'എന്നെ ഓർത്ത് അഭിമാനിക്കണം, ശത്രുക്കളെ തുരത്തി തിരികെ വരും'; കാര്‍ഗിൽ സ്മരണയിൽ ക്യാപ്റ്റൻ ജെറിയെ ഓർത്ത് നാട്

By Web TeamFirst Published Jul 26, 2024, 9:57 AM IST
Highlights

കാർഗിലിലെ ടൈഗർ മലനിരകളിൽ നിന്നും ശത്രുക്കളെ തുരത്തുന്നതിനിടെ വെടിയേറ്റാണ് ക്യാപ്റ്റൻ ജെറി പ്രേം രാജ് വീരമൃത്യു വരിച്ചത്.

കാർഗിൽ യുദ്ധ വിജയത്തിൻ്റെ 25 ആം വാർഷിക ദിനം രാജ്യം ആചരിക്കുമ്പോള്‍ മലയാളിയായ ക്യാപ്റ്റൻ ജെറിയെ ഓര്‍ത്തെടുക്കുകയാണ് നാട്. ധീരതയുടെ പര്യായമായിരുന്നു ക്യാപ്റ്റൻ ജെറി പ്രേംരാജ്. കാർഗിലിലെ ടൈഗർ മലനിരകളിൽ നിന്നും ശത്രുക്കളെ തുരത്തുന്നതിനിടെ വെടിയേറ്റാണ് ക്യാപ്റ്റൻ ജെറി പ്രേം രാജ് വീരമൃത്യു വരിച്ചത്. വെടിയുണ്ട ശരീരത്തിൽ തുളച്ചു കയറിയ ശേഷവും ഒപ്പമുണ്ടായിരുന്നവരെ രക്ഷിച്ച ക്യാപ്റ്റൻ വീണ്ടും ശത്രുക്കളെ നേരിടുന്നതിനിടെയാണ് തുടർച്ചയായി വെടിയേറ്റത്. ധീരതക്കുള്ള വീർ ചക്ര നൽകിയാണ് യുവ ഓഫീസറെ രാജ്യം ആദരിച്ചത്.

കാർഗിൽ നിന്ന് ജൂലൈ 5 നാണ് ജെറി പ്രേംരാജ് കത്ത് എത്തുന്നത്. അമ്മയും അച്ഛനും എന്നെ കുറിച്ച് അഭിമാനിക്കണം, വിഷമിക്കരുത്. നമ്മള്‍ ശത്രുക്കളെ നേരിടുകയാണ്. പ്രാർത്ഥിക്കണം എന്നായിരുന്നു ജെറി പ്രേംരാജ് അവസാനമെഴുതിയ കത്തിൽ പറഞ്ഞത്. മകനും രാജ്യത്തിനുവേണ്ടി അമ്മ പ്രാർത്ഥിച്ചു. പക്ഷെ, രാജ്യത്തെ രക്ഷിക്കാൻ മകൻ ജീവൻ നൽകി. 27-ാം വയസ്സിലായിരുന്നു ക്യാപ്റ്റൻ ജെറി പ്രേം രാജിന്‍റെ വീരമൃത്യു. കാർഗിൽ മലനിരകളിൽ ശത്രുകള്‍ കീഴടക്കിയിരുന്ന ട്വിൻ ബംസ്.4875 കുന്നുകള്‍ തിരിച്ച് പിടിക്കാനുള്ള മുന്നേറ്റത്തിനിടെയാണ് വെടിയേറ്റത്. 1997 ജൂലൈ പുലർച്ചെയാണ് ഫോർവേഡ് ഒബ് സർവേഷൻ ഓഫീസറായിരുന്ന ജെറി പ്രേം രാജിന് വെടിയേറ്റത്. വെടിയേറ്റിട്ടും ശത്രുക്കളെ നേരിട്ട അചഞ്ചലമായ ധൈര്യത്തിന് രാജ്യം വീർ ചക്ര നൽകി ആദരിച്ചു.

Latest Videos

കരസേന ഓഫീസറെന്നാൽ രാജാവെന്നായിരുന്നു കുഞ്ഞു ജെറി പ്രേം രാജ് പറഞ്ഞിരുന്നത്. സൈനിക സേവനമല്ലാതെ മറ്റൊന്നും മനസിലുണ്ടായിരുന്നില്ല. ഡിഗ്രി ഒന്നാം വർഷ പഠിക്കുമ്പോള്‍ സ്വന്തം ഇഷ്ടപ്രകാരം അപേക്ഷ നൽകിയ പരീക്ഷയെഴുതി ജെറി പ്രേം രാജ് വ്യോമസേനയിൽ എയർമാനായി. ആറ് വ‍ഷത്തെ സർവ്വീസിനിടെ ഡിഗ്രി കരസ്ഥമാക്കി, കമ്പൈൻഡ് ഡിഫൻസ് സർവ്വീസ് എഴുതി കരസേനയിൽ ഓഫീസറായി. 1997ൽ മീററ്റിലെ മീഡിയം റെജിമെൻ്റിൽ ചേർന്നു. 1999 ഏപ്രിലിൽ വിവാഹത്തിനായി നാട്ടിലെത്തി. രണ്ട് മാസത്തെ അവധിക്കുശേഷം ഭാര്യയുമായി ജോലി സ്ഥലത്തേക്ക് പോകാൻ ടിക്കറ്റ് ബുക്ക് ചെയ്തു. ഇതിനിടെയാണ് കാർഗിലിൽ യുദ്ധം തുടങ്ങിയത്. ഭാര്യയുമൊത്ത് ഊട്ടിയിലേക്കുള്ള യാത്രക്കിടെയാണ് യുദ്ധ ഭൂമിയിലേക്ക് തിരികെ ചെല്ലാനൻ വിളിയെത്തുന്നത്. യാത്ര പകുതി വഴി ഉപേക്ഷിച്ച ജെറി പ്രേം രാജ് മടങ്ങുകയായിരുന്നു. യുദ്ധ ഭൂമിയിൽ നിന്നുമെത്തിച്ച മകൻെറ മുഖംപോലും കാണാൻ അമ്മക്കും അച്ഛൻ രത്നരാജനും കഴിഞ്ഞില്ല. ജെറി പ്രേം രാജിന്‍റെ അച്ഛനും മരിച്ചു. ധീരനായ മകന്‍റെ ഓർമ്മകളിൽ അമ്മ ഇന്നും ജീവിക്കുന്നു.

click me!