ദിവ്യയെ പ്രകോപിപ്പിച്ചതിന് പിന്നിൽ പെട്രോൾ പമ്പ് വിഷയത്തിലെ സിപിഐ ഇടപെടൽ ? പ്രശാന്തിന്റെ മൊഴിയിൽ നിർണായക വിവരം

By Web TeamFirst Published Oct 20, 2024, 6:13 PM IST
Highlights

സിപിഐ നേതാക്കളുടെ ഇടപെടലിനെ തുടർന്നാണ് എൻഓസി കിട്ടിയതെന്നും ഇതിനായി കുറച്ചു പണം ചെലവിടേണ്ടി വന്നെന്നും താൻ ദിവ്യയെ അറിയിച്ചിരുന്നതായി പ്രശാന്ത് വിജിലൻസിനും ലാൻഡ് റവന്യൂ ജോയിൻ കമ്മീഷണർ മൊഴി നൽകി.

കണ്ണൂർ : എഡിഎം നവീൻ ബാബുവിനെതിരെ കടുത്ത അധിക്ഷേപം ചൊരിയാൻ പി പി ദിവ്യയെ പ്രകോപിപ്പിച്ചതിന് പിന്നിൽ പെട്രോൾ പമ്പ് വിഷയത്തിലെ സിപിഐ ഇടപെടലും കാരണമായതായി സൂചന. സിപിഐ നേതാക്കളുടെ ഇടപെടലിനെ തുടർന്നാണ് എൻഓസി കിട്ടിയതെന്നും ഇതിനായി കുറച്ചു പണം ചെലവിടേണ്ടി വന്നെന്നും താൻ ദിവ്യയെ അറിയിച്ചിരുന്നതായി അപേക്ഷകനായ പ്രശാന്ത് വിജിലൻസിനും ലാൻഡ് റവന്യൂ ജോയിൻ കമ്മീഷണർ മൊഴി നൽകി. നവീൻ ബാബുവിന് പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റം ശരിയാക്കുന്നതിലും സിപിഐ സഹായം കിട്ടിയതാണ് വിവരം. എൻ ഓ സി വിഷയത്തിൽ നവീൻ ബാബുവിനെ താൻ വിളിച്ചിരുന്നതായി സിപിഐ കണ്ണൂർ ജില്ലാ സെക്രട്ടറി സ്ഥിരീകരിക്കുകയും ചെയ്തു.

കലക്ടർ അടക്കമുള്ള ജില്ലയിലെ പ്രധാന പ്രധാന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ചാനൽ ക്യാമറക്ക് മുന്നിൽ നവീൻ ബാബുവിനെതിരെ പൊട്ടിത്തെറിക്കാൻ പി. പി ദിവ്യയെ പ്രകോപിപ്പിച്ചത് എന്തായിരുന്നു. താൻ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും പ്രശാന്തിന്റെ പെട്രോൾ പമ്പിന് അനുമതി നൽകാതിരുന്നത് മാത്രമായിരുന്നോ കാരണം ? ലാൻഡ് റവന്യൂ ജോയിൻറ്കമ്മീഷണർ പി ഗീതയ്ക്കും കോഴിക്കോട് വിജിലൻസ് എസ്പിക്കും പ്രശാന്ത് നൽകിയ മൊഴി അനുസരിച്ചാണെങ്കിൽ വിഷയത്തിൽ സിപിഐ നടത്തിയ ഇടപെടലും പ്രകോപനം സൃഷ്ടിച്ചതായാണ് വിവരം. 

Latest Videos

ലാൻഡ് റവന്യൂ കമ്മീഷണർക്ക് പ്രശാന്ത് നൽകിയ മൊഴിയിൽ പറയുന്നത് ഇങ്ങനെ-  പി പി ദിവ്യ വഴിയും സിപിഎമ്മിലെ മറ്റ് നേതാക്കൾ വഴിയും പലവട്ടം ശ്രമിച്ചശേഷം പണം കൊടുത്ത ശേഷമാണ് തനിക്ക് എൻഒസി കിട്ടിയത്. സിപിഐയുടെ നേതാക്കളുടെ ഇടപെടലും എൻഒസി കിട്ടുന്നതിന് കാരണമായി. 

എൻ ഓ സി കിട്ടിയശേഷം ദിവ്യയോട് താൻ ഈ കാര്യം പറഞ്ഞു - ''നിങ്ങൾ പറഞ്ഞല്ല കാര്യം നടന്നത് സിപിഐ നേതാക്കളുടെ ഇടപെടൽ വേണ്ടിവന്നു കുറച്ചു പണവും കൊടുക്കേണ്ടി വന്നു'' - പ്രശാന്തിന്റെ ഈ വാക്കുകളാണ് സിപിഎമ്മുമായും അടുത്ത ബന്ധം പുലർത്തുന്ന നവീൻ ബാബുവിനെതിരെ ആഞ്ഞടിക്കാൻ ദിവ്യയെ പ്രേരിപ്പിച്ചത് എന്നാണ് വിവരം. താൻ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും സ്ഥലം സന്ദർശിക്കാൻ പോലും നവീൻ ബാബു കൂട്ടാക്കഞതും സിപിഐ നേതാക്കളുടെ ഇടപെടലിൽ കാര്യം നടന്നതും ദിവ്യയിൽ കടുത്ത പ്രകോപനം സൃഷ്ടിച്ചു. നവീൻ ബാബുവിനോട് ശുപാർശ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രശാന്ത് തന്നെ വന്നു കണ്ടിരുന്നതായി സിപിഐ കണ്ണൂർ ജില്ലാ സെക്രട്ടറി സന്തോഷ് കുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
 
സിപിഎം സർവീസ് സംഘടനയുടെ ഭാഗമായിട്ടും സ്ഥലംമാറ്റ കാര്യത്തിൽ തനിക്കൊപ്പം നിന്നത് സിപിഐ ആണെന്ന് കാട്ടി നവീൻ ബാബു സുഹൃത്തിനായി വാട്സ്ആപ്പ് സന്ദേശം നേരത്തെ പുറത്തുവന്നിരുന്നു. പത്തനംതിട്ടയിലേക്കുള്ള സ്ഥലംമാറ്റ കാര്യത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ഉൾപ്പെടെ അനുകൂല നിലപാട് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും പിന്നീട് തനിക്ക് കണ്ണൂരിൽ തന്നെ തുടരേണ്ടി വന്നതായി നവീൻ ബാബുവിന്റെ വാട്സ്ആപ്പ് സന്ദേശത്തിലുണ്ട്. സ്ഥലംമാറ്റം കാര്യത്തിൽ അനുകൂല ഉത്തരവ് വന്ന ശേഷമാണ് പ്രശാന്തിന്റെ എൻ ഒ സി ഫയലിൽ നവീൻ ബാബു ഒപ്പിട്ട തന്ന വിവരവും ദിവ്യ അടക്കമുള്ള സിപിഎം നേതാക്കളുടെ എതിർപ്പിന് കാരണമായെന്നാണ് പുറത്തുവരുന്ന വിവരം. 

അതേസമയം, താൻ നവീൻ ബാബുവിന് പണം കൈമാറി എന്ന് വിജിലൻസിനോട് പറഞ്ഞ പ്രശാന്തിന് യാതൊരു തെളിവുകളും ഹാജരാക്കാൻ കഴിഞ്ഞിട്ടില്ല. സഹകരണ ബാങ്കിൽ നിന്ന് പണം പിൻവലിച്ചതായി പ്രശാന്ത് പറയുന്നുണ്ടെങ്കിലും ഇതിൻറെ രേഖകളും ഹാജരാക്കിയില്ല. വിജിലൻസ് സംഘം വരുന്ന ദിവസങ്ങളിൽ ദിവ്യയുടെ ഉൾപ്പെടെ രേഖപ്പെടുത്തും.

 

 


 

click me!