പൊലീസ് ഉദ്യോഗസ്ഥനെ വിളിച്ചു വരുത്തി ഈ പരാതി പരിഹരിച്ചിട്ടുണ്ടെന്നും പരാതിക്കാരന് പരാതിയുമായി മുന്നോട്ടു പോകാൻ താൽപര്യമില്ലെന്നുമായിരുന്നു റാന്നി ഡിവൈഎസ്‍പിയുടെ റിപ്പോർട്ട്.
പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്ക് നിയോഗിക്കുന്ന പൊലീസുകാർക്ക് ഡ്യൂട്ടിയുമായി ബന്ധപ്പെട്ട മാർഗ നിർദ്ദേശങ്ങൾ നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ നിർദേശം നൽകി. പതിനെട്ടാം പടി കയറുമ്പോൾ പൊലീസുകാരൻ കരണത്തടിച്ചെന്ന പരാതിയിലാണ് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി ഉത്തരവ് നൽകിയത്.
പത്തനംതിട്ട സ്വദേശി കിരൺ സുരേഷാണ് മനുഷ്യാവകാശ കമ്മീഷൻ മുമ്പാകെ പരാതി സമർപ്പിച്ചത്. ഇതിന്മേൽ റാന്നി ഡി.വൈ.എസ്.പി, പത്തനംതിട്ട ജില്ലാ പോലീസ് മേധാവി മുഖേന റിപ്പോർട്ട് സമർപ്പിച്ചിരുന്നു. പൊലീസ് ഉദ്യോഗസ്ഥനെ വിളിച്ചു വരുത്തി ഈ പരാതി പരിഹരിച്ചിട്ടുണ്ടെന്നും പരാതിക്കാരന് പരാതിയുമായി മുന്നോട്ടു പോകാൻ താൽപര്യമില്ലെന്നുമായിരുന്നു റാന്നി ഡിവൈഎസ്‍പിയുടെ റിപ്പോർട്ട്.
അയ്യപ്പഭക്തരെ പതിനെട്ടാം പടി കയറാൻ ഒരു കൈ സഹായിക്കാനും തിരക്ക് നിയന്ത്രിക്കാനുമാണ് പോലീസുകാരെ ഡ്യൂട്ടിക്ക് നിയോഗിക്കുന്നതെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. ഭക്തരെ ശാരീരികമായി ഉപദ്രവിച്ചുവെന്ന് കേൾക്കുന്നത് വിശ്വാസികൾക്ക് ഉൾക്കൊള്ളാനാവില്ല. പരാതിക്കാരന്റെ കരണത്തടിച്ചത് തീർച്ചയായും ക്യത്യവിലോപമാണെന്നും മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവിൽ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം