മന്ത്രി കെ ടി ജലീലിന്‍റെ പേഴ്സണൽ സ്റ്റാഫ് നാസറിനെയും സ്വപ്നയും സരിത്തും വിളിച്ചിട്ടുണ്ട്. ഇവരെ കോൺസുലേറ്റിൽ നിന്ന് പുറത്താക്കിയ വിവരം അറിയില്ലായിരുന്നുവെന്നും, കോൺസുൽ ജനറലിന്‍റെ നിർദേശപ്രകാരമാണ് സ്വപ്ന സുരേഷിനെ വിളിക്കുന്നതെന്ന് പറഞ്ഞ കെ ടി ജലീൽ, ആ ചാറ്റിന്‍റെ സ്ക്രീൻഷോട്ടും പുറത്തുവിട്ടു.
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് വിളിച്ചെന്ന് സമ്മതിച്ച് കെ ടി ജലീൽ. എന്നാൽ കോൺസുൽ ജനറൽ റാഷിദ് അൽ ഷമൈലിയുടെ നിർദേശപ്രകാരമാണ് സ്വപ്ന സുരേഷിനെ വിളിച്ചത്. റംസാൻ മാസം യുഎഇ കോൺസുലേറ്റ് ഭക്ഷണക്കിറ്റ് വിതരണം ചെയ്യാറുണ്ട്. ലോക്ക്ഡൗൺ കാരണം കിറ്റുകൾ വിതരണം ചെയ്യാൻ യുഎഇ കോൺസുലേറ്റിന് കഴിഞ്ഞിരുന്നില്ല. സർക്കാർ വഴി ഇതെങ്ങനെ വിതരണം ചെയ്യാമെന്ന് തന്നോട് യുഎഇ കോൺസുൽ ജനറൽ വാട്സാപ്പിലൂടെ മെസ്സേജായി ചോദിച്ചു. കൺസ്യൂമർ ഫെഡുമായി ബന്ധപ്പെട്ട് വിതരണം ചെയ്യാമെന്ന് താൻ മറുപടിയും നൽകി. എങ്കിൽ സ്വപ്ന സുരേഷ് ഇതുമായി ബന്ധപ്പെട്ട് നിങ്ങളെ വിളിക്കുമെന്ന് കോൺസുൽ ജനറൽ തനിക്ക് മറുപടിയും അയച്ചുവെന്നും കെ ടി ജലീൽ വ്യക്തമാക്കി. മെയ് 27-ന് കോൺസുൽ ജനറൽ മെസ്സേജയച്ചതിന്‍റെ സ്ക്രീൻഷോട്ടും കെ ടി ജലീൽ മാധ്യമപ്രവർത്തകർക്ക് നൽകി.
ജൂൺ 1 മുതൽ 28 വരെ സ്വപ്ന സുരേഷ് കെ ടി ജലീലിനെ ഒമ്പത് തവണ വിളിച്ചെന്നാണ് ഫോൺ രേഖകൾ വ്യക്തമാക്കുന്നത്. സ്വപ്ന സുരേഷ് സ്പേസ് പാർക്ക് ജീവനക്കാരിയായിരുന്നെന്നോ, കോൺസുൽ ജനറലിന്‍റെ എക്സിക്യൂട്ടീവ് സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ടെന്നോ തനിക്ക് അറിയില്ലായിരുന്നു. കോൺസുൽ ജനറൽ നേരിട്ട് സ്വപ്ന സുരേഷിനെ ബന്ധപ്പെടാൻ ആവശ്യപ്പെട്ടതിനാൽ ഒരിക്കലും സംശയിച്ചിരുന്നില്ലെന്നും കെ ടി ജലീൽ വ്യക്തമാക്കുന്നു.
undefined
അതേസമയം, മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗം നാസർ നാസി മുത്തുമുട്ടത്ത്, ജൂൺ 24, ജൂലൈ 5, 23 എന്നീ തീയതികളിൽ സരിത്തുമായി സംസാരിച്ചിട്ടുണ്ട്. ഈ തീയതികൾക്കും പ്രത്യേകതകളുണ്ട്. ജൂൺ 24, 25, ജൂലൈ 3 എന്നീ തീയതികളിൽ സ്വർണമടങ്ങിയ കൺസൈൻമെന്‍റ് എത്തിയിരുന്നുവെന്നാണ് കസ്റ്റംസിന് ലഭിച്ചിരിക്കുന്ന വിവരം. ഇതിന് തൊട്ടടുത്ത തീയതികളിൽ നാസർ നാസി മുത്തുമുട്ടത്തിനെ എന്തിനാണ് സരിത്ത് വിളിച്ചത് എന്നതും വ്യക്തമല്ല. നാസർ മുമ്പ് കരിപ്പൂരിൽ കസ്റ്റമർ കെയർ എക്സിക്യൂട്ടീവായി ജോലി ചെയ്ത ആളുമാണ്. ഇതിനെക്കുറിച്ച് വ്യക്തമായ മറുപടി കെ ടി ജലീൽ മറുപടി നൽകുന്നില്ല. അക്കാര്യം തനിക്ക് അറിയില്ലെന്നും അന്വേഷിക്കട്ടെ എന്നും ജലീൽ പറയുന്നു. നാസർ നാസി മുത്തുമുട്ടത്തുമായി ഏഷ്യാനെറ്റ് ന്യൂസ് സംസാരിച്ചിരുന്നു. തന്‍റെ ഓഫീസിൽ സരിത്ത് വന്നിരുന്നു എന്ന കാര്യം നാസർ നാസി മുത്തുമുട്ടത്ത് സമ്മതിക്കുന്നുണ്ട്. ഇവർ യുഎഇ കോൺസുലേറ്റ് ഉദ്യോഗസ്ഥരാണെന്ന ധാരണയിലാണ് താൻ സംസാരിച്ചതെന്നും ഇവരെ പുറത്താക്കിയതിനെക്കുറിച്ച് ഒന്നുമറിയില്ല എന്നുമാണ് നാസർ നാസി മുത്തുമുട്ടത്ത് വ്യക്തമാക്കിയത്. സരിത്തും സ്വപ്നയും ഇതേ കിറ്റുമായി ബന്ധപ്പെട്ടാണ് വിളിച്ചതെന്നും നാസർ വ്യക്തമാക്കി. സരിത്തിനെ താൻ അങ്ങോട്ട് വിളിച്ചതാണ്. സ്വപ്ന തന്നെ ഇങ്ങോട്ട് വിളിക്കുകയായിരുന്നു.
കോൺസുൽ ജനറൽ അറ്റാഷെയുടെ ആശയവിനിമയവുമായി ബന്ധപ്പെട്ട് കെ ടി ജലീൽ വ്യക്തമാക്കുന്ന കാര്യങ്ങൾ ഇങ്ങനെയാണ്: മെയ് 27-ന് റംസാൻ ഭക്ഷണകിറ്റുമായി ബന്ധപ്പെട്ട് സന്ദേശം ലഭിക്കുന്നു. ആയിരത്തോളം ഭക്ഷ്യകിറ്റുകൾ റംസാനുമായി ബന്ധപ്പെട്ട് വിതരണം ചെയ്യാൻ കോൺസുലേറ്റിന്‍റെ പക്കലുണ്ടെന്നും ഇത് വിതരണം ചെയ്യാൻ താത്പര്യമുണ്ടോ എന്നും ചോദിക്കുന്നു. കൺസ്യൂമർ ഫെഡ് വഴി വിതരണം അറേഞ്ച് ചെയ്യാമെന്ന് വാട്സാപ്പിൽത്തന്നെ താൻ മറുപടി നൽകി. അങ്ങനെയെങ്കിൽ സ്വപ്ന നിങ്ങളുമായി ബന്ധപ്പെടും എന്ന് കോൺസുൽ ജനറൽ അറ്റാഷെ മെസ്സേജ് ചെയ്തു.
ആയിരത്തോളം ഭക്ഷണകിറ്റുകളാണ് വിതരണം ചെയ്യാൻ തയ്യാറായിരുന്നത്. അത് എടപ്പാൾ, തൃപ്രങ്ങോട് പഞ്ചായത്തുകളിലായി വിതരണം ചെയ്തു. ഇതിന്‍റെ ബിൽ എടപ്പാൾ കൺസ്യൂമർ ഫെഡിൽ നിന്ന് യുഎഇ കോൺസുലേറ്റിന് അയച്ചു. യുഎഇ കോൺസുൽ ജനറലിന്‍റെ അഡ്രസിൽ ആണ് അയച്ചത്. അതിന്‍റെ ബില്ല് പക്ഷേ കിട്ടാത്തതിനാൽ കൺസ്യൂമർ ഫെഡ് പരിഭവം പറഞ്ഞു. ഇതേത്തുടർന്ന് സ്വപ്നയെ വീണ്ടും വിളിച്ചു. പണം അയക്കണം എന്ന് ആവശ്യപ്പെടുകയും ചെയ്തു. പിന്നീട് പണം ട്രാൻസ്ഫർ ചെയ്തു എന്ന് പറഞ്ഞ് സ്വപ്നയും കോൺസുൽ ജനറലും തന്നെ വിളിക്കുകയും ചെയ്തിട്ടുണ്ട് എന്നാണ് കെ ടി ജലീൽ വ്യക്തമാക്കുന്നത്. 9 തവണ വിളിച്ചു എന്നതിൽ അസ്വാഭാവികതയില്ലെന്നും കെ ടി ജലീൽ പറയുന്നു. കോൺസുലേറ്റിൽ നിന്ന് ഭക്ഷ്യകിറ്റ് വിതരണം ചെയ്യുമ്പോൾ, അതിൽ കോൺസുലേറ്റിന്‍റെ എംബ്ലം ദുബായ് എയ്ഡ് എന്നെല്ലാം എഴുതി വയ്ക്കണം. അത് വയ്ക്കാൻ എവിടെ നൽകാനാകും എന്നതടക്കമുള്ള കാര്യങ്ങളും പറഞ്ഞിട്ടുണ്ട്. ഇതൊന്നും അസമയത്തല്ല വിളിച്ചത്. കോൾ എത്ര നേരം നീണ്ടുവെന്നും, ഏത് സമയത്താണ് വിളിച്ചത് എന്നും എല്ലാവർക്കും പരിശോധിക്കാമെന്നും മന്ത്രി ജലീൽ പറയുന്നു.