രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് മണി വരെ അന്തർജില്ലാ യാത്രയ്ക്ക് പാസ്സ് വേണ്ട, ഇളവ്

By Web Team  |  First Published May 22, 2020, 6:39 PM IST

രാത്രിയാത്ര ഒഴിവാക്കാനാവാത്ത ആവശ്യങ്ങൾക്ക് മാത്രമേ പാടുള്ളൂ. പകലായാലും രാത്രിയായാലും യാത്രക്കാർ ഒരു ജില്ലയിലെയും കണ്ടെയ്ൻമെന്‍റ് സോണുകളിൽ പ്രവേശിക്കാൻ പാടില്ല. എല്ലാ യാത്രക്കാരും തിരിച്ചറിയൽ പാസ്സ് കരുതണം.


തിരുവനന്തപുരം: രാവിലെ ഏഴു മണി മുതല്‍ വൈകുന്നേരം ഏഴു മണിവരെ ജില്ലവിട്ട് യാത്ര ചെയ്യുന്നതിന് പോലീസ് പാസ് ആവശ്യമില്ലെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. എന്നാല്‍ യാത്രക്കാര്‍ ഏതെങ്കിലും ജില്ലയിലെ കണ്ടെയ്ന്‍മെന്‍റ് സോണില്‍ പ്രവേശിക്കാന്‍ പാടില്ല. യാത്രക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡ് കരുതേണ്ടതാണ്. 

രാത്രി ഏഴു മണിക്കും രാവിലെ ഏഴുമണിക്കും ഇടയ്ക്ക് ജില്ല വിട്ട് യാത്ര ചെയ്യുന്നതിന് പോലീസ് പാസ് ആവശ്യമാണ്. മെഡിക്കല്‍ ആവശ്യമുള്‍പ്പെടെ വളരെ അത്യാവശ്യമുള്ള കാര്യങ്ങള്‍ക്ക് മാത്രമേ രാത്രിയാത്രയ്ക്ക് അനുവാദം നല്‍കൂവെന്നും സംസ്ഥാന പോലീസ് മേധാവി അറിയിച്ചു. അത്യാവശ്യമല്ലെങ്കിൽ രാത്രിയാത്ര ഒഴിവാക്കിയേ തീരൂ എന്നും ഡിജിപി വ്യക്തമാക്കി. 

Latest Videos

undefined

തൊട്ടടുത്തുള്ള ജില്ലകളിലേക്ക് യാത്ര ചെയ്യാൻ പാസ്സ് വേണ്ടെന്ന് നേരത്തേ തന്നെ പൊലീസ് വ്യക്തമാക്കിയിരുന്നതാണ്. സ്വകാര്യവാഹനങ്ങളിൽ ഡ്രൈവർക്ക് പുറമേ 2 പേർക്കാണ് സഞ്ചരിക്കാനാവുക. കുടുംബമാണെങ്കിൽ 3 പേർക്ക് സ്വകാര്യ വാഹനത്തില്‍ സഞ്ചരിക്കാം. ഓട്ടോയിൽ ഡ്രൈവറും ഒരു യാത്രക്കാരനുമാണ് ഈ ഘട്ടത്തില്‍ അനുമതിയുള്ളത്. കുടുംബമെങ്കിൽ ഓട്ടോയില്‍ 3 പേർക്ക് സഞ്ചരിക്കാം. ഇരുചക്രവാഹനത്തിൽ കുടുംബാഗത്തിന് പിൻസീറ്റ് യാത്ര അനുവദിക്കും.

ജില്ലയ്ക്ക് അകത്ത് ഹോട്ട് സ്പോട്ടുകളിൽ ഒഴികെ ആളുകൾക്ക് സഞ്ചരിക്കാം. കൊവിഡ് പ്രതിരോധ പ്രവർത്തകർക്കും സർക്കാർ ഉദ്യോ​ഗസ്ഥർക്കും നിയന്ത്രണം ബാധകമല്ല. 

തത്സമയസംപ്രേഷണം:

click me!