വിഷയം അടിയന്തര ആംബുലൻസ് സേവനങ്ങളെയും പൊതുജനങ്ങളെയും ബാധിക്കുന്നതാണെന്ന് കോടതി വിലയിരുത്തി.
കൊച്ചി: അടിക്കടിയുള്ള 108 ആംബുലൻസ് ജീവനക്കാരുടെ സമരവുമായി ബന്ധപ്പെട്ട വിഷയം സർക്കാർ ഇടപെട്ട് ഉടൻ പരിഹരിക്കണമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്‍റെ ഇടക്കാല ഉത്തരവ്. പ്രശ്നം കരാർ നൽകിയിരിക്കുന്ന സ്ഥാപനവും കരാർ എടുത്തിരിക്കുന്ന ഏജൻസിയും തൊഴിലാളികളും തമ്മിലുള്ള ഒരു തർക്കമായി മാത്രം വിടാൻ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. ഈ വിഷയം അടിയന്തര ആംബുലൻസ് സേവനങ്ങളെയും പൊതുജനങ്ങളെയും ബാധിക്കുന്നതാണെന്ന് കോടതി വിലയിരുത്തി.
എറണാകുളം പിറവം സ്വദേശി രഞ്ജിത്ത് നൽകിയ പൊതുതാൽപര്യ ഹർജി പരിഗണിച്ചാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ ഉൾപ്പെടുന്ന ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ധനകാര്യ വകുപ്പ് സെക്രട്ടറി ഇടപ്പെട്ട് ആരോഗ്യ വകുപ്പ് സെക്രട്ടറി, കരാർ കമ്പനി അധികൃതർ, സിഐടിയു, ഐഎൻടിയുസി യൂണിയനിലെ മുതിർന്ന പ്രതിനിധികൾ എന്നിവരുമായി ചർച്ച നടത്തി വിഷയത്തിൽ ഉടൻ പരിഹാരം കാണണമെന്ന് കോടതി ആവശ്യപ്പെട്ടു.
undefined
ഒക്ടോബർ 30 മുതൽ നവംബർ 5 വരെ സർവീസ് പൂർണമായും നിർത്തിവെച്ചുകൊണ്ട് 108 ആംബുലൻസ് ജീവനക്കാർ നടത്തിയ സമരത്തെ തുടർന്ന് ആംബുലൻസ് കൃത്യസമയത്ത് ലഭിക്കാതെ രണ്ടു പേർ മരിക്കാൻ ഇടയായ സംഭവത്തിന് പിന്നാലെയാണ് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി ഫയൽ ചെയ്തിരിക്കുന്നത്. അഡ്വ. വിഷ്ണു ആർ ആണ് പരാതിക്കാരന് വേണ്ടി ഹാജരായത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം