ലാല്‍സലാം, ഇനി ഓര്‍മകളില്‍, ഹൃദയങ്ങളില്‍ കോടിയേരി, കണ്ണീരോടെ കേരളത്തിന്‍റെ യാത്രാമൊഴി

By Web Team  |  First Published Oct 3, 2022, 3:50 PM IST

കുടുംബാഗങ്ങൾക്കും 12 നേതാക്കൾക്കും മാത്രമാണ് പയ്യാമ്പലത്ത് സംസ്‍ക്കാരം നടക്കുന്ന സ്ഥലത്തേക്ക് പ്രവേശനമുണ്ടായിരുന്നത്. മുദ്രാവാക്യം വിളികളാല്‍ പയ്യാമ്പലം ബീച്ച് മുഖരിതമായിരുന്നു.


കണ്ണൂര്‍: തലശ്ശേരിയിൽ നിന്ന് ഉദിച്ചുയർന്ന് രാജ്യത്തെ തൊഴിലാളിവർഗ പ്രസ്ഥാനത്തിന്‍റെ ഉന്നത പദവികളിൽ വിരാചിച്ച നേതാവ് കോടിയേരി ബാലകൃഷ്ണന് പയ്യാമ്പലത്തെ മണ്ണിൽ അന്ത്യവിശ്രമം. പൂര്‍ണ്ണ ബഹുമതികളോടെ പയ്യാമ്പലത്ത് മൃതദേഹം സംസ്‍ക്കരിച്ചു. ഇ കെ നായനാരുടെയും ചടയൻ ഗോവിന്ദന്‍റെയും സ്മൃതി കുടീരങ്ങള്‍ക്ക് നടുവിലാണ് കോടിയേരിക്ക് ചിതയൊരുങ്ങിയത്.

മക്കളായ ബിനീഷും ബിനോയിയും ചേര്‍ന്നാണ് ചിതയ്ക്ക് തീ കൊളുത്തിയത്. കുടുംബാഗങ്ങൾക്കും 12 നേതാക്കൾക്കും മാത്രമാണ് പയ്യാമ്പലത്ത് സംസ്‍ക്കാരം നടക്കുന്ന സ്ഥലത്തേക്ക് പ്രവേശനമുണ്ടായിരുന്നത്. എന്നാല്‍ ചിതയെരിയും മുമ്പേ നിരവധി പ്രവർത്തകർ നിയന്ത്രണങ്ങൾ മറികടന്ന്  സംസ്കാര ചടങ്ങുകൾക്ക് സാക്ഷികളാകാനെത്തി. പ്രവര്‍ത്തകരുടെ മുദ്രാവാക്യം വിളികളാല്‍ പയ്യാമ്പലം കടപ്പുറം മുഖരിതമായിരുന്നു.

Latest Videos

undefined

മൃതദേഹം പൊതുദര്‍ശനത്തിന് വെച്ച അഴീക്കോടന്‍ മന്ദിരത്തില്‍ നിന്ന് പയ്യാമ്പലത്തേക്കുള്ള വിലാപയാത്രയില്‍ കാല്‍നടയായിട്ടാണ് നേതാക്കളും പ്രവര്‍ത്തകരും ആംബുലന്‍സിനെ അനുഗമിച്ചത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ എം എ ബേബി, എം വി ഗോവിന്ദൻ, എം വിജയരാജൻ, വിജയരാഘവൻ, കെ കെ ശൈലജ, പി കെ ശ്രീമതി അടക്കമുളള മുതിർന്ന നേതാക്കൾ വിലാപയാത്രയെ അനുഗമിച്ചു. മുഖ്യമന്ത്രിയും യെച്ചൂരിയും കോടിയേരിയുടെ ഭൌതികദേഹം വിലാപയാത്രയില്‍ ചുമലിലേറ്റി.

തങ്ങളുടെ പ്രിയപ്പെട്ട നേതാവിനെ ഒരു നോക്ക് കാണാനും അന്തിമോപചാരം അർപ്പിക്കാനുമായി ജനസാഗരമാണ് തലശ്ശേരി ടൌൺ ഹാളിലും കണ്ണൂരിലെ വീട്ടിലും ജില്ലാകമ്മിറ്റി ഓഫീസിലും ഇന്നലെയും ഇന്നുമായി എത്തിച്ചേര്‍ന്നത്. ഇന്നലെ എട്ട് മണിക്കൂറോളം തലശ്ശേരി ടൌൺ ഹാളിലും പിന്നീട് കുടുംബ വീട്ടിലും ഇന്ന് രാവിലെ മുതൽ കണ്ണൂർ ജില്ലാക്കമ്മറ്റി ഓഫീസിലും പൊതുദർശനമുണ്ടായിരുന്നു. ജീവിതത്തിന്‍റെ നാനാ തുറകളിലുള്ളവര്‍ കോടിയേരിയുടെ കണ്ണൂരിലെ വീട്ടിലും അഴീക്കോടൻ സ്മാരക മന്ദിരത്തിലും  തടിച്ച് കൂടിയിരുന്നു. 

ഭാര്യ വിനോദിനിയും മക്കളും പൊട്ടിക്കരഞ്ഞു കൊണ്ടാണ് വീട്ടിൽ നിന്ന് കോടിയേരിക്ക് അവസാന യാത്രാമൊഴിയേകിയത്. ഈങ്ങയിൽ പീടികയിലെ വീട്ടിൽ നിന്ന് കണ്ണൂരിലേയ്ക്കുള്ള വിലാപയാത്രയിൽ വഴിക്ക് ഇരുവശവും അന്ത്യാഭിവാദ്യവുമായി ജനം തടിച്ചുകൂടിയിരുന്നു. ദീര്‍ഘനാളായി അസുഖ ബാധിതനായിരുന്ന കോടിയേരി ശനിയാഴ്‍ച്ച ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ വെച്ചാണ് അന്തരിച്ചത്. 

click me!