പാചകവാതകത്തിന്റെയും പെട്രോളിന്റെയും വില കുറയ്ക്കുന്നതിലും 15 ലക്ഷം അക്കൗണ്ടിൽ നൽകുന്നതിലും കർഷകന്റെ വരുമാനം ഇരട്ടിയാക്കുന്നതിലും തൊഴിലില്ലായ്മ ഇല്ലാതാക്കുന്നതും സംബന്ധിച്ച ഗ്യാരണ്ടികളൊന്നും പത്ത് വർഷം കേന്ദ്രം ഭരിച്ച ബി.ജെ.പി സർക്കാർ നടപ്പാക്കിയില്ല
കോട്ടയം: കേന്ദ്ര- സംസ്ഥാന സർക്കാരുകൾ നിങ്ങളോട് ചെയ്ത കാര്യങ്ങളെ കുറിച്ച് ഓർമ്മകൾ ഉണ്ടായിരിക്കണമെന്നാണ് പോളിംഗ് ബൂത്തിലേക്കെത്തുന്ന വോട്ടർമാരോട് അഭ്യർത്ഥിക്കാനുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പാചകവാതകത്തിന്റെയും പെട്രോളിന്റെയും വില കുറയ്ക്കുന്നതിലും 15 ലക്ഷം അക്കൗണ്ടിൽ നൽകുന്നതിലും കർഷകന്റെ വരുമാനം ഇരട്ടിയാക്കുന്നതിലും തൊഴിലില്ലായ്മ ഇല്ലാതാക്കുന്നതും സംബന്ധിച്ച ഗ്യാരണ്ടികളൊന്നും പത്ത് വർഷം കേന്ദ്രം ഭരിച്ച ബി.ജെ.പി സർക്കാർ നടപ്പാക്കിയില്ല. മോദിയുടെ ഗ്യാരണ്ടിയെന്ന വാക്കിന് ചാക്കിന്റെ വില പോലുമില്ല. അതുകൊണ്ടാണ് ഭരണനേട്ടം പറയാതെ വിദ്വേഷ പ്രചരണം മാത്രം നടത്തുന്നത്.
സമ്പത്തിന്റെ നീതിപൂർവകമായ വിതരണത്തെ കുറിച്ചാണ് ഡോ. മൻമോഹൻ സിംഗ് സംസാരിച്ചത്. രാജ്യത്തിന്റെ ദേശീയ സാമ്പത്തിക പുരോഗതി പത്ത് ശതമാനത്തിന് മുകളിലാക്കിയപ്പോൾ ഖജനാവിലെത്തിയ വരുമാനം കോർപറേറ്റുകൾക്ക് നൽകുകയല്ല മൻമോഹൻ സിംഗ് സർക്കാർ ചെയ്തത്. ആ പണം ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് വിനിയോഗിച്ച് ഗ്രാമങ്ങളിലെ പാവപ്പെട്ടവന്റെ വീടുകളിൽ തീ പുകച്ചു. ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യവും വിദ്യാഭ്യാസ അവകാശ നിയമവുമുണ്ടാക്കി. സമ്പത്തിന്റെ നീതിപൂർവകമായ വിനിയോഗത്തിൽ പട്ടികജാതി പട്ടിക വർഗങ്ങൾക്കും ന്യൂനപക്ഷങ്ങൾക്കും സ്ത്രീകൾക്കും കുട്ടികൾക്കും മുൻഗണന നൽകി. ഇതിനെയാണ് മോദി ദുർവ്യാഖ്യാനം ചെയ്ത് വിദ്വേഷ പ്രചരണമാക്കി മാറ്റിയിരിക്കുന്നത്.
പൗരത്വ നിയമത്തെ കുറിച്ചും രാഹുൽ ഗാന്ധിക്കും കോൺഗ്രസിനും എതിരെയുമാണ് മുഖ്യമന്ത്രി പിണറായി വിജയൻ 37 ദിവസവും പ്രചരണം നടത്തിയത്. അതിനൊക്കെ യു.ഡി.എഫ് ചുട്ട മറുപടി നൽകിയിട്ടുണ്ട്. പച്ചക്കള്ളവും നട്ടാൽക്കുരുക്കാത്ത നുണയുമാണ് മുഖ്യമന്ത്രി എല്ലാ ദിവസവും പറഞ്ഞത്. പൗരത്വ നിയമത്തിനെതിരെ കോൺഗ്രസ് എം.പിമാർ സംസാരിച്ചില്ലെന്ന നുണയാണ് ആദ്യം പറഞ്ഞത്. ഇതിന് മറുപടിയായി ശശി തരൂരിന്റെയും എൻ.കെ പ്രേമചന്ദ്രന്റെയും ഇ.ടി മുഹമ്മദ് ബഷീറിന്റെയും പ്രസംഗങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അയച്ചു കൊടുത്തു. പിന്നീട് രാഹുൽ ഗാന്ധി വിദേശത്തായിരുന്നെന്നും പൗരത്വ നിയമത്തിനെതിരെ കോൺഗ്രസ് എം.പിമാർ വോട്ട് ചെയ്തില്ലെന്നുമായി. രാഹുൽ ഗാന്ധി ഉൾപ്പെടെ മുഴുവൻ കോൺഗ്രസ് എം.പിമാരും വോട്ടു ചെയ്തതിന്റെ പാർലമെന്റിലെ രേഖ മുഖ്യമന്ത്രിക്ക് നൽകി. എന്നിട്ടും പച്ചക്കള്ളം ആവർത്തിച്ചു. പാർലമെന്റ് പാസാക്കിയ പൗരത്വ നിയമം നടപ്പിലാക്കില്ലെന്ന് പിണറായി പറഞ്ഞതും ജനങ്ങളെ കബളിപ്പിക്കാനാണ്.
പൗരത്വ പ്രക്ഷോഭത്തിന് എതിരായ കോസുകൾ പിൻവിലക്കാൻ തയാറാകാത്തതും ബി.ജെ.പിയെ സന്തോഷിപ്പിക്കുന്നതിനു വേണ്ടിയാണ്. സർക്കാരിനെരായ ജനരേഷം മറയ്ക്കുന്നതിന് വേണ്ടിയാണ് മുഖ്യമന്ത്രി നുണ ആവർത്തിച്ചത്. ഒരു കോടി പാവങ്ങൾക്ക് ഏഴ് മാസമായി പെൻഷൻ നൽകിയിട്ടില്ല. സർക്കാർ ആശുപത്രികളിൽ മരുന്നും മാവേലി സ്റ്റോറുകളിൽ സാധനങ്ങളുമില്ല. സ്വകാര്യ ആശുപത്രികൾ കാരുണ്യ കാർഡ് സ്വീകരിക്കുന്നില്ല. പതിനാറായിരം കോടിയാണ് കരാറുകാർക്ക് നൽകാനുള്ളത്. ജീവനക്കാർക്കും പെൻഷൻകാർക്കും നൽകാനുള്ളത് നൽപ്പതിനായിരം കോടി. ഖജനാവിൽ പൂച്ച പ്രസവിച്ച് കിടക്കുന്ന സ്ഥിതിയാണ്. ജീവൻരക്ഷാ പ്രവർത്തനമെന്നു പറഞ്ഞ് മുഖ്യമന്ത്രി അക്രമത്തെ പ്രോത്സാഹിപ്പിച്ചതാണ് സിദ്ധർത്ഥിന്റെ കൊലപാതകത്തിൽ കലാശിച്ചത്. വണ്ടിപ്പെരിയാറിൽ ആറു വയസുകാരിയെ പീഡിപ്പിച്ച് കൊന്നു കെട്ടിത്തൂക്കിയ കേസിലെ ഡി.വൈ.എഫ്.ഐക്കാരനെ വെറുതെ വിട്ടു. വാളയാർ കേസ് പ്രതികളെയും വെറുതെ വിട്ടു. റിയാസ് മൗലവിയെ ആർ.എസ്.എസുകാർ കഴുത്തറുത്ത് കൊന്ന കേസും വെറുതെ വിട്ടു. പൊലീസും പ്രോസിക്യൂഷനും സി.പി.എമ്മിന് വേണ്ടിയുള്ള സംവിധാനങ്ങളായി മാറി. കരുവന്നൂരിൽ പാവങ്ങളുടെ 300 കോടിയാണ് തട്ടിയെടുത്തത്. എത്രയോ പേർ ആത്മഹത്യ ചെയ്തു. 300 കോടി സി.പി.എം കൊള്ളയടിച്ച് വ്യാജ അക്കൗണ്ടിൽ ഇട്ടിരിക്കുമ്പോഴാണ് അവിടെ എല്ലാം നോർമൽ ആണെന്ന് മുഖ്യമന്ത്രി പറയുന്നത്. പാർട്ടിക്കാർക്ക് എന്ത് വൃത്തികേട് കാണിക്കാനും അനുവാദം നൽകുന്ന സംവിധാനമായി ഭരണകൂടം മാറി.
സി.പി.എം ബി.ജെ.പിയുമായി ബാന്ധവത്തിലാണ്. ഗുജറാത്ത് ബി.ജെ.പി തൂത്ത് വാരുമെന്നും കോൺഗ്രസ് നൂറ് സീറ്റ് തികയ്ക്കില്ലെന്നും പറഞ്ഞത് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനാണ്. 18 സീറ്റിൽ മത്സരിക്കുന്ന സി.പി.എം പ്രകടനപത്രിക ഇറക്കിയത് തന്നെ കബളിപ്പിക്കലാണ്. ബി.ജെ.പി സ്ഥാനാർത്ഥികൾ മിടുമിടുക്കൻമാരാണെന്നാണ് എൽ.ഡി.എഫ് കൺവീനർ പറഞ്ഞത്. എൽ.ഡി.എഫ് കൺവീനറുടെ ഈ സർട്ടിഫിക്കറ്റുമായാണ് കോഴിക്കോട്ടെ ബി.ജെ.പി സ്ഥാനാർത്ഥി പ്രചരണം നടത്തുന്നത്. രാഹുൽ ഗാന്ധി ഉത്തരേന്ത്യയിൽ നിന്നും ഒളിച്ചോടിയെന്ന് മോദി പറഞ്ഞതിന്റെ പിറ്റേ ദിവസം പിണറായി വിജയനും ഇതേ പ്രസ്താവന ആവർത്തിച്ചു. രണ്ടു പേരുടെയും പ്രസ്താവന തയാറാക്കുന്നത് ഒരു സ്ഥലത്താണ്. ബി.ജെ.പിയെ ഭയന്നാണ് പിണറായി വിജയൻ ഭരിക്കുന്നത്. മാസപ്പടി, കരുവന്നൂർ അന്വേഷണങ്ങളിൽ സി.പി.എം ഭയന്നു പോയി. ബി.ജെ.പിയെ സന്തോഷിപ്പിക്കാനാണ് രാഹുൽ ഗാന്ധിക്കെതിരെ സംസാരിക്കുന്നത്. പി.വി അൻവർ നടത്തിയ മോശമായ പരാമർശത്തെ വരെ മുഖ്യമന്ത്രി ന്യായീകരിച്ചു. പാനൂരിൽ ഞങ്ങൾക്കെതിരെ തയാറാക്കിയ ബോംബ് പൊട്ടി സി.പി.എമ്മുകാരൻ മരിച്ചു. ഇതിന് പിന്നാലെ കൊണ്ടു വന്ന നുണ ബോംബും ചീറ്റിപ്പോയി. ഈ തിരഞ്ഞെടുപ്പിൽ സി.പി.എമ്മിന്റെയും എൽ.ഡി.എഫിന്റെയും എല്ലാ അജണ്ടകളും പാളിപ്പോയി. സർക്കാരിന്റെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും സംസ്ഥാനത്തെ തകർത്തതിനും എതിരെ രൂക്ഷമായ ജനവികാരമുണ്ട്. കേന്ദ്ര സർക്കാരിനെ കുറിച്ച് ന്യൂനപക്ഷങ്ങൾക്ക് മാത്രമല്ല, എല്ലാ ജനാധിപത്യ വിശ്വാസികൾക്കും അരക്ഷിതത്വമുണ്ട്. കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്കെതിരായ ജനവിരുദ്ധ വികാരത്തിനൊപ്പം യു.ഡി.എഫ് മുന്നോട്ടു വയ്ക്കുന്ന ബദൽ നിർദ്ദേശങ്ങളും തിരഞ്ഞെടുപ്പിൽ ഐക്യജനാധിപത്യ മുന്നണിക്ക് സഹായകമാകും. ഇരുപതിൽ ഇരുപതും സീറ്റിലും യു.ഡി.എഫ് ചരിത്ര വിജയം നേടുമെന്നാണ് വിലയിരുത്തൽ.
യു.ഡി.എഫും എൽ.ഡി.എഫും തമ്മിലാണ് കേരളത്തിൽ മത്സരം നടക്കുന്നത്. എന്നാൽ കഴിഞ്ഞ രണ്ടു തവണ തിരുവനന്തപുരത്ത് ബി.ജെ.പി രണ്ടാം സ്ഥാനത്തെത്തിയിട്ടുണ്ട്. അല്ലാതെ ഇ.പി ജയരാജൻ പറയുന്നത് പോലെ ബി.ജെ.പി രണ്ടാം സ്ഥാനത്ത് വരില്ല. അങ്ങനെ രണ്ടാം സ്ഥാനത്ത് വന്നാൽ സി.പി.എം മൂന്നാം സ്ഥനത്താകും. തിരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയമുണ്ടാകും. കോൺഗ്രസിന്റെയും യു.ഡി.എഫ് ഘടകകക്ഷികളുടെയും ടീം വർക്കിന്റെ വിജയമായിരിക്കും. പരാജയം ഉണ്ടാകില്ല. ഇനി ഉണ്ടായാൽ അതിന്റെ ഉത്തരവാദിത്തം യു.ഡി.എഫ് ചെയർമാൻ എന്ന നിലയിൽ തനിക്കായിരിക്കുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
ബിജെപി പ്രതിനിധി ഇല്ലാതെ കേന്ദ്ര സർക്കാരിൻ്റെ സൗകര്യങ്ങൾ കേരളത്തിന് ലഭിക്കില്ല: ഇ ശ്രീധരൻ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം.