ശസ്ത്രക്രിയക്കിടെ മുറിവിൽ കയ്യുറ കൂട്ടിത്തുന്നിയെന്ന് പരാതി; കയ്യുറയല്ലെന്ന് തിരുവനന്തപുരം ജനറൽ ആശുപത്രി

By Web Team  |  First Published Aug 6, 2024, 10:00 AM IST

രണ്ട് ദിവസം കഴിഞ്ഞിട്ടും വേദനയും നീരും മാറാതെ വന്നതോടെ ഭാര്യ കെട്ട് അഴിച്ച് നോക്കിയപ്പോഴാണ് കയ്യുറ കണ്ടെത്തിയത്


തിരുവനന്തപുരം: മുതുകിലെ ശസ്ത്രക്രിയയ്ക്കിടെ കയ്യുറ ശരീരത്തിൽ തുന്നിചേർത്തതായി പരാതി. തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് എതിരെയാണ് ആരോപണം. നെടുമങ്ങാട് സ്വദേശിയായ ഷിനുവിനാണ് ദുരനുഭവം നേരിട്ടത്. എന്നാൽ ഇത് പിഴവല്ലെന്നും പഴുപ്പും രക്തവും കളയാനുള്ള ഗ്ലൗ ഡ്രെയ്ൻ സിസ്റ്റം ആണെന്നും ആശുപത്രി അധികൃതർ പറയുന്നു. അത് ഇളക്കി കളയണം എന്ന് രോഗിയോട് നിർദേശിച്ചിരുന്നതായും ആശുപത്രി അധികൃതർ വ്യക്തമാക്കി.

Read more!

മുതുകിലെ പഴുപ്പ് നീക്കാൻ ശനിയാഴ്ചയാണ് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ഷിനു ശസ്ത്രക്രിയക്ക് എത്തിയത്. പിന്നീട് ഇവിടെ നിന്ന് മടങ്ങി. രണ്ട് ദിവസം കഴിഞ്ഞിട്ടും വേദനയും നീരും മാറാതെ വന്നതോടെ ഭാര്യ കെട്ട് അഴിച്ച് നോക്കി. അപ്പോഴാണ് മുറിവിൽ കൈയ്യുറയും തുന്നിച്ചേർന്ന് കിടക്കുന്നത് കണ്ടത്. സംഭവത്തിൽ ആശുപത്രി അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല. ശനിയാഴ്ച രാവിലെ എട്ട് മണിയോടെയായിരുന്നു ശസ്ത്രക്രിയ നടന്നത്. എന്നാൽ അതിന് ശേഷവും കടുത്ത വേദന ഉണ്ടായതിനെ തുട‍ർന്ന് ശസ്ത്രക്രിയയിൽ പിഴവ് സംഭവിച്ചോയെന്ന് സംശയം തോന്നിയിരുന്നു.

Latest Videos

മുതുകിൽ പഴുപ്പ് നിറഞ്ഞ കുരു വന്നതിനെ തുടർന്നാണ് ഷിനു ആശുപത്രിയിൽ ചികിത്സ തേടിയതെന്ന് ഭാര്യ സജിന പറഞ്ഞു. ആദ്യം അഞ്ച് ദിവസത്തേക്ക് മരുന്ന് കൊടുത്തു. അത് കഴിച്ചിട്ട് പോയപ്പോഴേക്കും ശനിയാഴ്ച രാവിലെ ശസ്ത്രക്രിയക്ക് തയ്യാറായി വരാൻ ഡോക്ടർ ആവശ്യപ്പെട്ടു. ഉച്ചയ്ക്ക് 12 മണിയോടെ ശസ്ത്രക്രിയ പൂർത്തിയാക്കി വീട്ടിലേക്ക് മടങ്ങി. എന്നാൽ വേദന കൊണ്ട് ഉറങ്ങാൻ പറ്റാതെ വന്നതോടെയാണ് മുറിവിലെ കെട്ട് അഴിച്ച് പരിശോധിച്ചത്. കയ്യുറയുടെ വലിയൊരു ഭാഗം ശരീരത്തിൽ തുന്നിച്ചേർത്ത് വച്ചതാണ് കണ്ടതെന്നും സജിന പറഞ്ഞു. സംഭവം പരാതിയായതോടെ ഇവരോട് ആശുപത്രിയിലേക്ക് വരാൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

 

click me!