​ഗോഡ്സെയെ പ്രകീർത്തിച്ച് ഫേസ്ബുക്ക് പോസ്റ്റ്; എൻഐടി പ്രൊഫസർക്കെതിരെ കലാപാഹ്വാനത്തിന് കേസ്

By Web TeamFirst Published Feb 3, 2024, 8:27 PM IST
Highlights

ഹിന്ദു മഹാസഭാ പ്രവര്‍ത്തകന്‍ നാഥുറാം വിനായക് ഗോഡ്സെ ഭാരതത്തില്‍ ഒരുപാട് പേരുടെ ഹീറോ എന്ന കുറിപ്പോടെ അഡ്വ കൃഷ്ണരാജ് എന്ന പ്രൊഫൈലില്‍ നിന്നും പോസ്റ്റ് ചെയ്ത ഗോഡ്സെയുടെ ചിത്രത്തിന് താഴെയാണ് പ്രൊഫസര്‍ ഷൈജ ആണ്ടവന്റെ പ്രതികരണം വന്നത്.  

കോഴിക്കോട്: ഗോഡ്സയെ പ്രകീര്‍ത്തിച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട എന്‍ഐടി പ്രഫസ‍ർക്കെതിരെ കേസ്. എസ്എഫ്ഐയുടെ പരാതിയിലാണ് എന്‍ഐടി പ്രൊഫസര്‍ ഷൈജ ആണ്ടവനെതിരെ കലാപാഹ്വാനത്തിന് കുന്നമംഗലം പൊലീസ് കേസെടുത്തത്. ഗോഡ്സെ ഇന്ത്യയെ രക്ഷിച്ചതില്‍ അഭിമാനമുണ്ടെന്നായിരുന്ന അധ്യാപികയുടെ വിവാദ പരാമർശം.

മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷി ദിനമായ ജനുവരി 30ന് ഗോഡ്സെയെ പ്രകീര്‍ത്തിച്ച് അഡ്വ കൃഷ്ണരാജെന്ന പ്രൊഫൈല്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത അഭിപ്രായത്തിനു താഴെയായിരുന്നു എന്‍ഐടി പ്രൊഫസറായ ഷൈജ ആണ്ടവന്‍റെ വിവാദ പരാമര്‍ശം. നാഥുറാം വിനായക് ഗോഡ്സെ ഒരുപാട് പേരുടെ ഹീറോ എന്ന അഡ്വ കൃഷ്ണരാജിന്‍റെ പരാമര്‍ശത്തെ പിന്തുണച്ച് ഗോഡ്സെ ഇന്ത്യയെ രക്ഷിച്ചതില്‍ അഭിമാനമുണ്ടെന്നായിരുന്നു ഷൈജ ആണ്ടവന്‍ കമന്‍റിട്ടത്. 

Latest Videos

പ്രാണപ്രതിഷ്ഠാദിനത്തില്‍ സംഘപരിവാര്‍ അനുകൂല വിദ്യാര്‍ത്ഥി കൂട്ടായ്മ ജയ്ശ്രീറാം മുദ്രാവാക്യം മുഴക്കുകയും കാവി നിറത്തില്‍ ഇന്ത്യയുടെ ഭൂപടം വരയ്ക്കുകയും ചെയ്തതിനെച്ചൊല്ലിയുളള വിദ്യാര്‍ത്ഥി സംഘര്‍ഷത്തിനു പിന്നാലെയായിരുന്നു ഈ സംഭവം. അധ്യാപികയുടെ പരാമ‍ർശം സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായതോടെ എസ്എഫ്ഐ കുന്നമംഗലം ഏരിയാകമ്മിറ്റി സെക്രട്ടറി നൽകിയ പരാതിയിലാണ് പൊലീസ് കലാപാഹ്വാനത്തിന് കേസെടുത്തത്.

തന്റെ കമന്റ് ഗൗരവത്തോടെയല്ലെന്നായിരുന്നു ഷൈജ ആണ്ടവന്റെ വിശദീകരണം. അതിനിടെ, പ്രാണപ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് എന്‍ഐടി കാമ്പസിനുള്ളില്‍ നടന്ന സംഘര്‍ഷത്തില്‍ പത്തു വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഇന്ത്യയുടെ ഭൂപടം കാവിനിറത്തില്‍ തയാറാക്കിയതിനെതിരെ പ്രതിഷേധിച്ചതിന് ഒരു സംഘം  മര്‍ദിച്ചെന്ന കൈലാസ് എന്ന വിദ്യാര്‍ത്ഥിയുടെ പരാതിയിലാണ് പത്തുപേര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. വൈശാഖ് പ്രേംകുമാറെന്ന വിദ്യാര്‍ത്ഥിയെ സസ്പെന്‍ഡ് ചെയ്ത നപടിക്കെതിരെ എന്‍ഐടി കാമ്പസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ എസ്എഫ്ഐ ,കെഎസ് യു, ഫ്രട്ടേണിറ്റി സംഘടനകളിലെ 25 പേര്‍ക്കെതിരെയും കുന്നമംഗലം പൊലീസ് കേസെടുത്തിട്ടുണ്ട്.

'ഗോഡ്‌സെ ഇന്ത്യയെ രക്ഷിച്ചതിൽ അഭിമാനം': കോഴിക്കോട് എൻഐടി പ്രൊഫസറുടെ കമന്റ് വിവാദത്തിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

 

click me!