ട്രെയിനിൽ നിന്ന് വീണ് യുവാവ് മരിച്ച സംഭവത്തിലെ ദുരൂഹത നീങ്ങി; തർക്കത്തിനിടെ പിടിച്ചുതള്ളി, പ്രതി റിമാന്‍ഡ‍ിൽ

By Web TeamFirst Published Oct 13, 2024, 9:09 PM IST
Highlights

കോഴിക്കോട് ട്രെയിനില്‍ നിന്നും വീണ് തമിഴ്നാട് സ്വദേശിയായ യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തിൽ പ്രതിയായ റെയില്‍വെ കരാർ ജീവനക്കാരൻ അറസ്റ്റിൽ.

കോഴിക്കോട്: കോഴിക്കോട് ട്രെയിനില്‍ നിന്നും വീണ് തമിഴ്നാട് സ്വദേശിയായ യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തിൽ പ്രതിയായ റെയില്‍വെ കരാർ ജീവനക്കാരനെതിരെ കേസെടുത്ത് പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ സ്വദേശി അനിൽ കുമാറിനെയാണ് അറസ്റ്റ് ചെയ്തത്. ജനറൽ ടിക്കറ്റെടുത്ത് എസി കോച്ചിൽ കയറിയതിനെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണം. ചെന്നൈ സ്വദേശിയായ ശരവണൻ ട്രെയിനില്‍ നിന്നും വീണ് മരിച്ചത്.

ഇന്നലെ രാത്രി 11.30ഓടെയാണ് മംഗലൂരു -കൊച്ചുവേളി സ്പെഷ്യല്‍ ട്രെയിനിലെ എസി കമ്പാര്‍ട്ട്മെന്‍റിൽ നിന്നും വീണ് യുവാവ് മരിച്ചത്. ട്രെയിന്‍ കോഴിക്കോട് സ്റ്റേഷനില്‍ നിന്നും നീങ്ങിത്തുടങ്ങിയ ഉടനെയായിരന്നു അപകടം. യാത്രക്കാര്‍ ചങ്ങല വലിച്ച് ട്രെയിൻ നിര്‍ത്തിയശേഷമാണ് പ്ലാറ്റ് ഫോമിനും ട്രെയിനിനും ഇടയിലായി കുടുങ്ങിയ യുവാവിനെ പുറത്തെടുത്തത്. സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ചത് ചെന്നൈ ഓൾഡ് പള്ളാപുരം സ്വദേശിയായ ശരവണന്‍ ആണെന്ന് വ്യക്തമായത്. 

Latest Videos

ശരവണനെ ട്രെയിനില്‍ നിന്നും തള്ളിയിടുന്നത് കണ്ടെന്ന് പ്ലാറ്റ് ഫോമിലുണ്ടായിരുന്ന യാത്രക്കാരി മൊഴി നൽകിയിരുന്നു. ട്രയിനിന്‍റെ കമ്പാര്‍ട്ട്മെന്‍റിൽ ജോലി ചെയ്തിരുന്ന കരാർ ജീവനക്കാരനായ അനിൽകുമാറിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തത്തോടെയാണ് കൊലപാതകം തെളിഞ്ഞത്. കണ്ണൂരിലെ ബന്ധു വീട്ടിലെത്തിയതായിരുന്നു ശരവണൻ. ചെന്നൈയിലേക്ക് മടങ്ങാനായി ജനറൽ ടിക്കറ്റാണ് എടുത്തിരുന്നത്. കോഴിക്കോട് എത്തി കൊച്ചുവേളി സ്പെഷൽ ട്രെയിനിൽ കയറി.

ജനറൽ ടിക്കറ്റുമായി എസി കമ്പാർട്മെന്‍റിൽ കയറിയ ശരവണിനോട് ഇറങ്ങാൻ അനിൽ കുമാർ ആവശ്യപെടുകയായിരുന്നു. ഇതോടെ ഇരുവരും തമ്മിൽ തർക്കമായി. ഒടുവിൽ അനിൽ കുമാര്‍ ശരവണനെ പിടിച്ചു തള്ളി. ഇതാണ് മരണ കാരണം. ശരവണൻ മദ്യപിച്ചിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. ഇരുപത് വർഷമായി റെയിൽവേയിലെ കരാർ ജീവനക്കാരനാണ് അനിൽകുമാർ. കോടതിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ശരവണിന്‍റെ മൃതദേഹം നാളെ ബന്ധുക്കൾക്ക് വിട്ട് നൽകും.

ജീവനെടുത്ത അനാസ്ഥ, ആറുവരിപ്പാത നിർമ്മാണത്തിനായി കുഴിച്ച കുഴിയിൽ വീണു; ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു

 

click me!