കൂറുമാറ്റത്തിന് 100 കോടി, 50 കോടി വീതം ഓഫർ; തോമസ് കെ തോമസിന് മന്ത്രി പദവി പോയതിന് കാരണം, വെളിപ്പെടുത്തൽ

By Web TeamFirst Published Oct 25, 2024, 7:25 AM IST
Highlights

എൻസിപി മന്ത്രിസ്ഥാനത്തേക്ക് തോമസ് കെ തോമസിന് കുരുക്കായത് കൂറുമാറാനുള്ള നൂറ് കോടിയുടെ ഓഫർ. 

തിരുവനന്തപുരം: എൻസിപി അജിത് പവാർ പക്ഷത്തേക്ക് കൂറുമാറാൻ ആൻറണി രാജുവിനും കോവൂർ കുഞ്ഞുമോനും തോമസ്  കെ തോമസ് 100 കോടി വാഗ്ദാനം ചെയ്തെന്ന ആരോപണത്തെ ചൊല്ലി വൻവിവാദം. തോമസിന് മന്ത്രിസ്ഥാനം നിഷേധിക്കാനുള്ള കാരണമായി മുഖ്യമന്ത്രിയാണ് ഇക്കാര്യം സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിൽ അറിയിച്ചത്. ഓഫർ ശരിവെക്കുന്ന രീതിയിൽ ആൻറണി രാജു പ്രതികരിച്ചപ്പോൾ ആരോപണത്തിന് പിന്നിൽ ആൻറണി രാജുവാണെന്ന് തോമസ് കെ തോമസ് കുറ്റപ്പെടുത്തി. കോവൂർ കുഞ്ഞുമോൻ ആരോപണം തള്ളി.

കൂറുമാറ്റത്തിന് 100 കോടി ഓഫർ എന്ന വിവാദം കത്തിപ്പടരുകയാണ്. കേരളരാഷ്ട്രീയത്തിൽ കേട്ടുകേൾവിയില്ലാത്ത ഗുരുതര ആരോപണമാണ് തോമസ്  കെ തോമസിനെതിരെ ഉയരുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള നിയമസഭാ സമ്മേളനത്തിനിടെ തോമസ് ഓഫർ മുന്നോട്ട് വെച്ചെന്നാണ് ആക്ഷേപം. എൻഡിഎക്കൊപ്പമുള്ള അജിത് പവാർ വിഭാഗത്തിലേക്ക് മറിയാൻ രണ്ട് ഇടത് എംഎല്‍എമാര്‍ക്ക് 50 കോടി വെച്ച് വാഗ്ദാനം ചെയ്തു എന്നാണ് ആരോപണം.

Latest Videos

എൻസിപിയുടെ മന്ത്രിമാറ്റ ആവശ്യം തടയാൻ കാരണം ഇതാണെന്ന് ഈ മാസം രണ്ടാം ആഴ്ച ചേർന്ന സിപിഎം സെക്രട്ടറിയേറ്റിലാണ് മുഖ്യമന്ത്രി അറിയിച്ചത്. മുഖ്യമന്ത്രി ചോദിച്ചപ്പോൾ ആൻറണി രാജു ഓഫറിന്‍റെ കാര്യം ശരിവെച്ചെന്നാണ് വിവരം. എല്ലാം പിണറായി വിജയനോട് സംസാരിച്ചെന്ന് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞ ആൻറണി രാജു 100 കോടി വാഗ്ദാനം തള്ളിയില്ല. പക്ഷെ നിഷേധിച്ച് തോമസ് പ്രതിക്കൂട്ടിലാക്കുന്നത് ആൻറണി രാജുവിനെയാണ്. 

മുഖ്യമന്ത്രി വിളിച്ചെന്ന് നമസ്തേ കേരളത്തിൽ  കോവൂർ കുഞ്ഞുമോൻ സമ്മതിച്ചു. വികാരാധീനനായ കോവൂർ ഓഫർ തള്ളി. വൈകീട്ട് മൂന്നിന് തോമസ് കെ തോമസ് കുട്ടനാട്ടിൽ വിശദമായ വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്. അതിന് ശേഷം കൂടുതൽ പ്രതികരിക്കുമെന്നാണ് ആൻറണി രാജുവിൻറെ തീരുമാനം.

കോഴ ഓഫർ നിസ്സാരമല്ല. കാശെറിഞ്ഞുള്ള കൂറുമാറ്റത്തിൽ എന്നും ബിജെപിയെയും കോൺഗ്രസ്സിനെയും വിമർശിക്കുന്നതാണ് സിപിഎം. ഇത്ര ഗൗരവമേറിയ കാര്യം അറിഞ്ഞിട്ടും പാർട്ടി യോഗത്തിൽ പറയുന്നതിനപ്പുറം  തോമസിനെതിരെ മുഖ്യമന്ത്രി എന്ത് കൊണ്ട് നടപടി എടുക്കുന്നില്ല എന്നതാണ് ചോദ്യം. ഭരണപക്ഷ എംഎൽമാരെ ബിജെപി പാളയത്തിലേകകെത്തിക്കാൻ ശ്രമിച്ച തോമസ് കെ തോമസ് ഇപ്പോഴും പിണറായിക്കൊപ്പം എൽഡിഎഫ് പാർലമെൻററി പാർട്ടിയോഗത്തിൽ അംഗമായി തുടരുകയാണ്.

click me!