ഇല്ലാത്ത പ്രിന്റിങ് പ്രസിന്റെ ബില്ലുകൾ നൽകി സിപിഐ കൗൺസിലറുടെ തട്ടിപ്പ്; സംഭവം പരവൂർ നഗരസഭയിൽ

By Web Team  |  First Published Nov 15, 2022, 8:53 AM IST

ലക്ഷക്കണക്കിന് രൂപയാണ് നിഷാകുമാരി ഇത്തരത്തിൽ തട്ടിയെടുത്തതെന്നാണ് സംശയം ഉയരുന്നത്


കൊല്ലം: പരവൂർ നഗരസഭയിൽ വ്യാജ ബില്ലുകൾ നൽകി കൗൺസിലർ ലക്ഷങ്ങൾ തട്ടി. സിപിഐ കൗൺസിലർ നിഷാകുമാരിയാണ് ഇല്ലാത്ത പ്രിന്റിങ് പ്രസിന്റെ പേരിൽ പണം തട്ടിയത്. വർഷങ്ങളായി നഗരസഭയിലെ പ്രിന്റിങ് കൊട്ടേഷൻ നിഷാകുമാരിയാണ് എടുത്തിരുന്നത്. അമ്പാടി പ്രിന്റേർസ് എന്ന പേരിലാണ് ബില്ലുകൾ നൽകിയിരുന്നത്. ഇങ്ങനെയൊരു സ്ഥാപനം ഇല്ലെന്ന് ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണത്തിൽ വ്യക്തമായി.

കഴിഞ്ഞ വർഷം ഒക്ടോബറിൽ നഗരസഭയിലെ കൗൺസിലർമാർക്ക് ആവശ്യമായ ലെറ്റർ പാഡുകൾ തയ്യാറാക്കാനായി നഗരസഭ കരാർ നൽകിയത് അമ്പാടി പ്രിന്റേർസിനായിരുന്നു. 26500 രൂപയായിരുന്നു അന്ന് അനുവദിച്ചത്. പരവൂരിനടുത്ത് കൂനയിൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനമെന്നാണ് ബില്ലിൽ അമ്പാടി പ്രിന്റേർസ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ കൂനയിൽ പ്രദേശത്ത് ഇങ്ങനെയൊരു സ്ഥാപനമില്ലെന്ന് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു.

Latest Videos

പ്രിന്റിങ് സ്ഥാപനം കണ്ടെത്താൻ കഴിയാത്തതിനാൽ നഗരസഭയിൽ കൊടുത്ത ബില്ലിലുള്ള നമ്പറിൽ വിളിച്ചു നോക്കി. നിഷാകുമാരിയെന്ന കൗണ്‍സിലറാണ് നഗരസഭയിൽ ഈ ബില്ലുകൾ നൽകിയതെന്ന് മനസിലായതോടെ അവരെ വിളിക്കാൻ ഔദ്യോഗിക രേഖകളിലുള്ള നമ്പറെടുത്തും. ഈ സമയത്താണ് വ്യാജ ബില്ലിൽ കൊടുത്തിരിക്കുന്ന നമ്പർ കൗണ്‍സിലറുടെ തന്നെയെന്ന് ബോധ്യപ്പെട്ടത്.

ലക്ഷക്കണക്കിന് രൂപയാണ് നിഷാകുമാരി ഇത്തരത്തിൽ തട്ടിയെടുത്തതെന്നാണ് സംശയം ഉയരുന്നത്. ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് തട്ടിപ്പുകൾ നടന്നതെന്നാണ് ആരോപണം. നഗരസഭ കൗണ്‍സിലർമാർ ഓണറേറിയവും സിറ്റിങ് ഫീസും മാത്രമേ കൈപ്പാറ്റാവൂ എന്നാണ് നിലവിലെ നിയമം. ഈ സാഹചര്യത്തിലാണ് നിയമം ലംഘിച്ചുള്ള തട്ടിപ്പ്. പഞ്ചായത്തംഗത്തെ അയോഗ്യയാക്കണമെന്ന് പരവൂർ നഗരസഭാ ചെയർമാൻ സുധീർ ചെല്ലപ്പൻ ആവശ്യപ്പെട്ടു.

click me!