മണിയെ കൊന്നത് പടയപ്പയോ? 'മദപ്പാട് ഉണ്ടായിരുന്നു'

By Web TeamFirst Published Feb 27, 2024, 3:05 AM IST
Highlights

ഏത് ആനയാണ് മണിയെ ആക്രമിച്ചതെന്ന കാര്യം ഇന്ന് തന്നെ സ്ഥിരീകരിക്കുമെന്നും പരിശോധനകള്‍ തുടരുകയാണെന്നും ഉദ്യോഗസ്ഥര്‍.

മൂന്നാര്‍: മൂന്നാര്‍ കന്നിമലയില്‍ ഓട്ടോ ഡ്രൈവര്‍ മണി എന്ന സുരേഷ് കുമാര്‍ കൊല്ലപ്പെട്ടത് ഏത് കാട്ടാനയുടെ ആക്രമണത്തിലാണെന്ന അന്വേഷണത്തിലാണ് വനംവകുപ്പ്. പ്രദേശത്ത് ഇന്നലെ രാവിലെ മുതല്‍ സ്ഥിതി ചെയ്തിരുന്ന ഒറ്റയാന്‍ പടയപ്പയാണോ ആക്രമണം നടത്തിയതെന്ന സംശയം വനംവകുപ്പിനുണ്ട്. പടയപ്പയ്ക്ക് മദപ്പാട് ഉണ്ടായിരുന്നുവെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. അതിനാലാണ് പടയപ്പയാണോ ആക്രമണം നടത്തിയതെന്ന സംശയം ഉയര്‍ന്നത്. പടയപ്പ ഇന്നലെ ലോറി തടയുകയും ബൈക്കും കാറും ആക്രമിക്കുകയും ചെയ്തിരുന്നു. അതേസമയം, പ്രദേശത്ത് മറ്റൊരു കാട്ടാന കൂട്ടവും ഉണ്ടായിരുന്നുവെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഏത് ആനയാണ് മണിയെ ആക്രമിച്ചതെന്ന കാര്യം ഇന്ന് തന്നെ സ്ഥിരീകരിക്കുമെന്നും പരിശോധനകള്‍ തുടരുകയാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. 

ഇന്നലെ രാത്രി 9.30 മണിയോടെയായിരുന്നു സംഭവം. മൂന്നാര്‍ കന്നിമല ടോപ്പ് ഡിവിഷന്‍ സ്വദേശി മണി എന്നു വിളിക്കുന്ന സുരേഷ് കുമാര്‍ (45) ആണ് കാട്ടാന ആക്രമണത്തില്‍ മരിച്ചത്. സുരേഷ് കുമാറിന്റെ ഓട്ടോയിലുണ്ടായിരുന്നു യാത്രക്കാരില്‍ കന്നിമല സ്വദേശികളായ എസക്കി രാജ (45), ഭാര്യ റെജിന (39) എന്നിവര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവര്‍ മൂന്നാര്‍ ടാറ്റാ ടീ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. എസക്കി രാജയുടെ മകള്‍ പ്രിയയുടെ സ്‌കൂള്‍ ആനിവേഴ്‌സറി കഴിഞ്ഞ് തിരികെ വരുമ്പോഴായിരുന്നു സംഭവം. ഇവരോടൊപ്പം രണ്ട് ഇതര സംസ്ഥാന തൊഴിലാളികളുമുണ്ടായിരുന്നു. പ്രിയക്കും ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും കാര്യമായ പരുക്കില്ല.  

Latest Videos

മരിച്ച മണി ആയിരുന്നു ഓട്ടോ ഓടിച്ചിരുന്നത്. കന്നിമല എസ്റ്റേറ്റ് ബംഗ്ലാവിന് സമീപത്ത് വച്ചാണ് ഇവര്‍ കാട്ടാനയുടെ മുന്നിലകപ്പെട്ടത്. ഓട്ടോ കുത്തി മറിച്ചിട്ട കാട്ടാന വാഹനത്തില്‍ നിന്നും തെറിച്ചു വീണ മണിയെ തുമ്പിക്കൈയില്‍ ചുഴറ്റിയെടുത്ത് എറിയുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. തെറിച്ചു വീണ മണി തലയ്ക്ക് ഗുരുതര പരുക്കേറ്റാണ് മരിച്ചത്. മണിയുടെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ഇന്ന് അടിമാലി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തും. കഴിഞ്ഞ മാസം 23ന് മൂന്നാര്‍ ഗുണ്ടുമലയിലും ഒരാള്‍ കാട്ടാന ആക്രമണത്തില്‍ കൊലപ്പെട്ടിരുന്നു. ഇതിനാല്‍ മൂന്നാറില്‍ തൊഴിലാളികളുടെ പ്രതിഷേധത്തിനു സാധ്യതയുണ്ട്. 

'അമ്മയുടെ അമിത മദ്യപാനം, ഉത്സവത്തിനിടെ നാട്ടുകാരുമായി തർക്കം': അമ്മയെ കൊന്നക്കേസിൽ യുവാവ് കുടുങ്ങിയത് ഇങ്ങനെ 
 

click me!