കോൺഗ്രസിനോടുള്ള സമീപനത്തിൽ ‘യെച്ചൂരി നയം’ മാറ്റി സിപിഎം. കേന്ദ്ര കമ്മിറ്റി തയ്യാറാക്കിയ പാർട്ടി കോൺഗ്രസിനുള്ള കരട് രാഷ്ട്രീയ അവലോകന റിപ്പോർട്ടിലാണ് സിപിഎമ്മിന്‍റെ നയം മാറ്റം.
ദില്ലി:കോൺഗ്രസിനോടുള്ള സമീപനത്തിൽ ‘യെച്ചൂരി നയം’ മാറ്റി സിപിഎം. കേന്ദ്ര കമ്മിറ്റി തയ്യാറാക്കിയ പാർട്ടി കോൺഗ്രസിനുള്ള കരട് രാഷ്ട്രീയ അവലോകന റിപ്പോർട്ടിലാണ് സിപിഎമ്മിന്‍റെ നയം മാറ്റം വിശദീകരിക്കുന്നത്. ഇന്ത്യ മുന്നണിയിലെ പ്രവർത്തനം പാർലമെൻറിലും ചില തെരഞ്ഞെടുപ്പുകളിലും ഒതുങ്ങണമെന്നും റിപ്പോര്‍ട്ടിലുണ്ട്. കോൺഗ്രസിന്‍റെ സാമ്പത്തിക നയങ്ങളോട് ശക്തമായി വിയോജിക്കണമെന്നാണ് റിപ്പോര്‍ട്ടിലെ നിര്‍ദേശം.
ഇതിനുപുറമെ കോൺഗ്രസിന്‍റെ മൃദു ഹിന്ദുത്വ രീതികളെയും തുറന്നു കാട്ടണമെന്നും റിപ്പോര്‍ട്ടിലുണ്ട്. സോഷ്യലിസത്തിൽ ഊന്നി പാർട്ടിയുടെ സ്വതന്ത്ര ശക്തി വർധിപ്പിക്കണം, ഹിന്ദുത്വ ശക്തികളുടെ ‘മനുവാദി’ നയങ്ങളെ തുറന്നു കാട്ടണം എന്നീ കാര്യങ്ങളും റിപ്പോര്‍ട്ടിൽ പരാമര്‍ശിക്കുന്നുണ്ട്. ഇതിനോടൊപ്പം ഇസ്ലാമിക മതമൗലിക വാദത്തെ ശക്തമായി ചെറുക്കണമെന്നും ഇടതു പാർട്ടികളുടെ ഐക്യത്തിന് പ്രാധാന്യം നൽകണമെന്നും പറയുന്നു.
തമിഴ്നാട് പോലുള്ള സംസ്ഥാനങ്ങളിലും തൊഴിലാളി വിരുദ്ധ നയം ചെറുക്കണമെന്നും സോഷ്യലിസം ബദലാകണം എന്നിങ്ങനെ പതിനാല് നിർദ്ദേശങ്ങളാണ് കരട് റിപ്പോര്‍ട്ടിൽ മുന്നോട്ട് വെച്ചിരിക്കുന്നത്. പാര്‍ട്ടി കോണ്‍ഗ്രസിലായിരിക്കും കരട് പ്രമേയം അംഗീകരിക്കുക. ബി.ജെ.പിയാണ് മുഖ്യശത്രുവെന്നും അവരെ തോല്‍പ്പിക്കാൻ ആരുമായും സഖ്യമാകണമെന്നുമായിരുന്നു യെച്ചൂരിയുടെ നയം. ബിജെപിയെ തടയാൻ ഇന്ത്യ മുന്നണിയെ പാര്‍ലമെന്‍റിലും പുറത്തും ശക്തമാക്കണമെന്നതായിരുന്നു യെച്ചൂരി സ്വീകരിച്ച നിലപാട്. കോണ്‍ഗ്രസിനെ പിന്തുണക്കണമെന്ന യെച്ചൂരി നയത്തെ മാറ്റികൊണ്ടാണ് ഇന്ത്യ മുന്നണിയിൽ മാത്രം പിന്തുണ പാര്‍ലമെന്‍റിൽ മാത്രമെന്ന നയത്തിലേക്ക് സിപിഎം എത്തുന്നത്.
കേരളത്തിലെ വോട്ടു ചോര്‍ച്ച ഗുരുതരം
കേരളത്തിലെ വോട്ടുചോർച്ച ഗുരുതരമെന്നും ലോക്സഭ തെരഞ്ഞെടുപ്പിലെ വോട്ടു ചോർച്ച ആഴത്തിൽ പരിശോധിക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്. കേരള സമൂഹത്തിലെ മാറ്റം പാർട്ടി ഉൾക്കൊള്ളണമെന്നും മധ്യവർഗ്ഗത്തിൻറെയും അടിസ്ഥാന വർഗ്ഗത്തിൻറെയും വിഷയങ്ങൾ ശ്രദ്ധിക്കണമെന്നും യുവാക്കൾ കേരളം വിടുന്നത് വഴിയുള്ള സാമൂഹിക മാറ്റം പരിശോധിക്കണമെന്നും റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നു. അമ്പലങ്ങൾ വഴിയുള്ള ഹിന്ദുത്വ ശക്തികളുടെ കടന്നുകയറ്റം ചെറുക്കണമെന്നും തിരുത്തലുകൾക്ക് തയ്യാറാക്കിയ റിപ്പോർട്ടുകൾ താഴേതട്ടിൽ നടപ്പായില്ലെന്നും വിമർശനമുണ്ട്.