തിരിച്ചെത്തുന്നവരിൽ പതിനായിരത്തിൽ താഴെ രോഗികളുണ്ടാകാമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. സമ്പർക്കത്തിലൂടെയുളള രോഗവ്യാപനം നിയന്ത്രിക്കുകയാണ് പ്രധാനവെല്ലുവിളി.
തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് കേസുകളുടെ എണ്ണം കൂടിയാലും സ്ഥിതി നിയന്ത്രണവിധേയമായി കൊണ്ടുപോകാം എന്ന കണക്കുകൂട്ടലിലാണ് സർക്കാർ. വ്യാപനം നിയന്ത്രിക്കുന്നതിനൊപ്പം ഗുരുതരാവസ്ഥയിലുളളവരുടെ എണ്ണം കുറയ്ക്കാനും കഴിഞ്ഞാൽ ഈ ഘട്ടവും ഭീഷണിയാകില്ലെന്നാണ് വിലയിരുത്തൽ.
വിവിധ രാജ്യങ്ങളിൽ നിന്നായി രണ്ടേകാൽ ലക്ഷത്തോളം പേർ തിരിച്ചെത്തിയ ഘട്ടത്തിൽ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത കേസുകൾ 510 ആണ്. പ്രവാസികളുടെ രണ്ടാംഘട്ട തിരിച്ചുവരവ് തുടങ്ങിയ മെയ് 7 മുതൽ പുറത്ത് നിന്ന് ഇതുവരെ എത്തിയത് 93,404 പേരാണ്. ഈ ഘട്ടത്തിൽ രോഗികളായ 322 പേരിൽ 298 പേരും വിദേശത്ത് നിന്ന് എത്തിയവരാണ്. പരമാവധി ആറ് ലക്ഷം പേരാണ് ഈ ഘട്ടത്തിൽ തിരിച്ചുവരുമെന്ന് സംസ്ഥാന സർക്കാർ കണക്കാക്കുന്നത്. ആദ്യഘട്ടത്തിൽ നിന്നും വ്യത്യസ്തമായി രോഗം വ്യാപിച്ച ഇടങ്ങളിൽ നിന്ന് എത്തുന്നവരായതിനാൽ ഇവരിൽ നിന്നുളള രോഗികളുടെ എണ്ണവും കൂടും.
തിരിച്ചെത്തുന്നവരിൽ പതിനായിരത്തിൽ താഴെ രോഗികളുണ്ടാകാമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. സമ്പർക്കത്തിലൂടെയുളള രോഗവ്യാപനം നിയന്ത്രിക്കുകയാണ് പ്രധാനവെല്ലുവിളി. ആരോഗ്യപ്രവർത്തകരടക്കം സമ്പർക്കത്തിലൂടെ രോഗബാധിതരാകുന്നത് മോശം സൂചനയാണ്. എന്നാൽ രോഗികളുടെ എണ്ണത്തേക്കാൾ ഗുരുതരാവസ്ഥയിലാകുന്നരുടെ എണ്ണമാണ് പ്രസക്തമെന്നാണ് ആരോഗ്യവിദഗ്ധരുടെ പക്ഷം.