സർക്കാർ ഇങ്ങനെ പോരാ; തിരുത്താൻ തയ്യാറായി സിപിഎം; നയസമീപനങ്ങൾക്ക് രൂപം നൽകും

By Web TeamFirst Published Jul 5, 2024, 5:47 AM IST
Highlights

ഇങ്ങനെ പോയാൽ ശരിയാകില്ലെന്ന വിലയിരുത്തലാണ് തെരഞ്ഞെടുപ്പ് അവലോകനത്തിന് ചേരുന്ന മേഖലാ യോഗങ്ങളിൽ ഉയരുന്നത്.

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിൻ്റെ പ്രവർത്തനത്തിന് മുൻഗണനകൾ നിശ്ചയിച്ച് തിരുത്തൽ നടപടികൾക്ക് തുടക്കമിടാൻ സിപിഎം. നയസമീപനങ്ങൾക്ക് അടുത്ത ശക്തികേന്ദ്രങ്ങളിൽ ഉണ്ടായ ബിജെപി അനുകൂല വോട്ട് ചോർച്ച പരിഹരിക്കുന്നത് അടക്കം നയസമീപനങ്ങൾക്കും അടുത്ത സംസ്ഥാന സമിതി രൂപം നൽകും. ഇങ്ങനെ പോയാൽ ശരിയാകില്ലെന്ന വിലയിരുത്തലാണ് തെരഞ്ഞെടുപ്പ് അവലോകനത്തിന് ചേരുന്ന മേഖലാ യോഗങ്ങളിൽ ഉയരുന്നത്.

ഒന്നും തിരുത്താനില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രി. തിരുത്തേണ്ട മേഖലകൾ എണ്ണിപ്പറഞ്ഞ് കേന്ദ്ര കമ്മിറ്റി മുതൽ താഴേക്കുള്ള പാർട്ടി ഘടകങ്ങൾ വരെ രം​ഗത്തെത്തി കഴിഞ്ഞു. എങ്ങനെ തോറ്റു എന്ന് തുറന്നടിച്ച് പറയുകയാണ് നേതാക്കളും അണികളും. ഗൗരവമുള്ള തിരുത്ത് സർക്കാരിനും സംഘടനയുടെ നയസമീപനങ്ങൾക്കും നേതാക്കളുടെ പെരുമാറ്റ രീതിക്കും വേണമെന്ന പൊതു വികാരത്തിലേക്കാണ് സിപിഎമ്മിൽ കാര്യങ്ങളെത്തുന്നത്. വോട്ട് ചോർച്ചയില്ലെന്ന് മുഖ്യമന്ത്രി പറയുമ്പോൾ ബിജെപിയിലേക്ക് പോയ 90 ശതമാനം വോട്ടും പാർട്ടിയിൽ നിന്ന് തന്നെയെന്ന് തിരുത്തൽ വാദികൾ അടിവരയിടുന്നു. ക്ഷേമ പദ്ധതികൾ മുടങ്ങിയതിന് കാരണം കേന്ദ്ര നയങ്ങളാണെങ്കിലും ജനങ്ങൾക്ക് അത് ബോധ്യപ്പെട്ടിട്ടില്ലെന്നും ചെയ്യാവുന്നതെല്ലാം സംസ്ഥാന സർക്കാർ തന്നെ ചെയ്യണമെന്നുമാണ് പാർട്ടിയിലെ ആലോചന. ഇതിനായി മുൻഗണന ക്രമം തീരുമാനിച്ച് മുന്നോട്ട് പോകണം.

Latest Videos

ക്ഷേമപെൻഷൻ കൃത്യമായി നൽകുക, സർക്കാർ ജീവനക്കാരുടെ ഡിഎ കുടിശിക നൽകുക, സപ്ലൈകോ അടക്കമുള്ള, സാധാരണക്കാരെ സ്വാധീനിക്കുന്ന സ്ഥലങ്ങളിൽ അവശ്യസാധനങ്ങൾ എത്തിക്കുക, ഇതിനായിരിക്കും പ്രഥമ പരിഗണന. സർക്കാരിൻ്റെ പ്രവർത്തന മാറ്റത്തിനൊപ്പം, നേതാക്കളുടെ പ്രവർത്തന ശൈലിയും മാറ്റണമെന്ന അഭിപ്രായം ഉയരുന്നുണ്ടെങ്കിലും അത് എത്രത്തോളം പ്രാവർത്തികമാകും എന്ന് കാത്തിരുന്നു തന്നെ കാണണം. അതുകൊണ്ട് തിരുത്തൽ രേഖ തയ്യാറാക്കുന്ന അടുത്ത സംസ്ഥാന കമ്മിറ്റി യോഗം കേരളത്തിലെ സിപിഎമ്മിന് നിർണായകമാണ്.

മാസപ്പടി കേസ് ഇന്ന് ഹൈക്കോടതിയിൽ; വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുളള ഹർജി പരിഗണിക്കും

https://www.youtube.com/watch?v=Ko18SgceYX8

click me!