കടലിലേക്ക് തള്ളിയിട്ടത് എവിടെയെന്ന് മാഹിൻകണ്ണ് പൊലീസിനെ കാണിച്ചുകൊടുത്തു. 2011 ഓഗസ്റ്റ് 18ന് രാത്രി 9 മണിയോടെയാണ് കൃത്യം ചെയ്തതെന്ന് ഇയാൾ പൊലീസിന് മൊഴി നൽകി.
തിരുവനന്തപുരം : തിരുവനന്തപുരത്ത് അമ്മയെയും മകളെയും കടലിൽ തള്ളിയിട്ടു കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മാഹിൻ കണ്ണിനെയും കൊണ്ട് അന്വേഷണസംഘം തെളിവെടുപ്പ് നടത്തി. കേരള തമിഴ്നാട് അതിർത്തിയിലെ ആളില്ലാതുറ എന്ന സ്ഥലത്താണ് തെളിവെടുപ്പ് നടത്തിയത്. കടലിലേക്ക് തള്ളിയിട്ടത് എവിടെയെന്ന് മാഹിൻകണ്ണ് പൊലീസിനെ കാണിച്ചുകൊടുത്തു. 2011 ഓഗസ്റ്റ് 18ന് രാത്രി 9 മണിയോടെയാണ് കൃത്യം ചെയ്തതെന്ന് ഇയാൾ പൊലീസിന് മൊഴി നൽകി.
പ്രതികളായ മാഹിൻകണ്ണും റുഖിയയും വിദ്യയേയും മകൾ ഗൗരിയെയും ആളില്ലാത്തുറ എന്ന സ്ഥലത്തെ കടലിൽ തള്ളി എന്ന് പ്രതികള്‍ സമ്മതിച്ചെന്ന് തിരുവനന്തപുരം റൂറൽ എസ് പി ഡി ശില്‍പ വ്യക്തമാക്കിയിരുന്നു. 2011 ആഗസ്റ്റ് 18 ന് വിദ്യയേയും മകൾ ഗൗരിയെയും കാണാതായ ദിവസം തന്നെ ഇരുവരെയും മാഹിൻകണ്ണ് കൊന്നിരുന്നു. പിന്നീട് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയപ്പോള്‍ ആശുപത്രിയില്‍ പോയി മാഹിൻകണ്ണ് കണ്ടിരുന്നു. വിദ്യയെ ഒഴിവാക്കാൻ റുഖിയ നിർബന്ധിച്ചുവെന്ന് മാഹിൻകണ്ണ് പറഞ്ഞതായി റൂറൽ എസ് പി ഡി ശില്‍പ കൂട്ടിച്ചേര്‍ത്തു.
മാഹിന്‍കണ്ണിനെ കൊലക്കുറ്റം ചുമത്തിയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തതിരിക്കുന്നത്. മാഹിന്‍ കണ്ണിന്‍റെ ഭാര്യ റുഖിയയ്ക്ക് കൊലപാതക ഗൂഢാലോചനയില്‍ പങ്കുള്ളതിനാല്‍ ഗൂഢാലോചനക്കേസാണ് ചുമത്തിയിരിക്കുന്നത്. ഇരുവരെയും തിരുവനന്തപുരം റൂറല്‍ എസ്പി ഓഫീസിലെത്തിച്ച് ചോദ്യം ചെയ്യുന്നതിനിടെ നിര്‍ണായകമായ കൂടുതല്‍ കാര്യങ്ങള്‍ അന്വേഷണ സംഘത്തിന് കിട്ടിയിരുന്നു. 2011 ഓഗസ്റ്റ് 22 ന് മാഹിന്‍ കണ്ണ് വിദ്യയുടെ അമ്മയെയും അച്ഛനെയും പൂവാറിലേക്ക് എത്തിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതായും വിവരമുണ്ട്.