'സരിൻ ഉത്തമനായ ചെറുപ്പക്കാരൻ, പാലക്കാടിൻ്റെ മഹാഭാ​ഗ്യം'; സരിനെ പുകഴ്ത്തി ഇപി, ജന സേവനത്തിനായി ജോലി രാജിവെച്ചു

By Web Team  |  First Published Nov 14, 2024, 1:22 PM IST

ജന സേവനത്തിനായി ജോലി പോലും രാജിവെച്ചുവെന്നും ഇപി ജയരാജൻ പറഞ്ഞു. ആത്മകഥയിൽ സരിനെ കുറിച്ച് മോശം പരാമർശമുണ്ടെന്ന് പുറത്തുവന്നതിന് പിന്നാലെയാണ് സരിനെ പുകഴ്ത്തി ഇപി രം​ഗത്തെത്തിയത്.
 


പാലക്കാട്: പാലക്കാട്ടെ ഇടത് സ്വതന്ത്രസ്ഥാനാർത്ഥി ഡോ. പി സരിൻ പൊതു സമൂഹത്തോട് പ്രതിജ്ഞ ബദ്ധനായ ചെറുപ്പക്കാരനാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അം​ഗം ഇപി ജയരാജൻ. സരിൻ ഉത്തമനായ സ്ഥാനാർഥിയാണ്. ജനസേവനത്തിനായി ജോലി പോലും രാജിവെച്ചുവെന്നും ഇപി ജയരാജൻ പറഞ്ഞു. ആത്മകഥയിൽ സരിനെ കുറിച്ച് എതിരഭിപ്രായമുണ്ടെന്ന് പുറത്തുവന്നതിന് പിന്നാലെയാണ് സരിനെ പുകഴ്ത്തി ഇപി രം​ഗത്തെത്തിയത്. പാലക്കാട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇപി. ആത്മകഥാ വിവാദങ്ങൾക്ക് പിന്നാലെ പാലക്കാട് പ്രചാരണത്തിന് പങ്കെടുക്കണമെന്ന് സിപിഎം നിർദേശിക്കുകയായിരുന്നു.

സരിൻ കർഷക കുടുംബത്തിൽ ജനിച്ച് കഴിവ് കൊണ്ട് മുന്നേറി ഡോക്ടറായി. എംബിബിസിന് ശേഷം സിവിൽ സർവീസ് ആഗ്രഹിച്ചു. ഉയർന്ന തസ്തികയിൽ ജോലി ചെയ്തു. അദ്ദേഹം അപ്പോഴും ജനങ്ങൾക്ക് ഒപ്പമായിരുന്നു. ഇടതുപക്ഷ രാഷ്ട്രീയമല്ല സ്വീകരിച്ചത് എങ്കിലും ഇടതുപക്ഷ മനസ് ആയിരുന്നു. കൃഷിക്കാർക്കും തൊഴിലാളികൾക്കും ഒപ്പമായിരുന്നു. ഏത് രംഗത്തും പണമുണ്ടാക്കാനുള്ള സാഹചര്യമുള്ള ഉന്നതനായ ഒരു വ്യക്തി അതെല്ലാം ഉപേക്ഷിച്ച് രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത് അപൂർവമാണ്. അദ്ദേഹം വിശ്വസിച്ച കോൺഗ്രസ്സ് പാർട്ടി വർഗീയ ശക്തികളുമായി കൂട്ടുചേർന്നു. വ്യക്തി താത്പര്യങ്ങൾക്കും സാമ്പത്തിക നേട്ടത്തിനും വേണ്ടി നിലകൊണ്ടു. അങ്ങനെയാണ് അദ്ദേഹം കോൺഗ്രസ്സ് രാഷ്ട്രീയത്തോട് വിയോജിച്ചത്. ഈ മണ്ഡലത്തിൽ ഏറ്റവും യോഗ്യനായ ഏറ്റവും അർഹതയുള്ള നല്ല ചെറുപ്പക്കാരനെ സിപിഎം സ്ഥാനാർഥിയാക്കി. പാലക്കാടിന്റെ സമസ്ത മേഖലയിലും വികസന മുരടിപ്പാണുള്ളതെന്നും ഇപി പറഞ്ഞു. 

Latest Videos

വികസനോന്മുഖമായ പാലക്കാടിനായി പാലക്കാടിനെ ഐശ്വര്യ സമ്പുഷ്ഠമാക്കാൻ മനസ്സിൽ ഒരുപാട് ആശയങ്ങൾ വച്ചുകൊണ്ട് ഒരു പ്രതിഭാശാലിയായി ഉയർന്നുവന്ന് പാലക്കാടിനെ മെച്ചപ്പെട്ട നിലയിലെത്തിക്കാനുള്ള പ്രവർത്തനത്തിലാണ് അദ്ദേഹം. നാടിന്റെ നന്മയാണ് രാഷ്ട്രീയം. ഒരു രോഗിയോട് ഡോക്ടർക്ക് എന്നപോലെ ഈ സമൂഹത്തിന്റെ തന്നേ ചികിത്സയ്ക്കായി സമൂഹത്തിൽ നിലനിൽക്കുന്ന തെറ്റായ പ്രവണതകളെ മാറ്റിമറിച്ച് പുതിയ പാലക്കാടിനെ സൃഷ്ടിച്ചെടുക്കാനാണ് സരിൻ ജനവിധി തേടുന്നത്. സരിൻ പാലക്കാട്ടിന്റെ മഹാഭാഗ്യമാണ്. സരിൻ ജയിക്കേണ്ടത് നാടിന്റെ ആവശ്യമാണ്. ഇവിടുത്തെ യുവാക്കളും വിദ്യാർഥികളും സ്ത്രീകളും എല്ലാം അത് ആഗ്രഹിക്കുന്നു. ജനസേവനത്തിന് മാതൃകയായി നിൽക്കുന്ന ഒരു ചെറുപ്പക്കാരനാണ് ജനവിധി തേടുന്നത്. എല്ലാ പാർട്ടിക്കാരും സരിന് വോട്ട് ചെയ്യുമെന്നാണ് പ്രതീക്ഷ. ഇതിന് മാധ്യമങ്ങളുടെ സഹായ സഹകരണം അഭ്യർത്ഥിക്കുന്നു. കോൺഗ്രസ് ആയിരിക്കുമ്പോഴും സരിൻ ഇടതു മനസ്സുള്ള ആളായിരുന്നു. സരിന്റെത് പെട്ടെന്നുള്ള വരവല്ല. സ്വതന്ത്ര വയ്യാവേലി അല്ല. ജനങ്ങളുടെ പ്രിയങ്കരനായ സ്ഥാനാർഥി എന്ന നിലയിലാണ് മത്സരിക്കുന്നത്. സരിനുമായി മുൻപ് സംസാരിച്ചിരുന്നു.  സ്ഥാനാർഥിയായപ്പോൾ സംസാരിച്ചു. ഇന്നും സംസാരിച്ചെന്നും ഇപി ജയരാജൻ പറഞ്ഞു.

എന്റെ ആത്മകഥ ഇപ്പോഴും എഴുതിക്കൊണ്ടിരിക്കുകയാണ്. ഞാൻ ആർക്കും പ്രസാധന ചുമതല കൊടുത്തിട്ടില്ല. പ്രസാധനത്തിന് പലരും സമീപിച്ചിരുന്നു. ആർക്കും നൽകിയിട്ടില്ല. ഞാൻ ആർക്കും കരാർ കൊടുത്തിട്ടില്ല. ഞാനാണ് എന്റെ ആത്മകഥ എഴുതുന്നത്. എന്റെ കയ്യക്ഷരം മോശമാണ്. ഭാഷാശുദ്ധിയൊക്കെ വരുത്തി പ്രസിദ്ധീകരിക്കാൻ ഒരാളെ ഏർപ്പെടുത്തിയിട്ടുണ്ട്. അധികം താമസിക്കാതെ പ്രസിദ്ധീകരിക്കും. ഭാഷാശുദ്ധി വരുത്താൻ ഏല്പിച്ച ആളെ സംശയിക്കുന്നില്ല. ഇതിൽ ഗൂഢാലോചന നടന്നിട്ടുണ്ട്. പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഒന്നര വർഷം മുൻപ് നടന്നത് ലോക്സഭ തെരഞ്ഞെടുപ്പിനു മുൻപ് വെളിപ്പെടുത്തി എന്ന രീതിയിൽ പുറത്തുവിട്ടു. അതും ഗൂഢാലോചനയാണെന്നും ആത്മകഥാ വിവാദത്തിൽ ഇപി പ്രതികരിച്ചു.

ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും ആരെങ്കിലും ഒക്കെ എന്തെങ്കിലും ഇടുന്നതിന് ഞാൻ എന്ത്‌ ഉത്തരവാദി. ഡിസി മറുപടി പറയണം. അതിനാണു വക്കീൽ നോട്ടീസ് കൊടുത്തത്. ഭാഷാശുദ്ധി വരുത്താൻ നൽകിയ ആൾ വിശ്വസ്ഥനാണ്. മാധ്യമപ്രവർത്തകനാണെന്നും കോൺ​ഗ്രസ്സിന്റെ വൃത്തികെട്ട രാഷ്ട്രീയമാണ് ഇതിൽ കാണുന്നതെന്നും ഇപി കൂട്ടിച്ചേർത്തു. കോണ്ഗ്രസ്സിന്റെ വൃത്തികെട്ട രാഷ്ട്രീയമാണ് ഇതിൽ കാണുന്നത്. ആരോപണം ഉന്നയിക്കുന്നവർക്ക് നിലവാരം വേണം. കോൺഗ്രസുകാർക്ക് കള്ളപ്പണ ഇടപാടാണ്. സുരേന്ദ്രന് എപ്പോൾ അടി കിട്ടും എന്ന് പറയാനാവില്ല. ബിജെപിക്ക് ഉള്ളിൽ തന്നെ അടിയാണ്. എം എം ഹസനു മാനസിക രോഗം. കാര്യങ്ങളെല്ലാം പരിശോധിച്ച് വ്യക്തത വരുത്തിയാലേ ഗൂഢാലോചനയ്ക്ക് പിന്നിൽ ആരാണെന്ന് പറയാൻ പറ്റൂ.

എല്ലാ പുസ്തകങ്ങളും ചിന്തയിൽ കൊടുക്കണം എന്നില്ല. പ്രസിദ്ധീകരണശാലകൾ ഒരുപാട് ഉണ്ട്. ചിന്ത എന്നെ സമീപിച്ചിട്ടില്ല. സമീപിച്ചാൽ പ്രസിദ്ധീകരിക്കേണ്ട എന്ന് പറയില്ല. ഡിസി ബുക്സും മാതൃഭൂമിയുമാണ് സമീപിച്ചത്. തന്റെ മൊഴി എടുക്കുമ്പോൾ ഡി.സിക്കെതിരെ പറയുമെന്നും ഇപി പറഞ്ഞു. ഡിസി ബുക്സിനെതിരെ പരാതിയുണ്ടോ എന്ന ചോദ്യത്തിന് എന്റെ പുസ്തകം ഞാൻ പുറത്തുവിട്ടിട്ടില്ലെന്നും അത് സംബന്ധിച്ച് അന്വേഷണം വേണമെന്നാണ് പരാതിയുമെന്നും ഇപി പ്രതികരിച്ചു. കട്ടൻ ചായയും പരിപ്പുവടയും എന്ന പേര് ഞാൻ കൊടുത്തിട്ടില്ല. എന്നെ കളിയാക്കുന്ന പേര് ഞാൻ കൊടുക്കുമോ. സരിൻ ഊതിക്കാച്ചിയെ പൊന്ന് പോലെയാണ്. രണ്ടാം പിണറായി സർക്കാർ നല്ല ഗവണ്മെൻ്റാണെന്നും ഗ്രാമ മേഖലയിൽ പുതിയ ഉണർവുണ്ടായെന്നും ഇപി ജയരാജൻ പറഞ്ഞു. 

കടയിൽ ഓടി കളിക്കുന്നതിനിടയിൽ മകൻ വീണു; ജീവനക്കാരുടെ അശ്രദ്ധ, നഷ്ടപരിഹാരം വേണമെന്ന് അമ്മ

കണ്ണൂരിനെ ഇനിയുമേറെ ഉയരത്തിലെത്തിക്കണം , പുതിയ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന് ആശംസയുമായി പിപി ദിവ്യ

https://www.youtube.com/watch?v=Ko18SgceYX8


 

click me!