ഇന്നലെ സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട് വാദം കേൾക്കുന്നതിനിടെ ശിവശങ്കറിന്റെ പേര് പരാമർശിച്ച് കൂടുതൽ അന്വേഷണം വേണമെന്ന് ഇഡി ആവശ്യപ്പെട്ടിരുന്നു
തിരുവനന്തപുരം: വിമാനത്താവള സ്വർണ കളളക്കടത്തു കേസിൽ കൂടുതൽ ചോദ്യം ചെയ്യലുകൾക്ക് എൻഫോഴ്സ്മെൻറ് ഒരുങ്ങുന്നു. സ്വപ്ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരനെ ഈയാഴ്ച തന്നെ വീണ്ടും വിളിച്ചു വരുത്താനാണ് ആലോചന. ലൈഫ് മിഷൻ പദ്ധതിയിലെ കരാറുകാരോട് ശിവശങ്കരനെ കാണാൻ യു എ ഇ കോൺസുൽ ജനറൽ തന്നെ ആവശ്യപ്പെട്ടത് എന്തിനെന്നാണ് പരിശോധിക്കുന്നത്.
ഇന്നലെ സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട് വാദം കേൾക്കുന്നതിനിടെ ശിവശങ്കറിന്റെ പേര് പരാമർശിച്ച് കൂടുതൽ അന്വേഷണം വേണമെന്ന് ഇഡി ആവശ്യപ്പെട്ടിരുന്നു. വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ കരാറുകാരായ യൂണിടാക് എന്ന കമ്പനിയുടെ ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രിയുടെ അന്നത്തെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിനെ കാണാൻ യുഎഇ കോൺസുൽ ജനറൽ നിർദേശിച്ചതായാണ് കണ്ടെത്തൽ. സ്വപ്നക്ക് പണം കൈമാറിയ ശേഷമാണിത്. സ്വപ്നയ്ക്ക് ഒരു കോടി രൂപയാണ് കമ്മീഷനായി നൽകിയത്. ഇതിന് ശേഷവും ശിവശങ്കറിനെ കാണാൻ എന്തിനാണ് കോൺസുൽ ജനറൽ നിർദേശിച്ചത്? ഇക്കാര്യം വിശദമായി അന്വേഷിക്കേണ്ടതുണ്ട് എന്നും ഇഡി വ്യക്തമാക്കുന്നു.
യുഎഇയിൽ താൻ ഒരു സർക്കാർ യോഗത്തിലും പങ്കെടുത്തിട്ടില്ല എന്നും ശിവശങ്കർ സ്വപ്നയുമൊത്ത് മൂന്ന് തവണ വിദേശയാത്ര നടത്തിയെന്നതിന് സ്വപ്ന മറുപടിയായി പറയുന്നു. സുഖമില്ലാതെ കിടക്കുന്ന അച്ഛനെ കാണാനാണ് യുഎഇയിൽ പോയതെന്നാണ് സ്വപ്നയുടെ വാദം. സ്വപ്ന ലോക്കറിൽ സൂക്ഷിച്ച സ്വർണം വിവാഹത്തിന് ശേഷം സൂക്ഷിച്ചതല്ലെന്നും ഇഡി വ്യക്തമാക്കി. ഇതിനിടെ കൂടുതൽ ചോദ്യം ചെയ്യലുകൾക്കായി നാല് പേരെക്കൂടി ദേശീയ അന്വേഷണ ഏജൻസി കസ്റ്റഡിയിൽ വാങ്ങി. മുഹമ്മദ് അൻവർ, ഹംജദ് അലി, ടി.എം സംജു, ഹംസത് അബ്ദു സലാം എന്നിവരെയാണു 21 വരെ അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങിയത്.