ഗുരുതര ആരോപണങ്ങളെ തുടർന്ന് സസ്പെൻഷനിലായ മുൻ എംഎൽഎ ജോർജ് എം തോമസിനെ സിപിഎം തിരിച്ചെടുത്തു

By Web TeamFirst Published Sep 10, 2024, 3:55 PM IST
Highlights

പോക്സോ പീഡന കേസിലെ പ്രതിയെ രക്ഷിക്കാൻ ഇടപെട്ടു, പ്രതിയിൽ നിന്ന് 25 ലക്ഷം കൈപ്പറ്റി തുടങ്ങി ഗുരുതര ആരോപണങ്ങളാണ് ഇദ്ദേഹത്തിനെതിരെ ഉയർന്നത്

കോഴിക്കോട്: ഗുരുതര ആരോപണങ്ങളെ തുടർന്ന് സസ്പെൻഷനിലായ മുൻ എംഎൽഎ ജോർജ് എം തോമസിനെ സിപിഎം തിരിച്ചെടുത്തു. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവും തിരുവമ്പാടി മുൻ എംഎൽഎയുമായ അദ്ദേഹത്തെ കഴിഞ്ഞ വർഷം ജൂലൈയിലാണ് സസ്പെൻ്റ് ചെയ്തത്. 14 മാസത്തിന് ശേഷം പാർട്ടി സമ്മേളന കാലത്താണ് ജോർജ് എം തോമസിനെ തിരിച്ചെടുക്കുന്നത്. സാമ്പത്തിക ക്രമക്കേടും പാർട്ടി അച്ചടക്കം ലംഘിച്ചുള്ള പ്രവർത്തനങ്ങളുമാണ് നടപടിയിലേക്ക് നയിച്ചത്.

പോക്സോ പീഡന കേസിലെ പ്രതിയെ രക്ഷിക്കാൻ ഇടപെട്ടു, പ്രതിയിൽ നിന്ന് 25 ലക്ഷം കൈപ്പറ്റി, സഹായിച്ച പൊലീസുദ്യോഗസ്ഥന് ഭൂമി നൽകി, നാട്ടുകാരനിൽ നിന്ന് വഴി വീതി കൂട്ടാനായി മധ്യസ്ഥനെന്ന നിലയിൽ ഒരു ലക്ഷം രൂപ വാങ്ങി, ക്വാറി മുതലാളിമാരെക്കൊണ്ട് വീട് നിർമ്മാണത്തിന് സാമഗ്രികൾ വാങ്ങിപ്പിച്ചു തുടങ്ങിയ ഗൗരവമുള്ള ആരോപണങ്ങളാണ് പാർട്ടിയുടെ അന്വേഷണ റിപ്പോർട്ടിൽ ശരിവെച്ചത്. എംഎൽഎ എന്ന നിലയ്ക്ക് പദവിയുപയോഗിച്ചുവെന്ന ഒഴുക്കൻ മട്ടിലുള്ള മറുപടിയാണ് ഇതിനൊക്കെ ജോർജ്ജ് എം തോമസ് അന്വേഷണക്കമ്മീഷന് നൽകിയത്.

Latest Videos

ജോർജ്ജ് എം തോമസിനെതിരായി ജില്ലാ കമ്മറ്റി നിയോഗിച്ച അന്വേഷണ കമ്മീഷന്റെ കണ്ടെത്തലുകൾ ഇങ്ങനെ.

  • പീഡന പരാതിയിലെ ധനാഢ്യനായ പ്രതിയെ പോലിസുദ്യോഗസ്ഥന്റെ സഹായത്തോടെ മാറ്റി. ഇതിനായി ഉദ്യോഗസ്ഥന് വയനാട്ടിൽ ബിനാമിയായി ഭൂമിയും റിസോ‍ർട്ടും ബിനാമിയായി വാങ്ങി നൽകി.
  • ഇതേ കേസിലെ പ്രതിയും സഹോദരനും തമ്മിൽ തർക്കമുണ്ടായപ്പോൾ 10 കോടി രൂപ ഇടപാടിന് മധ്യസ്ഥം നിന്നു. ലാഭവിഹിതമായി പണം ലഭിച്ചയാളിൽ നിന്ന് 25 ലക്ഷം രൂപ എൽസി ഓഫിസ് കെട്ടിട നിർമ്മാണത്തിനായി വാങ്ങി. ഒരു വ്യക്തിയിൽ നിന്ന് ഇത്രയും പണം സ്വീകരിച്ച് ചട്ട വിരുദ്ധം. ജോർജ്ജ് എം തോമസിന്റെ ഇടപെടൽ ദുരൂഹം.
  • ജോർജ്ജ് എം തോമസ് പുതിയ വീട് നിർമ്മിച്ചപ്പോൾ ടൈലും ഗ്രാനൈറ്റും മറ്റും വാങ്ങി നൽകിയത് ക്വാറിക്കാർ. ഇതിന്റെ ബില്ലുകളും മറ്റും ശേഖരിച്ചാണ് കമ്മീഷൻ റിപ്പോർട്ട് നൽകിയത്. ഈയിനത്തിൽ ലക്ഷങ്ങളാണ് പറ്റിയത്.
  • നാട്ടുകാരനായ ഒരാളിൽ നിന്ന് വീട്ടിലേക്കുള്ള വഴി വീതി കൂട്ടാൻ സഹായിക്കാമെന്ന് പറഞ്ഞ് ഒരു ലക്ഷം രൂപാ വാങ്ങി. കാര്യം സാധിക്കാതെ വന്നതോടെ ഇയാൾ പിന്നീട് പാർട്ടി നേതാക്കൾക്ക് പരാതി നൽകി.
  • മണ്ഡലത്തിലെ സ്വകാര്യ പദ്ധതി നടത്തിപ്പുകാരോട് വീട് നിർമ്മാണത്തിനായി കമ്പിയും മറ്റ് സാമഗ്രികളും സൗജന്യമായി കൈപ്പറ്റി. ഇവ‍ർ പിന്നീട് പാർട്ടി നേതാക്കളെ പരാതി അറിയിച്ചു.
  • ആറ് കോൺഗ്രസ് നേതാക്കൾ നയിക്കുന്ന ലേബർ സൊസൈറ്റിക്ക് വഴി വിട്ട് അംഗീകാരം വാങ്ങി നൽകി.

ജോർജ്ജ് എം തോമസ് എം എൽഎ ആയിരുന്ന 2006 -2011. 2016-21 കാലയളവിലുമാണ് ക്രമക്കേടുകൾ നടന്നതെന്ന് റിപ്പോർട്ടിലുണ്ട്. പരാതിക്കാരായ പാർട്ടി നേതാക്കളും നാട്ടുകാരും തെളിവ് സഹിതമാണ് മൊഴി നൽകിയത്. വഴി വികസനത്തിന് പണവുമായി സമീപച്ചയാൾക്ക് അതേ നോട്ടു കെട്ടു തിരിച്ചെറിഞ്ഞ് കൊടുത്തു എന്നാണ് ജോർജ്ജ് എം തോമസ് കമ്മീഷന് മറുപടി നൽകിയത്. എന്നാൽ മറ്റ് ആരോപണങ്ങളിൽ എംഎൽഎ എന്ന നിലയ്ക്കുള്ള അവകാശം വിനിയോഗിച്ചു എന്നാണ് വിശദീകരിച്ചത്. ഈ മറുപടികൾ തള്ളിയാണ് ഒടുവിൽ പാർട്ടി നടപടിയെടുത്തത്.

click me!