സംസ്ഥാന അധ്യക്ഷൻ പാലക്കാട് തമ്പടിച്ചത് കൊണ്ട് മാത്രം വിജയിക്കാനാകില്ലെന്ന് ബിജെപി ജില്ല കമ്മിറ്റി അംഗം സുരേന്ദ്രൻ തരൂർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
പാലക്കാട്: ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ പാലക്കാട് ബിജെപിയിൽ പൊട്ടിത്തെറി. സംസ്ഥാന അധ്യക്ഷൻ പാലക്കാട് തമ്പടിച്ചത് കൊണ്ട് മാത്രം വിജയിക്കാനാകില്ലെന്ന് ബിജെപി ജില്ല കമ്മിറ്റി അംഗം സുരേന്ദ്രൻ തരൂർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സ്ഥാനാർത്ഥി നിർണയത്തിൽ പാളിച്ച സംഭവിച്ചു. സി. കൃഷ്ണകുമാറിനെതിരെ എതിർപ്പ് ഉയർന്നപ്പോൾ നേതൃത്വം പരിഗണിക്കണമായിരുന്നുവെന്നും മറ്റൊരാളെ സ്ഥാനാർത്ഥിയാക്കണമായിരുന്നു എന്നും സുരേന്ദ്രൻ വിമർശനമുന്നയിച്ചു.
താഴെത്തട്ടിലുള്ള പ്രവർത്തകരെ പരിഗണിച്ചില്ല. അത് തിരിച്ചടിയായി മാറി. ജില്ല നേതൃത്വം പരാജയമാണെന്ന് പറഞ്ഞ സുരേന്ദ്രൻ തരൂർ ജില്ല അധ്യക്ഷൻ ഉൾപ്പെടെ പ്രചാരണത്തിൽ സജീവമായില്ലെന്നും കുറ്റപ്പെടുത്തി. ബിജെപിയുടെ അടിസ്ഥാന വോട്ടുകൾ നഷ്ടപ്പെട്ടു. തോൽവിയെ കുറിച്ച് പരിശോധിക്കണമെന്നും സുരേന്ദ്രൻ തരൂർ പറഞ്ഞു.
undefined
''തൃശൂരിന് പിന്നാലെ താമര വിരിയുന്നത് പാലക്കാട്. മൂന്നാം സ്ഥാനത്ത് യുഡിഎഫ്'' എന്നായിരുന്നു കഴിഞ്ഞ ദിവസത്തെ ബിജെപി സംസ്താന അധ്യക്ഷന്‍ കെ സുരേന്ദ്രൻ്റെ എഫ്ബി പോസ്റ്റ്. പക്ഷെ സംസ്ഥാനത്തെ ബിജെപിയുടെ ഗോൾഡൻ എ പ്ലസ് സീറ്റിൽ സുരേന്ദ്രൻ്റെ എല്ലാ കണക്കുകളും പൊളിഞ്ഞു. സ്വന്തം നോമിനിയെ സ്ഥാനാർത്ഥിയാക്കിയത് അടക്കം പാലക്കാട് തീരുമാനങ്ങളെല്ലാമെടുത്തത് സുരേന്ദ്രൻ ഒറ്റക്കെന്നാണ് എതിർചേരിയുടെ വിമർശനം.
പോരടിച്ച ഇടങ്ങളിലെല്ലാം വോട്ട് കുത്തനെ കൂട്ടുന്ന ശോഭാ സുരേന്ദ്രനോട് മുഖം തിരിച്ചു. സീറ്റ് ആഗ്രഹിച്ച സന്ദീപ് വാര്യരെ തഴഞ്ഞെന്ന് മാത്രമല്ല, ഉടക്കിനിന്ന സന്ദീപിനെ അനുനുയിപ്പിക്കാൻ ശ്രമിക്കാതെ അവഗണിച്ചുവിട്ടു. ചുമതലക്കാരെല്ലാം സുരേന്ദ്രൻ്റെ അടുപ്പക്കാരായത് കൃഷ്ണദാസ് പക്ഷത്തെ ചൊടുപ്പിച്ചു. താനാവശ്യപ്പെട്ട ശോഭയെ നിർത്താതിനാൽ സുരേഷ് ഗോപിയും സജീവമായില്ല. ഇടതിനെ കടന്നാക്രമിക്കാതെ യുഡിഎഫിനെ മുഖ്യശത്രുവാക്കിയുള്ള തന്ത്രം പാളിയെന്ന് മാത്രമല്ല, ഡീൽ ആക്ഷേപത്തിന് അത് യുഡിഎഫിന് ഇന്ധനവുമേകി.