ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ്; 3 മാസം കഴിഞ്ഞിട്ട് പ്രതികള്‍ സുരക്ഷിതർ, പൊലീസ് കവചമൊരുക്കുന്നെന്ന് അനിൽ അക്കര

By Web TeamFirst Published Jan 31, 2024, 7:14 AM IST
Highlights

മണിചെയിന്‍ മാതൃകയില്‍ സാമ്പത്തിക തട്ടിപ്പ് തുടങ്ങിയ ചേര്‍പ്പിലെ പ്രതാപനും ഭാര്യ ശ്രീനയും സഹായി ശരണ്‍ കടവത്തും ഒരു കോടി എണ്‍പത്തിമൂന്ന് ലക്ഷം ഐഡികളില്‍ നിന്നായി രണ്ടായിരം കോടിയിലേറെ തട്ടിയെന്നാണ് അന്വേഷണ ഏജന്‍സികളുടെ പ്രാഥമിക നിഗമനം.

തൃശൂര്‍: സംസ്ഥാനം കണ്ട ഏറ്റവും വലിയ തട്ടിപ്പായ ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് പുറത്തുവന്ന് മൂന്ന് മാസം കഴിഞ്ഞിട്ടും പ്രതികള്‍ സുരക്ഷിതര്‍. സംസ്ഥാന പൊലീസ് പ്രതികള്‍ക്ക് കവചമൊരുക്കുകയാണെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര രംഗത്തെത്തി. ബഡ്സ് ആക്ട് പ്രകാരം സ്വത്തുക്കള്‍ മരവിപ്പിച്ച ശേഷവും ഇടപാടുകള്‍ നടന്നെന്ന് നിക്ഷേപകര്‍ പറയുന്നു.

മണിചെയിന്‍ മാതൃകയില്‍ സാമ്പത്തിക തട്ടിപ്പ് തുടങ്ങിയ ചേര്‍പ്പിലെ പ്രതാപനും ഭാര്യ ശ്രീനയും സഹായി ശരണ്‍ കടവത്തും ഒരു കോടി എണ്‍പത്തിമൂന്ന് ലക്ഷം ഐഡികളില്‍ നിന്നായി രണ്ടായിരം കോടിയിലേറെ തട്ടിയെന്നാണ് അന്വേഷണ ഏജന്‍സികളുടെ പ്രാഥമിക നിഗമനം. ആദ്യം ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങി. പതിനായിരം രൂപയുടെ വൗച്ചര്‍ വാങ്ങി ചങ്ങലക്കണ്ണിയില്‍ ചേരുന്നവരുടെ അക്കൗണ്ടിലേക്ക് പണം ഒഴുകുമെന്നായിരുന്നു വാഗ്ദാനം. അടുത്തത് എച്ച് ആര്‍ ക്രിപ്റ്റോ കൊയിന്‍, ആരുടെയും അനുമിയില്ലാതെ രണ്ട് ഡോളര്‍ വിലയിട്ട് ഒരു കോടി ക്രിപ്റ്റോ കൊയിനിറക്കി. ബിറ്റ് കൊയിന്‍ പോലെ പലമടങ്ങ് ഇരട്ടിക്കുമെന്നായിരുന്നു വാഗ്ദാനം. ഏറ്റവും ഒടുവില്‍ ഒടിടി. അഞ്ച് ലക്ഷം രൂപയുടെ ബോണ്ടാണ് പുറത്തിറക്കിയത്. ഇതും ആര്‍ബിഐയുടെ അനുമതിയില്ലാതെയായിരുന്നു. പത്തിരട്ടി വരെ ലാഭവും നിക്ഷേപത്തുകയും മടക്കി നല്‍കുമെന്നായിരുന്നു വാഗ്ദാനം. 

Latest Videos

ജിഎസ്ടി വെട്ടിപ്പില്‍ പ്രതാപന്‍ അകത്ത് പോയതോടെ ഗത്യന്തരമില്ലാതെ പൊലീസ് ചില പരാതികളില്‍ അന്വഷണം തുടങ്ങി. അതിനിടെ കഴിഞ്ഞ മാസം 7 ന് തൃശൂര്‍ ജില്ലാ കളക്ടര്‍ ബഡ്സ് ആക്ട് പ്രകാരം സ്വത്തുക്കള്‍ ജപ്തി ചെയ്യാനുള്ള ഉത്തരവുമിട്ടു. എന്നിട്ടും കഴിഞ്ഞ മാസം ഇരുപത്തിയേഴ് വരെ ഹൈറിച്ച് കമ്പനി നിയമത്തെ വെല്ലുവിളിച്ച് നിക്ഷേപകരില്‍ നിന്ന് പണം പിരിച്ചിരുന്നുവെന്നാണ് വെളിപ്പെടുത്തല്‍. നൂറ് കോടി രൂപ വിദേശത്തേക്ക് ഹവാലപ്പണമായി കടത്തിയെന്ന വിവരത്തില്‍ റെയ്ഡിനെത്തിയ ഇഡി സംഘത്തിന് മുന്നിലൂടെ പ്രതാപനും ഭാര്യയും വിശ്വസ്തന്‍ ഡ്രൈവറും കടന്നു കളഞ്ഞു. പുറത്തേക്ക് പോയ വാഹനത്തിന്‍റെ വിശദാംശങ്ങളടക്കം കൈമാറിയിട്ടും പൊലീസ് മാത്രം ഇതുവരെ ഒന്നും കണ്ടില്ല.

click me!