ഓണക്കാലത്തെ വിപണി ഇടപെടലിന് വേണ്ടി സപ്ലൈകോയ്‌ക്ക്‌ 225 കോടി രൂപ അനുവദിച്ച് ധനവകുപ്പ്

By Web Team  |  First Published Aug 16, 2024, 10:50 AM IST

വിപണി ഇടപടലിന്‌ ഈ സാമ്പത്തിക വർഷത്തെ ബജറ്റ്‌ വകയിരുത്തൽ 205 കോടി രൂപയാണ്‌. കഴിഞ്ഞ മാസം 100 കോടി രൂപ അനുവദിച്ചിരുന്നു.


തിരുവനന്തപുരം: സംസ്ഥാന സിവിൽ സപ്ലൈസ്‌ കോർപറേഷന്‌ വിപണി ഇടപെടൽ പ്രവർത്തനങ്ങൾക്കായി 225 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഓണക്കാലത്ത്‌ അവശ്യ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ഒഴിവാക്കാനുള്ള വിവിധ പ്രവർത്തനങ്ങൾക്കാണ്‌ തുക അനുവദിച്ചത്‌. ബജറ്റ്‌ വിഹിതത്തിന്‌ പുറമെ 120 കോടി രൂപയാണ്‌ സപ്ലൈകോയ്‌ക്ക്‌ അധികമായി ലഭ്യമാക്കിയതെന്നും ധനവകുപ്പ് വ്യക്തമാക്കുന്നു.
  
വിപണി ഇടപടലിന്‌ ഈ സാമ്പത്തിക വർഷത്തെ ബജറ്റ്‌ വകയിരുത്തൽ 205 കോടി രൂപയാണ്‌. കഴിഞ്ഞ മാസം 100 കോടി രൂപ അനുവദിച്ചിരുന്നു. ബാക്കി 105 കോടി രൂപയാണ്‌ ബജറ്റ്‌ വകയിരുത്തൽ ഉണ്ടായിരുന്നത്‌. എന്നാൽ,  120 കോടി രൂപ അധികമായി നൽകാൻ ധന വകുപ്പ്‌ തീരുമാനിക്കുകയായിരുന്നു എന്നാണ് മന്ത്രി അറിയിച്ചത്. കഴിഞ്ഞ സാമ്പത്തിക വർഷം വിപണി ഇടപെടലിന്‌ ബജറ്റിൽ 205 കോടി രൂപയായിരുന്നു വകയിരുത്തൽ. എന്നാൽ ആകെ 391 കോടി രൂപ സപ്ലൈകോയ്‌ക്ക്‌ സർക്കാർ അനുവദിച്ചിരുന്നു.

അതേസമയം ഓണത്തിനോടനുബന്ധിച്ച് സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെയും പഴം, പച്ചക്കറി ഉത്പ്പന്നങ്ങളുടെയും വില നിയന്ത്രിക്കുന്നതിന് ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ- പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഓണത്തിന് മുന്നോടിയായി സംസ്ഥാനത്തെ അവശ്യസാധനങ്ങളുടെ വിലനിലവാരം ചര്‍ച്ച ചെയ്യുകയും വിവിധ വകുപ്പുകള്‍ സ്വീകരിച്ചിട്ടുള്ള നടപടികളും  മന്ത്രി വിലയിരുത്തുകയും ചെയ്തു

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!