രണ്ടിലയുടെ പച്ചപ്പിൽ തളിർത്ത് തോമസ് ചാഴിക്കാടൻ, ചിഹ്നം നോക്കി കുത്തുന്നവരെ കൺഫ്യൂഷനിലാക്കി 'കേരള കോൺഗ്രസ്'

By Web TeamFirst Published Mar 9, 2024, 1:01 PM IST
Highlights

രണ്ടിലക്ക് കൂടുതൽ ഊന്നൽ നൽകിയുള്ള ഇടതുമുന്നണി പ്രചാരണം കുറഞ്ഞപക്ഷം പരമ്പരാഗതമായി യുഡിഎഫിന് വോട്ട് ചെയ്യുന്ന മുതിർന്ന പൗരന്മാരിൽ എങ്കിലും ആശയക്കുഴപ്പം സൃഷ്ടിച്ചേക്കുമെന്ന പേടി യുഡിഎഫിനുണ്ട്

കോട്ടയം: സ്വന്തമായി തിരഞ്ഞെടുപ്പ് ചിഹ്നമുള്ള കേരള കോൺഗ്രസും ചിഹ്നമില്ലാത്ത കേരള കോൺഗ്രസും തമ്മിലാണ് കോട്ടയത്തെ മൽസരം. രണ്ടില ചിഹ്നത്തിലുള്ള തോമസ് ചാഴിക്കാടന്റെ മൽസരം യുഡിഎഫ് വോട്ടുകൾ പോലും സ്വന്തം പെട്ടിയിൽ വീഴാൻ വഴിവയ്ക്കുമെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി. പുറമേക്ക് ആത്മവിശ്വാസം പറയുന്നുണ്ടെങ്കിലും ചിഹ്നം ഇല്ലാത്തത് ചില്ലറ ആശയക്കുഴപ്പം യുഡിഎഫ് ക്യാമ്പിൽ സൃഷ്ടിക്കുന്നുണ്ട്.

ചാഴിക്കാടന്റെ പേര് എഴുതിയ കോട്ടയത്തെ ചുവരിൽ എല്ലാം രണ്ടില അങ്ങനെ തളിർത്തു നിൽക്കുകയാണ്. പറ്റുന്നിടത്തെല്ലാം പതിവിൽ കവിഞ്ഞ് പ്രാധാന്യത്തോടെ രണ്ടിലയെ കുറിച്ച് ചാഴിക്കാടനും പറയുന്നുണ്ട്. കെ എം മാണിയുടെ മരണശേഷം കേരള കോൺഗ്രസ് പിളർന്നപ്പോൾ ജോസഫ് ഗ്രൂപ്പും ജോസ് കെ മാണി അനുകൂലികളും പരസ്പരം തർക്കിച്ചത് രണ്ടിലക്ക് വേണ്ടിയായിരുന്നു. ആ തർക്കത്തിൽ പക്ഷേ തിരഞ്ഞെടുപ്പ് കമ്മീഷൻ ജോസിനൊപ്പം നിന്നു. ഇതോടെ ജോസഫ് വിഭാഗത്തിന്റെ രണ്ടില കീറി.

Latest Videos

അതിനു പിന്നാലെ കഴിഞ്ഞ തവണ നടന്ന തെരഞ്ഞെടുപ്പിൽ രണ്ടില ഉള്ള കേരള കോൺഗ്രസും രണ്ട് ഇല ഇല്ലാത്ത കേരള കോൺഗ്രസും പരസ്പരം മത്സരിച്ചത് 3 ഇടത്തായിരുന്നു. മൂന്നിൽ രണ്ടിടത്തും ജയിച്ചത് രണ്ടില പാർട്ടിയും. ഇക്കുറി രണ്ടിലക്ക് കൂടുതൽ ഊന്നൽ നൽകിയുള്ള ഇടതുമുന്നണി പ്രചാരണം കുറഞ്ഞപക്ഷം പരമ്പരാഗതമായി യുഡിഎഫിന് വോട്ട് ചെയ്യുന്ന മുതിർന്ന പൗരന്മാരിൽ എങ്കിലും ആശയക്കുഴപ്പം സൃഷ്ടിച്ചേക്കുമെന്ന പേടി യുഡിഎഫിനുണ്ട്

ചുരുക്കത്തിൽ ചിഹ്നം ഒരു ചോദ്യചിഹ്നമായി കോട്ടയത്തെ യുഡിഎഫിനു മുന്നിൽ നിൽക്കുമ്പോൾ അതു മുതലെടുക്കാൻ നന്നായി ശ്രമിക്കുന്നുമുണ്ട് എൽഡിഎഫ്. പക്ഷേ പ്രചാരണം അവസാന ലാപ്പിലേക്ക് കടക്കുമ്പോൾ ചിഹ്നമൊക്കെ അപ്രസക്തമാകുമെന്നും കിട്ടാനുള്ള വോട്ടൊക്കെ ഫ്രാൻസിസ് ജോർജിന്റെ പേരിലേക്ക് തന്നെ കിട്ടുമെന്നുമുള്ള ആത്മവിശ്വാസമാണ് യുഡിഎഫ് പ്രകടിപ്പിക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!