കുട്ടിയെ പുറത്തെടുക്കാനുള്ള ശസ്ത്രക്രിയ്ക്ക് മുൻപായി നടത്തിയ കൊവിഡ് പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇവരെ ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ഇടുക്കി: ഗർഭാവസ്ഥയിൽ മരിച്ച കുഞ്ഞിനെ പുറത്തെടുക്കാനുള്ള ശസ്ത്രക്രിയക്ക് മുന്നോടിയായി നടത്തിയ പരിശോധനയിൽ യുവതിക്ക് കൊവിഡ് കണ്ടെത്തി. ഇടുക്കി വെള്ളത്തൂവൽ മുതുവാൻകുടി സ്വദേശിനിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
നടുവേദനയെ തുടർന്നാണ് യുവതിയെ ഇന്നലെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അപ്പോൾ നടത്തിയ പരിശോധനയിൽ കുഞ്ഞ് മരിച്ചതായി കണ്ടെത്തുകയായിരുന്നു. തുടർന്ന് കുട്ടിയെ പുറത്തെടുക്കുന്നതിന് മുന്നോടിയായാണ് ട്രൂനാറ്റ് പരിശോധന നടത്തിയത്. രോഗം സ്ഥിരീകരിച്ചതോടെ യുവതിയെ ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി. യുവതിക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമല്ല
അതേസമയം, ഇടുക്കിയിൽ 79 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 61 പേർക്ക് സമ്പർക്കത്തിലൂടെ രോഗം വന്നപ്പോൾ 16 പേരുടെ ഉറവിടം വ്യക്തമായിട്ടില്ല. കാഞ്ഞാറിൽ 12 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മൂന്നാറിൽ പൊലീസുകാരനും താലൂക്ക് ആശുപത്രി ജീവനക്കാരിക്കും ഉൾപ്പടെ 8 പേർക്കാണ് കൊവിഡ് ബാധിച്ചത്. കരിമണ്ണൂരിൽ രണ്ട് കുടുംബങ്ങളിലായി 6 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. അതേസമയം 54 പേർ രോഗമുക്തരായി. നിലവില്‍ 672 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.