ആശുപത്രി ജീവനക്കാരിലെ രോഗപ്പകർച്ച വെല്ലുവിളി, അതീവ ജാഗ്രതയിൽ പാലക്കാട്

By Web Team  |  First Published Jun 8, 2020, 7:27 AM IST

ആശുപത്രിയിലെ സന്ദർശകരുടെ എണ്ണം നിയന്ത്രിക്കുന്നതുൾപ്പെടെയുളള കാര്യങ്ങളാണ് ആദ്യഘട്ടത്തിൽ നടപ്പാക്കുക. സമ്പർക്കത്തിലൂടെയുളള രോഗബാധക്കൊപ്പം, ആശുപത്രി ജീവനക്കാരിലെ രോഗപ്പകർച്ചയാണ് പാലക്കാടുള്ള വെല്ലുവിളി.


പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിലെ കൂടുതൽ ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ മുൻകരുതൽ നടപടികൾ ശക്തിപ്പെടുത്തുകയാണ് ആരോഗ്യവകുപ്പ്. രോഗവ്യാപനത്തിന്റെ ഉറവിടം കണ്ടെത്താനുളള നടപടികൾ തുടങ്ങിയെന്ന് ജില്ല മെഡിക്കൽ ഓഫീസർ അറിയിച്ചു. ആശുപത്രിയിലെ സന്ദർശകരുടെ എണ്ണം നിയന്ത്രിക്കുന്നതുൾപ്പെടെയുളള കാര്യങ്ങളാണ് ആദ്യഘട്ടത്തിൽ നടപ്പാക്കുക

സമ്പർക്കത്തിലൂടെയുളള രോഗബാധക്കൊപ്പം, ആശുപത്രി ജീവനക്കാരിലെ രോഗപ്പകർച്ചയാണ് പാലക്കാടുള്ള വെല്ലുവിളി. ഒരാഴ്ചക്കിടെ ജില്ലാ ആശുപത്രിയിലെ 14 ജീവനക്കാരിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇ സി ജി ടെക്നീഷ്യൻ, നഴ്സുമാർ, ശുചീകരണത്തൊഴിലാളി എന്നിവർ ഈ പട്ടികയിലുണ്ട്. ഒപ്പം രണ്ട് ക്ലർക്കുമാർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഉൾപ്പെടെയുളള ഓഫീസ് ജീവനക്കാരും. ഇവരിൽ പലർക്കും രോഗം വന്നതെങ്ങിനെയെന്ന് ഇപ്പോഴും വ്യക്തമല്ല. ആശുപത്രി സൂപ്രണ്ട് ഉൾപ്പെടെ 21 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഈ സാഹചര്യത്തിലാണ് ആശുപത്രിയിൽ കൂടുതൽ നിരീക്ഷണങ്ങളേർപ്പെടുത്താൻ തീരുമാനം. മുഴുവൻ ജീവനക്കാരുടെയും പട്ടിക തയ്യാറാക്കി സമ്പർക്ക വിവരങ്ങൾ ശേഖരിച്ചു തുടങ്ങിയിട്ടുണ്ട്. മറ്റ് രോഗികളുടെ കൂട്ടിരിപ്പുകാർക്കും, സന്ദർശകർക്കും നിയന്ത്രണങ്ങളേർപ്പെടുത്തും. ഓഫീസിലെ സന്ദർശനം അത്യാവശ്യകാര്യങ്ങൾക്ക് മാത്രമാക്കും. 

Latest Videos

അണുവിമുക്തമാക്കാനുളള നടപടികളും മുൻകരുതലുകളും ശക്തിപ്പെടുത്തും. എന്നാൽ ആശുപത്രിയിലെ രോഗവ്യാപനത്തിന്റെ ഉറവിടം കണ്ടെത്തൽ ശ്രമകരമെന്നാണ് വിലയിരുത്തൽ. ഓഫീസ് ജീവനക്കാരുമായുളള സമ്പർക്കത്തെതുടർന്ന് ഒ പി വിഭാഗത്തിലെ ജീവനക്കാരും നിരീക്ഷണത്തിൽ പോയിട്ടുണ്ട്. ഓഫീസ് ജീവനക്കാരിലെ രോഗബാധ കണ്ടെത്തുന്നതിൽ കാലതാമസമെടുത്തെന്ന ആരോപണവുമുണ്ട്. അതേസമയം ആശുപത്രി ജീവനക്കാരിലെ രോഗബാധയെക്കുറിച്ച് നിലവിൽ ആശങ്കവേണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. സുരക്ഷിതമായ സാഹചര്യമാണ് മറ്റ് രോഗികൾക്ക് ആശുപത്രിയിലുളളതെന്നും ജില്ല മെഡിക്കൽ ഓഫീസർ അറിയിച്ചു. 

click me!