നേരത്തെ 2023 ഓഗസ്റ്റ് മുതൽ ആറ് മാസത്തേക്ക് ഇയാളെ കാപ്പ ചുമത്തി നാട് കടത്തിയിരുന്നു. പിന്നീട് തിരിച്ചെത്തി വീണ്ടും വധശ്രമ കേസിൽ പ്രതിയായി.
എറണാകുളം: കോതമംഗലത്ത് വധശ്രമക്കേസിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. കോതമംഗലം ഇരമല്ലൂർ, നെല്ലിക്കുഴി കുമ്മത്തുകുടി വീട്ടിൽ നാദിർഷായെയാണ് (34) കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേന നൽകിയ റിപ്പോർട്ട് പ്രകാരം എറണാകുളം ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷാണ് കാപ്പ ചുമത്താനുള്ള ഉത്തരവിട്ടത്.
കോതമംഗലം, കുറുപ്പംപടി, കോടനാട് പോലീസ് സ്റ്റേഷൻ പരിധികളിൽ വധശ്രമം, ദേഹോപദ്രവം, കൊള്ളയടിക്കൽ, ബലാത്സംഗം തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ. നേരത്തെ 2023 ഓഗസ്റ്റ് മുതൽ ആറ് മാസത്തേക്ക് കാപ്പ ചുമത്തി നാട് കടത്തിയിരുന്നു. എന്നാൽ ഈ നാട് കടത്തൽ കാലാവധി അവസാനിച്ച ശേഷം തിരികെ ജില്ലയിൽ പ്രവേശിച്ച ഇയാൾ കഴിഞ്ഞ മാസം കോതമംഗലത്തെ ബാറിൽ വെച്ച് ഒരു സംഘവുമായി സംഘർഷത്തിൽ ഏർപ്പെട്ടിരുന്നു. അതിന് പിന്നാലെ കോതമംഗലം പൊലീസ് വധശ്രമ കേസ് രജിസ്റ്റർ ചെയ്തു. ഇതേ തുടർന്നാണ് വീണ്ടും കാപ്പ ചുമത്തി നാടുകടത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം