കൊവിഡ് രോഗികൾ പെരുകുന്നു; ചികിത്സിക്കാൻ ആളെ തികയാതെ തിരുവനന്തപുരം മെഡിക്കൽ കോളേജ്

By Web Team  |  First Published Oct 1, 2020, 11:21 AM IST

കൊവിഡ് ഇതര വിഭാഗത്തിൽ 490ഉം സ്റ്റാഫ് നഴ്സിന്റെ കുറവ്.  നഴ്സിങ് അസിസ്സ്റ്റന്‍റ്  കൊവിഡ് വിഭാഗത്തിൽ 196ഉം ഇതര വിഭാഗത്തിൽ 261ഉം പേർ കൂടി വേണം.  ശുചീകരണത്തൊഴിലാളികളുടെ എണ്ണത്തിലും വലിയ കുറവ്


തിരുവനന്തപുരം: കൊവിഡ് രോഗികളുടെ എണ്ണം നാൾക്കുനാൾ പെരുകി വരുമ്പോഴും രോഗികളെ പരിചരിക്കാൻ മതിയായ ആളില്ലാതെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി.  സ്റ്റാഫ് നഴ്സ് അടക്കം 1723 ജീവനക്കാരുടെ കുറവ് നികത്താൻ ആരോഗ്യവകുപ്പിന്‍റെ ഇടപെടൽ  കാത്തിരിക്കുകയാണ് അധികൃതര്‍. ഐസിയുകളിലും വാർഡുകളിലും  വരെ നഴ്സുമാരുടെ രൂക്ഷമായ ക്ഷാമമാണ് നിലവിലുള്ളത്. 69 കൊവിഡ് വെന്റിലേറ്ററുകൾ നോക്കാൻ 268 സ്റ്റാഫ് നഴ്സ് വേണ്ടിടത്ത്  119 പേരുടെ  കുറവാണുള്ളത്.  19 കിടക്കകളുള്ള മെഡിക്കൽ ഐസിയുവിൽ  35 സ്റ്റാഫ് നഴ്സ് വേണമെന്നിരിക്കെ ഉള്ളത് 20 പേർ മാത്രവും. രോഗിയെ പുഴുവരിച്ച ആറാം വാർഡിലും ആവശ്യമുള്ളതിന്‍റെ പകുതി നഴ്സുമാരേ ഡ്യൂട്ടിക്ക് ഉള്ളൂ.

1954 കിടക്കകളാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലുള്ളത്. ദിവസേന ശരാശരി 500ലധികം രോഗികൾ ഇവിടേക്ക് എത്തുന്നുണ്ട്. സൂക്ഷ്മ പരിചരണം വേണ്ട ഗുരുതരാവസ്ഥയിലുള്ളവരാണ് കൊവിഡ് വിഭാഗത്തിൽ ചികിത്സക്കെത്തുന്നത്. ഇവിടെയാണ് ജീവനക്കാരുടെ എണ്ണം പരിതാപകരമായ അവസ്ഥയിൽ തുടരുന്നത്. 

Latest Videos

undefined

കൊവിഡ് വിഭാഗത്തിൽ 368ഉം കൊവിഡ് ഇതര വിഭാഗത്തിൽ 490ഉം സ്റ്റാഫ് നഴ്സിന്റെ മാത്രം കുറവ്.  നഴ്സിങ് അസിസ്റ്റന്റിന്റെ കാര്യത്തിൽ കൊവിഡ് വിഭാഗത്തിൽ 196ഉം ഇതര വിഭാഗത്തിൽ 261ഉം പേർ കൂടി വേണം.  ശുചീകരണത്തൊഴിലാളികളുടെ എണ്ണത്തിലും വലിയ കുറവാണുള്ളത്. കൊവിഡായതിനാൽ രോഗികൾക്ക് കൂട്ടിരിപ്പുകാർ ഇല്ല. ഈ അധികഭാരം കൂടി നഴ്സുമാരുടെയും മറ്റ് ജീവനക്കാരുടെയും ചുമലിലാണ്.  മൊത്തം 1723 ജീവനക്കാർ കൂടി അധികമായി വേണ്ട സാഹചര്യമാണ് ഇപ്പോൾ  മെഡിക്കൽ കോളേജ് ആശുപത്രിയിലുള്ളത്. 

കിടക്കകളുടെ എണ്ണം കൂട്ടുന്നതിന് പുറമെ  104 ഐസിയു കിടക്കകളുമായി  മൾട്ടി സ്പെഷ്യലിറ്റി ബ്ലോക്കും   150 കിടക്കകളുമായി 27,28 വാർഡുകളും പ്രവര്‍ത്തിക്കുന്നതും അതിരൂക്ഷമായ ആൾക്ഷാമത്തിനിടെയാണ്.  70 കിടക്കകളുള്ള ഏഴാം വാർഡിൽ 30 നഴ്സുമാർ വേണ്ടിടത്ത് ഉള്ളത് 9 പേർ മാത്രം.  21 പേരുടെ കുറവ്.  രോഗിയെ പുഴുവരിച്ച ആറാം വാർഡിൽ 40 കിടക്കകൾ. 16 നഴ്സുമാർ വേണ്ടിടത്ത് പകുതി പേർ മാത്രം. 

എൻ.എച്ച്.എം, ഡിഎംഇ അടക്കം കിട്ടാവുന്നിടത്ത് നിന്നെല്ലാം എടുത്തിട്ടും ആൾക്ഷാമം  നികത്താനാവുന്നില്ലെന്നത് ഗുരുതര പ്രതിസന്ധിയാണ് മെഡിക്കൽ കോളേജ് ആശുപത്രിയുടെ പ്രവര്‍ത്തനത്തിൽ ഉണ്ടാക്കുന്നത്.  ആരോഗ്യവകുപ്പിന്‍റെ ഇടപെടൽ വൈകും തോറും രോഗിയെ പുഴുവരിച്ചതിന് സമാനമായ സംഭവങ്ങൾ ആവർത്തിക്കപ്പെടുമെന്ന് ആശങ്കപ്പെട്ടു കൊണ്ടേയിരിക്കണമെന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. 

click me!