തെങ്ങണയിൽ ഇതര സംസ്ഥാന തൊഴിലാളിയെ പോലെ താമസം, ഒരു പൊതിക്ക് 500 രൂപ നിരക്കിൽ വിൽക്കുന്നതിനിടെ ലഹരിയുമായി പിടിയിൽ

By Web Team  |  First Published Nov 12, 2024, 8:39 PM IST

യുവാക്കൾക്കും ഇതര സംസ്ഥാന തൊഴിലാളികൾക്കുമാണ് ലഹരി വസ്തുക്കളുടെ പൊതികൾ വിറ്റിരുന്നത്. ഇങ്ങനെ കിട്ടിയ പണവും ഇയാളുടെ കൈവശമുണ്ടായിരുന്നു.


ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി തെങ്ങണയിൽ 52 ഗ്രാം ബ്രൗൺ ഷുഗർ, 20 ഗ്രാം കഞ്ചാവ് എന്നിവയുമായി ഇതര സംസ്ഥാന തൊഴിലാളി എക്സൈസുകാരുടെ പിടിയിലായി. പശ്ചിമബംഗാൾ മാൾഡ സ്വദേശിയായ മുബാറക് അലിയാണ് (37) ലഹരി മരുന്നുകളുമായി പിടിയിലായത്. തെങ്ങണ കവലയിൽ അഥിതി തൊഴിലാളികൾക്കും ഏതാനും ചെറുപ്പക്കാർക്കും ലഹരി വിൽപ്പന നടത്തിക്കൊണ്ടിരിക്കവെ ഇയാള്‍ കൈയോടെ പിടിയിലാവുകയായിരുന്നു. 

ചങ്ങനാശ്ശേരി തെങ്ങണ മെഡിക്കൽ മിഷൻ ആശുപത്രിക്ക് സമീപത്തായിരുന്നു സംഭവം. റോഡരികിൽ വെച്ചാണ് ഇയാൾ ലഹരി വസ്തുക്കളുമായി പിടിയിലായത്. ബംഗാളിൽ നിന്ന് മൊത്തമായി എത്തിച്ച ലഹരി വസ്തുക്കൾ ചെറിയ പൊതികളിലാക്കി ആവശ്യക്കാർക്ക് നൽകുന്നതായിരുന്നു മുബാറക് അലിയുടെ രീതി. ഇങ്ങനെ നൽകുന്ന ഒരു പൊതിക്ക് 500 രൂപ വീതം വാങ്ങും. തൊഴിലാളിയെന്ന പേരിൽ തെങ്ങണയിൽ വീടെടുത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നെങ്കിലും ലഹരി വിൽപനയായിരുന്നു പ്രധാന പരിപാടി. 35,000 രൂപയും ഇയാളിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. 

Latest Videos

undefined

കോട്ടയം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ രാജേഷ് പി.ജിയുടെ നേതൃത്വത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ നൗഷാദ് എം, അരുൺ.സി.ദാസ്, പ്രിവന്റീവ് ഓഫീസർ നിഫി ജേക്കബ്, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രശോഭ് കെ.വി, ശ്യാം ശശിധരൻ, വനിത സിവിൽ എക്സൈസ് ഓഫീസർ സുജാത സി.ബി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ജോഷി എന്നിവരടങ്ങിയ സംഘമാണ് മുബാറക് അലിയെ പിടികൂടിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!