'ഡിസ്ചാര്‍ജ് ചെയ്യാൻ പരിശോധന വേണ്ട'; വീടുകളിലെ ചികിത്സയും ഉടൻ തുടങ്ങണമെന്ന് വിദഗ്ധ സമിതി

By Web Team  |  First Published Jul 23, 2020, 5:56 AM IST

നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനത്ത് കൊവിഡ് സമ്പര്‍ക്ക വ്യാപനം ഇനിയും കൂടുമെന്നാണ് വിദഗ്ധ സമിതിയുടെ മുന്നറിയിപ്പ്.


കൊല്ലം: കൊവിഡ് സ്ഥിരീകരിച്ചശേഷം മറ്റ് പ്രശ്നങ്ങളൊന്നുമില്ലെങ്കിൽ പത്താം ദിവസം പരിശോധനകള്‍ നടത്താതെ തന്നെ ഡിസ്ചാര്‍ജ് ചെയ്യണമെന്ന് വിദഗ്ധ സമിതി ശുപാര്‍ശ. രോഗലക്ഷണങ്ങളില്ലാത്തവരെ വീടുകളില്‍ തന്നെ ചികിത്സിക്കണമെന്ന നിര്‍ദേശവും സര്‍ക്കാരിന് കൈമാറി. നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനത്ത് കൊവിഡ് സമ്പര്‍ക്ക വ്യാപനം ഇനിയും കൂടുമെന്നാണ് വിദഗ്ധ സമിതിയുടെ മുന്നറിയിപ്പ്.

നിലവിലെ അവസ്ഥ പരിഗണിക്കുമ്പോൾ രോഗ ബാധിതരുടെ എണ്ണം ഇനിയും വലിയതോതില്‍ കൂടും. പരിശോധന നടത്തുന്ന ഇടങ്ങളിലൊക്കെ രോഗികളെ കണ്ടെത്തുന്നു. അതും വലിയ തോതില്‍ തന്നെ. ക്ലസ്റ്ററുകളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്ന ഗുരുതരമായ സാഹചര്യമാണ് നിലവിലുള്ളത്. ഈ ക്ലസ്റ്ററുകളില്‍ 80 ശതമാനവും സൂപ്പര്‍ സ്പ്രെഡ് ഉണ്ടായ മേഖലകളിലാണ്. പലര്‍ക്കും രോഗ ലക്ഷണം പോലും ഇല്ല. ഈ സാഹചര്യത്തില്‍ ചികിത്സകള്‍ക്കായി കൂടുതല്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് കേന്ദ്രങ്ങള്‍ തുടങ്ങണം. മെഡിക്കല്‍ കോളേജ് ആശുപത്രികളിലെ ചികിത്സ ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്കായി മാറ്റണമെന്നും വിദഗ്ധ സമിതി ശുപാര്‍ശ ചെയ്യുന്നു. 

Latest Videos

നിലവില്‍ വളരെ കുറച്ച് പേര്‍ക്കാണ് രോഗം ഗുരുതരമാകുന്നത്. എന്നാല്‍ ഈ സാഹചര്യവും മാറിയേക്കാം. അതുകൊണ്ട് സര്‍ക്കാര്‍ മേഖലയിലെ തീവ്ര പരിചരണ വിഭാഗങ്ങള്‍ ശക്തിപ്പെടുത്തണം. നിരക്ക് നിശ്ചയിച്ച് സ്വകാര്യ ആശുപത്രികളില്‍ കൂടി ഫസ്റ്റ് ലൈൻ ചികിത്സ കേന്ദ്രങ്ങള്‍ തുടങ്ങണം. സമ്പര്‍ക്ക രോഗികളുടെയും ഉറവിടമറിയാത്ത രോഗികളുടേയും എണ്ണം കൂടാതിരിക്കാൻ പരിശോധനകളുടെ എണ്ണം ഇനിയും കൂട്ടണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

click me!