കൊവിഡ് പ്രോട്ടോകോളുമായി ബന്ധപ്പെട്ട വിഷയമായതിനാൽ ആരോഗ്യവകുപ്പുമായി ആലോചിച്ച ശേഷം നടപടിയിൽ തീരുമാനമെന്നാണ് വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസ് പറയുന്നത്
തിരുവനന്തപുരം: സംസ്ഥാനത്ത് വാക്സീനെടുക്കാത്ത(unvaccinated) അധ്യാപകർക്കെതിരെ(teachers) ആരോഗ്യവകുപ്പുമായി ആലോചിച്ച് നടപടിയെടുക്കാൻ വിദ്യാഭ്യാസ വകുപ്പ്(education department).കർശന നടപടിയുണ്ടാകുമെന്ന് മന്ത്രി പറയുമ്പോഴും എന്ത് ചെയ്യണമെന്ന ആശയക്കുഴപ്പത്തിലാണ് വകുപ്പ്. വാക്സീൻ എടുക്കാത്ത അധ്യാപകരുടെ കൃത്യമായ കണക്കും വിദ്യാഭ്യാസ വകുപ്പിന്റെ പക്കലില്ല.
നവംബർ ഒന്നിന് സ്കൂളുകൾ തുറക്കുന്നതിന് മുമ്പായി വിദ്യാഭ്യാസ മന്ത്രി പറഞ്ഞ കണക്ക് അനുസരിച്ച് 2282 അധ്യാപകരും 327 അനധ്യപകരും വാക്സീനെടുത്തിട്ടില്ല. എന്നാൽ ഇപ്പോൾ 5000ഓളം അധ്യാപകർ വാക്സിനെടുക്കാത്തതായി ഉണ്ടെന്ന് മന്ത്രി പറയുന്നു. ഇത്
അംഗീകരിക്കാനാകില്ല. വിദ്യാർഥികളുടെ ആരോഗ്യമാണ് പ്രധാനം. അതേസമയം അധ്യാപകരിൽ വാക്സിനെടുക്കാത്തതിന് എത്രപേർ അലർജി അടക്കമുള്ള ആരോഗ്യപരമായ കാരണങ്ങളാൽ, മതപരമായകാരണങ്ങൾ എന്നിങ്ങനെ വേർതിരിച്ചുള്ള കൃത്യമായ കണക്കും വിദ്യാഭ്യാസ വകുപ്പ് നൽകുന്നില്ല. സ്കൂൾ തുറന്ന സമയത്ത് ഡിഡിഇമാർ നൽകിയ വിവരം അനുസരിച്ചാണ് മന്ത്രി എണ്ണം പറഞ്ഞത്. അന്ന് രണ്ടാഴ്ചത്തേക്ക് ഈ അധ്യാപകരോട് സ്കൂളിൽ വരേണ്ടെന്ന നിർദ്ദേശവും നൽകിയരുന്നു.
undefined
പക്ഷെ ഒരു മാസം പിന്നിടുമ്പോഴും ഇവരുടെ കാര്യത്തിൽ ഒരു തീരുമാനവുമായിട്ടില്ല. ഇപ്പോഴും ഓൺലൈൻ ക്ലാസുകൾക്കായി മാത്രമാണ് ഈ അധ്യാപകരെ ഉപയോഗിക്കുന്നത്. കൊവിഡ് പ്രോട്ടോകോളുമായി ബന്ധപ്പെട്ട വിഷയമായതിനാൽ ആരോഗ്യവകുപ്പുമായി ആലോചിച്ച ശേഷം നടപടിയിൽ തീരുമാനമെന്നാണ് വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസ് പറയുന്നത്. ദുരന്തനിവാരണ നിയമപ്രകാരവും നടപടി ആലോചിക്കാം. എന്നാൽ അത്ര കടുപ്പിക്കേണ്ടെന്നും അഭിപ്രായമുണ്ട്. എന്നാൽ മതപരമായ കാരണങ്ങളാൽ വാക്സീനെടുക്കാത്ത അധ്യാപകർക്കെതിരെ നടപടിയെടുക്കാത്തതിൽ സാമൂഹ്യമാധ്യമങ്ങളിൽ വിമർശനമുയരുന്നുണ്ട്.
ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരെ വാക്സീൻ എടുക്കുന്നതിൽ നിന്ന് ഒഴിവാക്കി ഉത്തരവിട്ട് സ്കൂളിൽ വരാൻ അനുവദിക്കണമെന്നാണ് എയ്‍ഡഡ് ഹയർ സെക്കന്ററി ടീച്ചേഴ്സ് അസോസിയേഷന്റെ ആവശ്യം.