കറുപ്പണിഞ്ഞ് ഡിഎംകെയും പങ്കെടുക്കും, സ്റ്റാലിന്റെ കത്ത് മുഖ്യമന്ത്രിക്ക്, കേരള സമരം ജന്തര്‍മന്ദറിൽ തന്നെ

By Web TeamFirst Published Feb 6, 2024, 2:46 PM IST
Highlights

കേന്ദ്രത്തിനെതിരായ കേരള സർക്കാരിൻറെ ദില്ലിയിലെ പ്രതിഷേധ സമരത്തിന് ജന്തർമന്ദറില്‍ ദില്ലി പൊലീസ് അനുമതി നല്‍കി.

ദില്ലി: കേന്ദ്രത്തിനെതിരായ കേരള സർക്കാരിൻറെ ദില്ലിയിലെ പ്രതിഷേധ സമരത്തിന് ജന്തർമന്ദറില്‍ ദില്ലി പൊലീസ് അനുമതി നല്‍കി. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ദില്ലി, പഞ്ചാബ് മുഖ്യമന്ത്രിമാരും സമരത്തിൽ പങ്കെടുക്കും. അതേസമയം, എഐസിസി നേതൃത്വം ചടങ്ങിൽ നിന്ന് വിട്ടുനില്ക്കുമെന്നാണ് സൂചന. ജന്ദർമന്ദറില്‍ നടക്കുന്ന സമരം രാംലീല മൈതാനത്തേക്ക് മാറ്റാൻ കേരള സർക്കാർ പ്രതിനിധികളോട് ദില്ലി പൊലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് നടത്തിയ ചർച്ചയിലാണ് സമരം ജന്ദർമന്തറില്‍ തന്നെ നടത്താൻ അനുമതി നല്‍കിയത്. 

നാളെ കർണാടക സർക്കാരിന്‍റെ പ്രതിഷേധവും ജന്തർമന്ദറില്‍ നടത്താൻ അനുമതി നല്‍കിയിട്ടുണ്ട്. പ്രതിഷേധത്തില്‍ പങ്കെടുക്കാൻ ഒരു വിഭാഗം എംല്‍എമാരും മന്ത്രിമാരായ ജി ആർ അനില്‍, റോഷി അഗസ്റ്റിൻ, തുടങ്ങിയവരും ദില്ലിയിലെത്തി. എകെ ശശീന്ദ്രൻ, ജെ ചിഞ്ചുറാണി എന്നിവരും ഇന്ന് വൈകിട്ടോടെ എത്തും. ബാക്കിയുള്ള മന്ത്രിമാരും എംഎല്‍എമാരും നാളെയാകും ദില്ലിയിലെത്തുക. രാത്രി ദില്ലിയിലെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ നാളെ പ്രതിഷേധ സമരം സംബന്ധിച്ച് നേതാക്കളുമായി കൂടിയാലോചന നടത്തും. 

Latest Videos

വ്യാഴ്ച രാവിലെ 11 മണിക്ക് കേരള ഹൗസില്‍ നിന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിമാരും എംഎല്‍എമാരും മാർച്ച് നടത്തിയാകും ജന്തർമന്ദറിലെ പ്രതിഷേധ സ്ഥലത്ത് എത്തുക. എൻസിപി അധ്യക്ഷൻ ശരത് പവാർ , ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ തുടങ്ങിയവർ പ്രതിഷേധത്തില്‍ പങ്കെടുക്കും.

സമരത്തിന് ഐക്യദാർഡ്യം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ കത്തയച്ചു. കറുത്ത വസ്ത്രം ധരിച്ച് ഡിഎംകെ നേതാക്കളും സമരത്തില്‍ പങ്കുചേരുമെന്ന് സ്റ്റാലിന്‍ കത്തില്‍ വ്യക്തമാക്കി. സംസ്ഥാനങ്ങളുടെ അകാശം നേടിയെടുക്കും വരെ വിശ്രമമില്ലെന്നും താനും പിണറായിയും മമതയും സംസാരിക്കുന്നത് ഒരേ ഭാഷയെന്നും സ്റ്റാലിൻ പറ‍ഞ്ഞു. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധ സമരത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വവും കേരള സർക്കാരിന്‍റെ പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തേക്കില്ല.

'വിദ്യാഭ്യാസനിലവാരം ഉറപ്പാക്കാൻ സ്വകാര്യ സർവകലാശാലകൾ നല്ലത്, പണ്ടത്തെ സമരം അന്നത്തെ കാലത്തിന് അനുസരിച്ചുള്ളത്'

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!