡിസംബർ 22 ന് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പദവി സിപിഎം ഒഴിയേണ്ടതായിരുന്നു. പിന്നീടുള്ള ഒരു വർഷം സിപിഐക്കാണ് അവസരം. പക്ഷെ സിപിഎം നേതാവ് ഓമല്ലൂർ ശങ്കരൻ പ്രസിഡന്‍റായി തുടരുന്നു, സിപിഐ ജില്ലാ നേതൃത്വം വെറും കാഴ്ചക്കാരും. പലവട്ടം ചർച്ച നടത്തിയിട്ടും സിപിഎം പദവി വിട്ടുകൊടുക്കുന്നില്ല. ഇന്നലെ ചേർന്ന സിപിഐ ജില്ലാ കൗൺസിൽ യോഗത്തിൽ രൂക്ഷവിമർശനമാണ് ഇക്കാര്യത്തിൽ ഉയർന്നത്. ഇനി എൽഡിഎഫ് പരിപാടികളിൽ സിപിഎമ്മുമായി സഹരിക്കരുതെന്ന നിലപാട് പോലും മുതിർന്ന നേതാക്കളെടുത്തു. എൽഡിഎഫ് റാലിയിൽ സിപിഐ ഒറ്റയ്ക്ക് പങ്കെടുത്തു .സിപിഎം നേതാക്കളുമായി വേദി പങ്കിട്ടില്ല .വേദിയിൽ ഇരിക്കാതെ സദസ്സിൽ ഇരുന്നു സിപിഐ നേതാക്കള്‍ പ്രതിഷേധം പരസ്യമാക്കി .രണ്ട് ദിവസത്തിനകം സിപിഎമ്മുമായി സംസാരിച്ച് തീരുമാനമാക്കുമെന്ന സിപിഐ ജില്ലാ സെക്രട്ടറി സി.കെ. ശശിധരന്‍റെ ഉറപ്പിലാണ് തർക്കങ്ങൾ തൽക്കാലത്തേക്ക് ഒതുങ്ങിയത്.

Latest Videos

അതേസമയം,  സിപിഐയിലെ ആഭ്യന്തര പ്രശ്നങ്ങൾ മുതലെടുത്താണ് സിപിഎം പദവി വിട്ടുകൊടുക്കാത്തത്. സിപിഐക്ക് പ്രസിഡന്‍റ് സ്ഥാനം കിട്ടിയിയാൽ ശ്രീനാദേവി കുഞ്ഞമ്മ അധ്യക്ഷയാകും. ഇത് തടയാൻ,  നടപടി നേരിട്ട് പുറത്തുപോയ മുൻ ജില്ലാ സെക്രട്ടറി എ.പി. ജയൻ സിപിഎം നേതാക്കളുമായി ചേർന്ന് കരുക്കൾ നീക്കുവെന്നാണ് സിപിഐയിലെ ഒരു വിഭാഗം പറയുന്നത്. അടൂർ നഗരസഭയിൽ അടക്കം ജില്ലയിലെ മറ്റ് ചില തദ്ദേശസ്ഥാപനങ്ങളിലും സിപിഎം ഇതേപോലെ മുന്നണി ധാരണ അട്ടിമറിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പ് കൂടി അടുത്തിരിക്കെയാണ് ജില്ലയിലെ സിപിഎം സിപിഐ കലഹം രൂക്ഷമാകുന്നത്.

click me!