സമ്പർക്ക രോഗികളുടെ ഗ്രാഫ് ഉയര്‍ന്ന് തന്നെ, എറണാകുളത്ത് പരിശോധന വര്‍ധിപ്പിച്ച് ജില്ല ഭരണകൂടം

By Web Team  |  First Published Jul 10, 2020, 12:45 PM IST

ആലുവ,ചെല്ലാനം മേഖലകളിലെ ഹൈറിസ്ക് വിഭാഗത്തിലെ മുഴുവൻ ആളുകൾക്കും കൊവിഡ് ടെസ്റ്റ് നടത്തും. കൊച്ചിയിൽ നിയന്ത്രണങ്ങളോട് ജനങ്ങൾ സഹകരിച്ചില്ലെങ്കിൽ സാഹചര്യം സങ്കീർണമാകുമെന്ന് മേയർ സൗമിനി ജെയിൻ പറഞ്ഞു.


കൊച്ചി: സമ്പർക്ക രോഗികൾ ഉയരുന്ന എറണാകുളത്തെ നിയന്ത്രിത മേഖലകളിൽ പരിശോധനകൾ വർധിപ്പിച്ച് ജില്ല ഭരണകൂടം. ആലുവ,ചെല്ലാനം മേഖലകളിലെ ഹൈറിസ്ക് വിഭാഗത്തിലെ മുഴുവൻ ആളുകൾക്കും കൊവിഡ് ടെസ്റ്റ് നടത്തും. കൊച്ചിയിൽ നിയന്ത്രണങ്ങളോട് ജനങ്ങൾ സഹകരിച്ചില്ലെങ്കിൽ സാഹചര്യം സങ്കീർണമാകുമെന്ന് മേയർ സൗമിനി ജെയിൻ പറഞ്ഞു.

ജില്ലയിലെ കൊവിഡ് സാഹചര്യം നിയന്ത്രണവിധേയമാണെങ്കിലും ആശങ്ക ഒഴിയുന്നില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്‍റെ വിലയിരുത്തൽ. സമ്പർക്ക രോഗികൾ കൂടുന്ന ആലുവയിലും, ചെല്ലാനത്തും ട്രിപ്പിൾ ലോക്ഡൗൺ നിയന്ത്രണങ്ങളാണ് നടപ്പാക്കുന്നത്. അവശ്യസർവ്വീസ് ഒഴികെ ഒന്നും അനുവദിക്കുന്നില്ല. 23 ൽ 15 വാർഡുകളും നിയന്ത്രിതമേഖലയാക്കിയതോടെ ആലുവ നഗരം പൂർണ്ണമായി അടച്ചു. നൂറുക്കണക്കിന് വീടുകളിലായി ജനങ്ങൾ തിങ്ങിപ്പാർക്കുന്ന തീരദേശമേഖലയായ ചെല്ലാനം പഞ്ചായത്തിൽ അതിവേഗവ്യാപനത്തിന്‍റെ സാധ്യതകളുണ്ട്. ഈ മേഖലകളിലെ മുതിർന്ന പൗരന്മാർ ഉൾപ്പടെ ഹൈറിസ്ക് വിഭാഗത്തിലെ മുഴുവൻ ആളുകൾക്കും കൊവിഡ് പരിശോധന നടത്തും. മൊബൈൽ യൂണിറ്റുകൾ വഴി സ്രവം ശേഖരിക്കും, ആവശ്യമെങ്കിൽ ആന്‍റിജെൻ പരിശോധന നടത്താനുമാണ് തീരുമാനം. 

Latest Videos

കൊച്ചി നഗരത്തിൽ സ്വകാര്യ ഏജൻസിയുമായി സഹകരിച്ച് നിയന്ത്രിത മേഖലകൾ നഗസഭ അണുവിമുക്തമാക്കി. നഗരത്തിൽ സമ്പർക്ക രോഗികളുടെ എണ്ണത്തിൽ കുറവുണ്ട്. എങ്കിലും ആശങ്ക ഒഴിയുന്നില്ലെന്നും  മേയർ സൗമിനി ജെയിൻ വ്യക്തമാക്കി. എറണാകുളം എസ്ആ‌ർവി സ്കൂളിലെ പ്ലസ് ടു മൂല്യനിർണ്ണയത്തിൽ പങ്കെടുത്ത കെമിസ്ട്രി അദ്ധ്യാപികക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഡ്യൂട്ടിയിലുണ്ടായിരുന്ന 18 അദ്ധ്യാപകർ ക്വാറന്‍റീനിലാണ്.

click me!