ഹൊ എന്തൊരു ഫീല്, മിസ്സാക്കല്ലേ മക്കളേ..! അറിയുമോ ഈ മനോഹര ഇടം; നട്ടുച്ചയിലും നനവൂറും കുളിരേകും പാഞ്ചാലിമല

By Web TeamFirst Published Feb 6, 2024, 3:50 PM IST
Highlights

ഇടുക്കിയെ മിടുക്കിയാക്കുന്ന മലനിരയും വിദൂര കാഴ്ചകളുടെ വശ്യതയും ഒത്തുചേർന്ന പാഞ്ചാലിമല ടൂറിസ്റ്റുകൾക്ക് പുത്തനുണർവേകുന്നു

ഇടുക്കി: ഇടുക്കിയെ മിടുക്കിയാക്കുന്ന മലനിരയും വിദൂര കാഴ്ചകളുടെ വശ്യതയും ഒത്തുചേർന്ന പാഞ്ചാലിമല ടൂറിസ്റ്റുകൾക്ക് പുത്തനുണർവേകുന്നു. ജില്ലയുടെ പ്രധാന വിനോദ സഞ്ചാര മേഖലയായ വാഗമൺ മലനിരകളോട് ചേർന്ന പ്രദേശമാണെങ്കിലും അധികമാരും അറിയാത്ത സുന്ദര ഭൂമിയാണ് പാഞ്ചാലിമല. വാഗമൺ മലനിരകളുടെ സൗന്ദര്യവും ഹൈറേഞ്ചിന്റെ വശ്യതയും ഒത്തുചേർന്ന് കാഴ്ചകളുടെ വിരുന്നൊരുക്കി കാത്തിരിക്കുന്ന പാഞ്ചാലിമല സൗന്ദര്യം ഏറെയാണ്. 

കുടിയേറ്റ  ഗ്രാമമായ ഉപ്പുതറയുടെ തിലകക്കുറിയായി സ്ഥിതി ചെയ്യുന്ന പർവ്വതമാണ് പാഞ്ചാലിമല. വളകോടിന് സമീപം മത്തായി പാറയിലാണ് പാഞ്ചാലിമലയിലേക്കുള്ള കവാടം. കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിന്റെ  ട്രാവലർ ആൻഡ്‌ ടൂറിസം ഫെസ്റ്റിനായി ഇപ്പോൾ ഒരുങ്ങിയിരിക്കുകയാണ് ഇവിടം. അധികമാരാലും ശ്രദ്ധിക്കാതെ കിടന്ന പാഞ്ചാലിമല ഇപ്പോൾ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാവുകയാണ്. ഉപ്പുതറ പഞ്ചായത്തിൽ വാഗമൺ മലനിരകളോട് ചേർന്നാണ് പാഞ്ചാലിമല സ്ഥിതി ചെയ്യുന്നത്. പാഞ്ചാലിമല ഇപ്പോൾ കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിന്റെ ട്രാവൽ ആൻഡ് ടൂറിസം ഫെസ്റ്റിനോടനുബന്ധിച്ചാണ് ശ്രദ്ധേയമാവുന്നത്. 

Latest Videos

സാഹസികതയും സൗന്ദര്യവും ഒത്തുചേർന്ന വശ്യത

സ്റ്റാർട്ടിങ് പോയിന്റ് നിന്നും ഒരല്പം ഓഫ് റോഡ് വഴി യാത്ര ചെയ്താൽ കുന്നിൻ മലയിലേക്ക് കയറാൻ സാധിക്കും. ഒരല്പം സാഹസീകത നിറഞ്ഞ ട്രക്കിംഗ് അനുഭവമാണ് പാഞ്ചാലിമലയിലേക്കുള്ള കാൽനടയാത്ര സമ്മാനിക്കുന്നത്. പാഞ്ചാലി മലയുടെ മുകൾത്തട്ടിൽ എത്തിയാൽ പിന്നെ വിശാലമായ കാഴ്ച അനുഭവമാണ് ലഭ്യമാകുന്നത്. നോക്കത്താ ദൂരം നീണ്ട കിടക്കുന്ന താഴ് വാരങ്ങളുടെ  കാഴ്ചകൾ ഏതൊരു വിനോദസഞ്ചാരിയുടെയും മനം കവരുന്നതാണ്.

ടൂറിസം ഫെസ്റ്റിനോട് അനുബന്ധിച്ച് നിരവധിയായ  വിനോദ സഞ്ചാരികൾ ഇവിടേക്ക് എത്തും എന്നാണ് അധികൃതരുടെ പ്രതീക്ഷ. അതുകൊണ്ടുതന്നെ പ്രാഥമിക ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് ബ്ലോക്ക് പഞ്ചായത്ത്.  ഒപ്പം പാഞ്ചാലിമലയിൽ അഡ്വഞ്ചർ ടൂറിസം പദ്ധതികൾ നടപ്പിലാക്കാനുള്ള ആലോചനയിലാണ് ഗ്രാമപഞ്ചായത്ത് അധികൃതരും. അഡ്വഞ്ചർ ടൂറിസത്തിനടക്കം വിവിധങ്ങളായ സാധ്യതകൾ നിലനിൽക്കുന്ന ഭൂപ്രദേശമാണിവിടം.  വരും നാളുകൾ വാഗമണ്ണിനൊപ്പം അറിയപ്പെടുന്ന വിനോദസഞ്ചാര കേന്ദ്രമായി പാഞ്ചാലിമല മാറുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. 

ടൂറിസം ഫെസ്റ്റിലൂടെ  അറിയപ്പെടുന്ന പ്രധാന ട്രക്കിംഗ് പോയിന്റായി ഇവിടം മാറും എന്ന പ്രതീക്ഷയിലാണ് അധികൃതർ. വാഗമൺ മലനിരകൾക്കൊപ്പം ഉയരമുള്ള പർവതമാണ് പാഞ്ചാലിമല. അതുകൊണ്ടുതന്നെ നട്ടുച്ച സമയത്തും തണുത്ത അന്തരീക്ഷമാണ് ഇവിടെയുള്ളത്. ആകാശം തൊട്ടു നിൽക്കുന്ന വാഗമൺ മലനിരകൾ,  മനോഹര കാഴ്ചയൊരുക്കുന്ന തേയില തോട്ടങ്ങൾ, വർണ്ണാഭമായ  സൂര്യാസ്തമയ കാഴ്ച സമ്മാനിക്കുന്ന പുളിങ്കട്ട ഏഴാം നമ്പർ, മേമാരി ആദിവാസി ഭൂപ്രദേശങ്ങൾ, ഇടുക്കി ജലാശയ കാഴ്ചകൾ -തുടങ്ങി ഒട്ടനവധി കാഴ്ചകളാണ് ഇവിടെ എത്തുന്ന സഞ്ചാരികളെ കാത്തിരിക്കുന്നത്. 

12.7 കോടി വോട്ടർ, ഇമ്രാൻ ജയിലിൽ; ആകെ ഭീതി, ബൂത്തിലേക്ക് എത്രപേരെത്തും, പാക്കിസ്ഥാൻ തെരഞ്ഞെടുപ്പ് പ്രഹസനം?!

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!