അതിതീവ്ര മഴ; ഉരുൾപൊട്ടൽ സാധ്യതാ പ്രദേശങ്ങളിൽ നിന്നും മാറിത്താമസിക്കണമെന്ന് വയനാട് ജില്ലാ കളക്ടർ

By Web TeamFirst Published Jul 31, 2024, 6:36 PM IST
Highlights

കുറുമ്പാലക്കോട്ട, ലക്കിടി മണിക്കുന്നു മല, മുട്ടിൽ കോൽപ്പാറ കോളനി, കാപ്പിക്കളം, സുഗന്ധഗിരി, പൊഴുതന പ്രദേശങ്ങളിൽ അതീവ ജാഗ്രത പുലർത്തണമെന്നാണ് നിര്‍ദേശം.

വയനാട്: വയനാട് ജില്ലയിൽ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തിൽ ഉരുൾപൊട്ടൽ സാധ്യതയുള്ളി പ്രദേശങ്ങളിലും മുൻ വർഷങ്ങളിൽ ഉരുൾപൊട്ടിയ പ്രദേശങ്ങളിലുമുള്ളവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു. കുറുമ്പാലക്കോട്ട, ലക്കിടി മണിക്കുന്നു മല, മുട്ടിൽ കോൽപ്പാറ കോളനി, കാപ്പിക്കളം, സുഗന്ധഗിരി, പൊഴുതന പ്രദേശങ്ങളിൽ അതീവ ജാഗ്രത പുലർത്തണമെന്നാണ് നിര്‍ദേശം. അപകട ഭീഷണി നിലനിൽക്കുന്നതിനാൽ ക്യാമ്പിലേക്ക് മാറാൻ ആവശ്യപ്പെട്ടിട്ടുള്ളവർ എത്രയും വേഗം താമസസ്ഥലത്ത് നിന്നും ക്യാമ്പുകളിലേക്ക് മാറണമെന്നും കളക്ടർ അറിയിച്ചു. തദ്ദേശ സ്ഥാപന സെക്രട്ടറിമാരും വില്ലേജ് ഓഫീസർമാരും വേണ്ട നടപടികൾ സ്വീകരിക്കണമെന്നും നിര്‍ദേശമുണ്ട്.

അതേസമയം, ചൂരൽമല പ്രദേശത്ത് ആംബുലൻസുകളുടെ എണ്ണം പരിമിതപ്പെടുത്താൻ തീരുമാനിച്ചതായി ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു. ചൂരൽമലയിലും സമീപത്തും ആവശ്യത്തിൽ കൂടുതൽ ആംബുലൻസുകൾ ഉള്ളത് രക്ഷാപ്രവർത്തനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. രക്ഷാപ്രവർത്തനത്തിന്  25 ആംബുലൻസുകൾ മാത്രമേ ദുരന്ത സ്ഥലത്ത് ആവശ്യമുള്ളൂ. ബാക്കി 25 ആംബുലൻസുകൾ പോളിടെക്നിക് കോളേജ് ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം. ഫയർഎഞ്ചിൻ ദുരന്ത സ്ഥലത്ത് മൂന്നും പോളിടെക്നിക് കോളേജ് ഗ്രൗണ്ടിൽ രണ്ടെണ്ണവുമാണ് പാർക്ക് ചെയ്യേണ്ടത്. ബാക്കിയുള്ളവ അകലെ സൗകര്യപ്രദമായ സ്ഥലത്ത് പാർക്ക് ചെയ്യണമെന്നാണ് നിര്‍ദേശം.

Latest Videos

Also Read: ഉള്ളുലഞ്ഞ് നാട്, മരണ സംഖ്യ ഉയരുന്നു, തെരച്ചിൽ തുടരുന്നു

 

മഴ കനക്കുമെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. വടക്കൻ കേരളത്തിലും മധ്യകേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മണ്ണിടിച്ചിൽ സാധ്യതയുള്ള എല്ലാ സ്ഥലങ്ങളിലും അതീവ ജാഗ്രത നിർദേശം നല്‍കിയിട്ടുണ്ട്. കനത്ത മഴയും മഴക്കെടുതികളും തുടരുന്ന സാഹചര്യത്തില്‍ വയനാട്, കണ്ണൂര്‍, കാസർകോട്, തൃശൂര്‍, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി നല്‍കിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!