ആശങ്ക സൃഷ്ടിച്ച് ഉറവിടം തിരിച്ചറിയാത്ത എട്ട് കൊവിഡ് കേസുകൾ, അതിൽ അഞ്ചും കോട്ടയത്ത്

By Web Team  |  First Published Apr 27, 2020, 2:10 PM IST

ഈ എട്ട് കേസുകൾ കൂടാതെ നേരത്തെ മരണപ്പെട്ട തിരുവനന്തപുരം പോത്തൻകോട് സ്വദേശിക്കും കോഴിക്കോട് മരിച്ച നാല് മാസം പ്രായമുള്ള കുട്ടിക്കും എങ്ങനെ രോഗം വന്നെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. 


തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാഴ്ചക്കിടെ കൊവിഡ് സ്ഥിരീകരിച്ചവരിൽ 8 പേർക്ക് രോഗ ബാധ എവിടെ നിന്നുണ്ടായി എന്ന് തിരിച്ചറിയാൻ പറ്റാത്തത് ആശങ്കയുണ്ടാക്കുന്നു. അതേ സമയം സാമൂഹ്യവ്യാപനം ഉണ്ടായെന്ന ഭീതി വേണ്ടെന്നാണ് ആരോഗ്യമന്ത്രിയുടെ വിശദീകരണം.

രോഗബാധ എവിടെ നിന്നാണെന്ന് സ്ഥിരീകരിക്കാനാത്ത രോഗികൾ ആണ് കോവിഡ് പ്രതിരോധ നേട്ടങ്ങൾക്കിടയിലും സംസ്ഥാനം നേരിടുന്ന വെല്ലുവിളി. കോട്ടയത്ത് അഞ്ചുകേസുകൾ ഇങ്ങിനെയാണ്. തിരുവനന്തപുരം ആർസിസിയിലേയും എസ്കെ ആശുപത്രിയിലേയും കോട്ടയം സ്വദേശികളായ നഴ്സുമാർക്ക് കൊവിഡ് ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. 

Latest Videos

undefined

കോട്ടയത്തെ തന്നെ ബിരുദവിദ്യാർത്ഥിക്കും വ്യാപാരിക്കും ചന്തയിലെ ചുമട്ട് തൊഴിലാളിക്കും രോഗം ഉണ്ടായത് എങ്ങനെയെന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല. കോഴിക്കോട് കഴിഞ്ഞ ദിവസം രോഗബാധ ഉണ്ടായ അഗതിയായ തമിഴ്നാട് സ്വദേശിയുടേയും പാലക്കാട്ട് വിളയൂരിലെ വിദ്യാർത്ഥിയുടേയും കൊല്ലത്തെ ആരോഗ്യ പ്രവർത്തകയുടേയും സ്ഥിതിയും ഇതാണ്.

ആഴ്ചകൾ മുൻപ് കൊവിഡ് ബാധിച്ചു മരിച്ച തിരുവനന്തപുരം പോത്തൻകോട് സ്വദേശിയായ മുൻ എഎസ്ഐക്കും എവിടെ നിന്നും രോഗം വന്നു എന്ന കാര്യത്തിൽ അവ്യക്തത തുടരുന്നു. കഴിഞ്ഞ ആഴ്ച കോഴിക്കോട് മെഡിക്കൽ കോളേജിൽ വച്ചു കൊവിഡ് പൊസീറ്റീവായി മരിച്ച മലപ്പുറത്തെ നാലുമാസം പ്രായമായ പെൺകുഞ്ഞിനും എവിടെ നിന്ന് വൈറസ് പക‍ർന്നു എന്ന ചോദ്യത്തിന് ഉത്തരമില്ല. 

അതേസമയം സംസ്ഥാനത്ത് മൂന്നാംഘട്ട വ്യാപനവും സമൂഹവ്യാപനവുമില്ലെന്ന് ഇന്നും ആരോ​ഗ്യമന്ത്രി കെകെ ശൈലജ ടീച്ചർ ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. അപ്പോഴും ഈ എട്ട് രോ​ഗികളുടേയും മരണപ്പെട്ട രണ്ട് പേരുടേയും വൈറസ് വ്യാപനത്തിൻ്റെ ഉറവിടം സംബന്ധിച്ച ആശയക്കുഴപ്പം തുടരുന്നു.   

സാധാരണക്കാരെ കൂടാതെ ആരോഗ്യപ്രവർത്തകർക്ക് രോഗം ബാധിക്കുന്ന സാഹചര്യത്തിൽ സുരക്ഷാകിറ്റുകളെ നിലവാരം സംബന്ധിച്ച് ആരോഗ്യപ്രവർത്തകർക്കിടയിൽ തന്നെ ആശങ്കകളുണ്ട്. സംസ്ഥാനത്ത് ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെ എട്ട് പേർക്ക് ഇതുവരെ രോഗം ബാധിച്ചു.  

കോട്ടയത്തെയും കൊല്ലത്തെയും ആരോഗ്യപ്രവർത്തകയ്ക്ക് രോഗം കണ്ടെത്തിയത് റാൻഡം പരിശോധനയിലൂടെയാണ് എന്നത് ഗൗരവം വർധിപ്പിക്കുന്നു. ഇടുക്കിയിൽ നൂറുകണക്കിന് രോഗികളെത്തുന്ന പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർക്കാണ് രോഗം ബാധിച്ചത്.  സുരക്ഷാ ഉപകരണങ്ങളുടെ സുരക്ഷയെ സംബന്ധിച്ച് ഡോക്ർമാരുടെ സംഘടന ഇതിനോടകം ആക്ഷേപം ഉന്നയിച്ചു കഴിഞ്ഞു.

പരിശോധനകൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്നലെ മാത്രം മൂവായിരം പേരുടെ സാംപിളുകളാണ് സംസ്ഥാനത്ത് എടുത്തത്. സമൂഹവ്യാപന സർവേയും മുൻഗണന നിശ്ചയിച്ചുള്ള ടെസ്റ്റുകളുമാണ് വരും ദിവസങ്ങളിൽ ശക്തമാക്കുക.

 

click me!