സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കൊവിഡ്; 5 പേര്‍ക്ക് രോഗമുക്തി, സ്ഥിതി ഗുരുതരമെന്ന് മുഖ്യമന്ത്രി

By Web Team  |  First Published May 20, 2020, 5:02 PM IST

 എസ്എസ്എൽസി പ്ലസ്ടു പരീക്ഷകൾ മെയ് 26 ന് തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും കേന്ദ്ര നിര്‍ദ്ദേശം വന്ന് മതി തിയതി തീരുമാനമെന്ന് ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിൽ ധാരണയായിരുന്നു. 


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കൊവിഡ് . അഞ്ച് പേരുടെ വൈറസ് ബാധ ഭേദമായി. പാലക്കാട് ഏഴ് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.  മലപ്പുറം - 4, കണ്ണൂർ -3, പത്തനംതിട്ട, തൃശ്ശൂർ, തിരുവനന്തപുരം - രണ്ട് വീതം, കാസർകോട്, കോഴിക്കോട്, എറണാകുളം, ആലപ്പുഴ -  ഒന്നു വീതം. ഇങ്ങനെയാണ് പൊസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്. രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്ക് ഇപ്രകാരമാണ് -  തൃശ്ശൂർ- 2, കണ്ണൂർ, വയനാട്, കാസർകോട് - ഒന്നു വീതം.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 12 പേർ വിദേശത്തു നിന്നും വന്നതാണ്. എട്ട് പേർ മഹാരാഷ്ട്രയിൽ നിന്നും മൂന്ന് പേർ തമിഴ്നാട്ടിൽ നിന്നുമാണ്. കണ്ണൂരിൽ ഒരാൾക്ക് സമ്പർക്കം വഴിയാണ് രോഗം സ്ഥീരകരിച്ചത്. ഇതുവരെ 666 പേർക്ക് രോഗം സ്ഥിരീകരിച്ചു. അതിൽ 161 പേർ നിലവിൽ ചികിത്സയിലുണ്ട്. 74398 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 73865 പേർ വീടുകളിലും 533 പേർ ആശുപത്രികളിലുമാണ്. ഇന്ന് 156 പേരെ പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 48543 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു. 46961 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി. ഇതുവരെ സെൻ്റിനൽ സർവൈലൻസിൻ്റെ ഭാഗമായി 6900 സാംപിൾ ശേഖരിച്ചതിൽ 5028 എണ്ണം നെഗറ്റീവായി. ഇന്ന് പുതിയ ഹോട്ട് സ്പോട്ടില്ല.

Latest Videos

undefined

നാം കൂടുതൽ ഗുരുതരമായ സ്ഥിതിയിലേക്ക് പോകുകയാണ്. ലോക്ക് ഡൌണിൽ ചില ഇളവു വരുത്തി എന്നാൽ തുടര്‍ന്നുള്ള നാളുകളിൽ മേഖലകൾ തിരിച്ച് ചിലയിടത്ത് കടുത്ത നിയന്ത്രണം വേണ്ടി വരും. വിദേശത്ത് നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നും കൂടുതൽ ആളുകൾ വരാൻ തുടങ്ങിയപ്പോൾ ഇവിടെ രോഗികളുടെ എണ്ണത്തിൽ കാര്യമായ വർധന വരുന്നുണ്ട്.

മെയ് ഏഴിനാണ് വിമാനസർവ്വീസ് ആരംഭിച്ചത്. കണക്കുകൾ പരിശോധിച്ചാൽ മെയ് ഒന്ന്, മൂന്ന്, നാല്, ആറ്, ഏഴ് തീയതികളിൽ പുതിയ കൊവിഡ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തിരുന്നില്ല. എട്ടാം തീയതി ഒരാൾക്കാണ് രോഗബാധയുണ്ടായത്. അന്ന് ആകെ ചികിത്സയിലുണ്ടായിരുന്നത് 16 പേരായിരുന്നു. മെയ് 13-ന്  പുതിയ രോഗികളുടെ എണ്ണം പത്തായി. 14-ന് 26 പുതിയ രോഗികളായി, 15-ന് 16, 16-  11 ,17 -14,18-29 ഇന്നലെ 12 ഇന്ന് 25ഈ രീതിയിലാണ് പുതിയ പൊസീറ്റീവ് കേസുകളുണ്ടാവുന്നത്. 16 പേരുണ്ടായിരുന്ന സ്ഥാനത്ത് ചികിത്സയിലുണ്ടായിരുന്നവരുടെ എണ്ണം ഇപ്പോൾ 161 ആയി.

 സംസ്ഥാനത്ത് പുതിയ ഹോട്ട് സ്പോട്ടില്ല. പക്ഷെ  ഗുരുതരമായ സ്ഥിതിയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. 
തുടർന്നുള്ള നാളുകളിൽ ചില പ്രത്യേക മേഖലകളിൽ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 
നിയന്ത്രണങ്ങൾ കർശനമാക്കേണ്ടിവരും. പ്രവാസികൾ വന്നതോടെയാണ് എണ്ണം കൂടിയതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.  രോഗം വരുന്നത് ആരുടേയും കുറ്റം കൊണ്ടല്ലെന്ന് എല്ലാവരും മനസിലാക്കണം. പുതുതായി രോഗം വന്നത് പുറത്ത് നിന്നുള്ളവർക്കാണെന്ന് പറഞ്ഞത് ചില കേന്ദ്രങ്ങൾ തെറ്റായി പ്രചരിപ്പിക്കുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു. 

ഇന്നലെ വാർത്താസമ്മേളനത്തിൽ പുതുതായി രോഗം വന്നതെല്ലാം പുറത്തു നിന്നുള്ളവർക്കാണ് എന്നു പറഞ്ഞത് ചിലർ തെറ്റായി പ്രചരിപ്പിക്കുന്നത് കണ്ടു. രോഗം വരുന്നത് എവിടെ നിന്നാണ് എന്ന തിരിച്ചറിവ് ആദ്യം വേണം അതു പ്രധാനമാണ്. ഇവിടെ നമ്മുടെ സഹോദരങ്ങൾ അവർക്ക് അവകാശപ്പെട്ട മണ്ണിലേക്കാണ് വരുന്നത്. അവരെ സംരക്ഷിക്കണം ഒപ്പം ഇവിടെയുള്ളവരുടെ സുരക്ഷിതത്വം ഉറപ്പാക്കുകയും വേണം.

സംസ്ഥാന അതിർത്തിയിൽ ഒരു നിയന്ത്രണവും ഇല്ലാതെ വന്നാൽ റെഡ്സോണിലുള്ളവർ ഇവിടെ എല്ലാവരേയും ഇടപഴകിയാൽ ഇന്നത്തെ കാലത്ത് അതു വലിയ അപകടമാണ്. അതിനാലാണ് വാളയാർ അടക്കമുള്ള സ്ഥലങ്ങളിൽ സർക്കാർ ശക്തമായ നിലപാട് സ്വീകരിക്കുന്നത്. ഇതിന് വേറെ നിറം നൽകേണ്ട. കേരളത്തിലെത്തുന്ന പ്രവാസികളെല്ലാം രോഗവാഹകരാണെന്നോ അകറ്റി നിർത്തേണ്ടവരാണെന്നോ അല്ല അതിനർത്ഥം. അങ്ങനെയാക്കി തീർക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്. അവർക്ക് വേറെ ചില ലക്ഷ്യങ്ങളുണ്ടാവാം.

ഇവിടെ നാം കാണേണ്ടത്  വരുന്നവരിൽ അനേകം പേർ മഹാഭൂരിഭാഗം പേർ രോഗബാധയില്ലാത്തവരാവാം. എന്നാൽ നമ്മുടെ അനുഭവത്തിൽ ചിലർ രോഗവാഹകരാവാം. വരുമ്പോൾ തന്നെ ആരാണ് രോഗബാധിതർ ആർക്കാണ് തീരെ രോഗമില്ലാത്തത് എന്നെല്ലാം തിരിച്ചറിയാനാവില്ല. അത്തരമൊരു ഘട്ടത്തിൽ കൂടുതൽ കർക്കശമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുക മാത്രമേ വഴിയുള്ളൂ. അതു അവരുടെ രക്ഷയ്ക്കും ഇവിടെയുള്ളവരുടെ സുരക്ഷിതത്വത്തിനും അനിവാര്യമാണ്. ഒന്നു മാത്രമേ പറയാനുള്ളൂ ഇത്തരം കുപ്രചരണങ്ങളിൽ ജനം കുടുങ്ങാൻ പാടില്ല. 

കഴിഞ്ഞ ദിവസം മുംബൈയിൽനിന്നും പത്തനംതിട്ടയിലെ റാന്നിയിലെത്തിയ കുടുംബത്തിൻ്റെ ദുരനുഭവം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എവിടെയും കിടിക്കാൻ ഇടം കിട്ടാത്ത ആറംഗ കുടുംബത്തിന് ഏറെ നേരം അലയേണ്ടി വന്നു. അവർ ക്വാറൻ്റൈൻ നിൽക്കേണ്ട വീട് അവർക്ക് അനുവദിക്കാത്ത അവസ്ഥയുമുണ്ടായി. മുംബൈയിൽ നിന്നും പ്രത്യേക വാഹനത്തിലാണ് അവർ വന്നത്. ആ വാഹനം കുറച്ചു നേരം റോഡിൽ നിർത്തിയത് പരിഭ്രാന്തി വരുത്തി എന്നൊരു മാധ്യമം റിപ്പോർട്ട് ചെയ്തു കണ്ടു. ഇത്തരം വാർത്തകളുടെ അടിസ്ഥാനത്തിൽ പ്രവാസി മലയാളികളെ നാം അവഗണിക്കുന്നു എന്ന തരത്തിൽ ചില പ്രചാരണം കണ്ടു. ഈ ഘട്ടത്തിൽ ഒരു കാര്യം പറയട്ടെ പ്രവാസി മലയാളികളുടെ കൂടി നാടാണ് ഇത്. അവർക്ക് ഏതു ഘട്ടത്തിലും ഇങ്ങോട്ട് വരാം. ഈ നാടിൻ്റെ സുരക്ഷിതത്വം അനുഭവിക്കാം. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിപ്പോയവരെ നാട്ടിൽ തിരിച്ചെത്തിക്കാനുള്ള എല്ലാ നടപടികൾക്കും സംസ്ഥാനസർക്കാരിൻ്റെ പിന്തുണയുണ്ട്.  എന്നാൽ എല്ലാവർക്കും കൂടി ഒരു ദിവസം കേരളത്തിലേക്ക് വരാനാവില്ല.

അവശേഷിക്കുന്ന എസ്എസ്ൽസി/ പ്ലസ് ടു/ വൊക്കേഷണൽ ഹയർ സെക്കൻഡി പരീക്ഷകൾ മെയ് 26 മുതൽ ജൂൺ മുപ്പത് വരെ മുൻനിശ്ചയിച്ച പ്രകാരം തന്നെ നടക്കും. പരീക്ഷാ നടത്തിപ്പിന് കേന്ദ്ര സ‍ർക്കാ‍ർ അനുമതി നൽകിയ സാഹചര്യത്തിൽ ഇതിലെ ആശയക്കുഴപ്പം മാറ്റും. എല്ലാ വിദ്യാ‍ർത്ഥികളേയും പരീക്ഷാ കേന്ദ്രത്തിൽ എത്തിക്കാൻ വേണ്ട നടപടി സ്വീകരിക്കും. ഇക്കാര്യത്തിൽ രക്ഷക‍ർത്താക്കൾക്കോ വിദ്യാ‍ർത്ഥികൾക്കോ ആശങ്ക വേണ്ട. എന്തെങ്കിലും പ്രത്യേക പ്രശ്നമുണ്ടെങ്കിൽ അതും പരിഹരിക്കും. 

ലോക്ക് ഡൗണിൽ കൂടുതൽ ഇളവുകൾ വന്നതോടെ ജനജീവിതം ചലിച്ചു തുടങ്ങിയ സാഹചര്യത്തിൽ ജില്ലാ കളക്ടർമാ‍ർ, ജില്ലാ പൊലീസ് മേധാവിമാ‍ർ മറ്റു ഉദ്യോ​ഗസ്ഥർ എന്നിവരുമായി രാവിലെ വീഡിയോ കോൺഫറൻസ് വഴി ച‍ർച്ച നടത്തി. അവരുടെ ഇതുവരെയുള്ള ഇടപെടൽ ഫലപ്രദമാണ് രോ​ഗവ്യാപനം തടയാൻ യത്നിച്ച എല്ലാവരേയും സ‍ർക്കാർ അഭിനന്ദിക്കുന്നു. 

കൊവിഡിന് ഇനിയും വൈറസോ മരുന്നോ കണ്ടെത്തിയിട്ടില്ല. അതിനാൽ നമ്മളും കൂടുതൽ ജാ​ഗ്രത പാലിക്കണം. കണ്ടൈൻമെൻ്റ് സോണിൽ ഒരിളവും സ‍ർക്കാ‍ർ നൽകിയിട്ടില്ല. നിരീക്ഷണം ഫലപ്രദമായി കൊണ്ടു പോകണം. പുറത്തു നിന്നും വന്നവ‍ർ നിശ്ചിത ദിവസം ക്വാറൻ്റൈനിൽ നിൽക്കേണ്ടത് നാടിൻ്റെ ആവശ്യമാണ്. ഇവ‍ർ വീട്ടിലെ മുറിയിൽ തന്നെ കഴിയണം വീട്ടുകാരുമായോ നാട്ടുകാരുമായോ സമ്പ‍ർക്കം പാടില്ല. ഒരാൾ തന്നെ സ്ഥിരമായി ഇവ‍ർക്ക് ഭക്ഷണം എത്തിക്കണം. 

ഹോം ക്വാറൻ്റൈൻ ഏറ്റവും ഫലപ്രദമായി ന‌ടപ്പാക്കിയത് ഇവിടെയാണ്. വാ‍ർഡ് തല സമിതി, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, എന്നിവ‍ർ ഇക്കാര്യത്തിൽ ഫലപ്രദമായി ഇടപെട്ടു. ഈ സംവിധാനം ഇനിയും നല്ല രീതിയിൽ മുന്നോട്ട് പോകണം. നിരീക്ഷണത്തിൽ കഴിയുന്നവരുടെ വീടുകളുമായി ബന്ധപ്പെടാൻ ആവശ്യമായ വളണ്ടിയ‍ർമാ‍ർ ഈ വാർഡുതല സമിതിയിലുണ്ടാവണം. വാ‍ർഡ് തല സമിതിയുടെ ഘടന എങ്ങനെയാണെന്ന് നേരത്തെ അറിയിച്ചിട്ടുണ്ട്.  ഇവ‍ർക്ക് എല്ലാ സ്ഥലത്തും എത്താനായേക്കില്ല എന്നത് കണക്കിലെടുത്താണ് വളണ്ടിയ‍ർമാരുടെ സേവനം തേടാൻ നിശ്ചയിക്കുന്നത്. ഇതോടൊപ്പം പൊലീസും നിരീക്ഷണത്തിലുള്ളവരുടെ വീടുകൾ സന്ദർശിക്കണം. നമ്മുടെ സമൂഹത്തിൻ്റെ രക്ഷയ്ക്ക് വേണ്ടിയാണ് ഇതെല്ലാം. വളരെ ചുരുക്കം സ്ഥലങ്ങളിൽ വാ‍ർഡ് തല സമിതി നി‍ർജീവമാണ്. അത്തരം സ്ഥലങ്ങളിൽ പഞ്ചായത്ത് തല സമിതി ഇടപെടണം.

സമ്പ‍ർക്കം ഒഴിവാക്കുക എന്നതാണ് പ്രധാനം. അല്ലാതെ പുറത്തു നിന്നും വരുന്നവരെ തടയേണ്ട ആവശ്യമില്ല. വീടും,നാടും പെറ്റമ്മയെ പോലെയാണ് ആ ഒരു മനോഭാവത്തോടെ ആളുകൾ വരുമ്പോൾ ആരും അവരെ തടയരുത്. എന്നാൽ പുറത്തു നിന്നും വരുന്നവ‍ർ നിരീക്ഷണത്തിൽ കഴിയാൻ ബാധ്യസ്ഥരാണ്. ഇക്കാര്യം  അവരുടെ അയൽവാസികളും ശ്രദ്ധിക്കണം. 

പഞ്ചായത്ത് തല സമിതികളുടെ പ്രവ‍ർത്തനം നല്ല രീതിയിലാണോ എന്ന് ജില്ലാ തല സമിതികൾ പരിശോധിക്കണം. ആവശ്യമായ സഹായവും സേവനവും ജില്ലാ തലാസമിതി ഉറപ്പാക്കണം. ആരെങ്കിലും കുറച്ചു പേരുടെയല്ല നമ്മുടെ നാടിൻ്റെയാകെ ലക്ഷ്യമാകണം കൊവിഡ് പ്രതിരോധം. എല്ലാ ജില്ലാ പഞ്ചായത്തുകളും തങ്ങൾക്ക് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ കൊവിഡ് പ്രതിരോധ പ്രവ‍ർത്തനം വിലയിരുത്തണം. പുതിയ സാഹചര്യത്തിൽ രോ​ഗവ്യാപനം തടയാൻ സ്വകാര്യ ആശുപത്രികളുമായി സഹകരിക്കുമെന്ന്  നേരത്തെ വ്യക്തമാക്കിയിരുന്നു. 

പ്രവ‍ർത്തനസന്നദ്ധരമായ ഡോക്ട‍ർമാരുടെ വിവരങ്ങൾ ഡിഎംഒ ശേഖറിക്കണം. രോ​ഗിക്ക് ഡോക്ടറെ കാണണമെങ്കിൽ ബന്ധപ്പെട്ട ആരോ​ഗ്യകേന്ദ്രം അതിനുള്ള സൗകര്യമൊരുക്കണം. സംസ്ഥാനത്ത് മഴ ശക്തമായതിനാൽ പക‍‍ർച്ചവ്യാധികൾക്ക് സാധ്യതയുണ്ട്. ഈ സാ​ഹചര്യത്തിൽ പരിസരശുചിത്വം എല്ലാവരും കൃത്യമായി പാലിക്കണം. മാലിന്യനി‍ർമാ‍ർജനം ഇതിൽ പ്രധാനമാണ്. 

അതിഥി തൊഴിലാളികളോട് സഹാനുഭൂതി വേണം. അവ‍ർക്ക് ഭക്ഷണവും താമസവും സ‍ർക്കാ‍ർ എത്തിച്ചു കൊടുത്തിട്ടുണ്ട്. നി‍ർമ്മാണ ജോലികൾ വീണ്ടും തുടങ്ങിയത അവ‍ർക്ക് ആശ്വാസം നൽകും. നാട്ടിൽ ആരും പട്ടിണി കിടക്കില്ലെന്നും ഉറപ്പു വരുത്തം. സമൂഹ അടുക്കളയിലൂടെ ലക്ഷക്കണക്കിന് ആളുൾക്ക് സമൂഹ അടുക്കള വഴി ഭക്ഷണം എത്തി. എന്നാൽ സമൂഹ അടുക്കള പൂട്ടാനായിട്ടില്ല. ആവശ്യമായവ‍ർക്ക് ഭക്ഷണം നൽകാനാണ് തീരുമാനം. 

ഇതുവരെ ജോലി ചെയ്യുന്ന ജില്ലയിൽ എത്താത്ത സ‍ർക്കാ‍ർ ഉദ്യോ​ഗസ്ഥ‍ർ ഇപ്പോൾ നിൽക്കുന്ന ജില്ലാ കളക്ട‍ർ മുൻപാകെ റിപ്പോ‍ർട്ട് ചെയ്യണമെന്ന് നേരത്തെ അറിയിച്ചിരുന്നു. തിരുവനന്തപുരത്ത് ഈ രീതിയിൽ കുടുങ്ങിയ സ‍ർക്കാ‍ർ ഉദ്യോ​ഗസ്ഥരുടെ വിവരം ശേഖരിച്ച് പ്രത്യേക കെഎസ്ആ‍ർടിസി ബസിൽ അവരെ ജോലി സ്ഥലത്തേക്ക് അയക്കും. 

തിരിച്ചെത്തിയ ധാരാളം പേ‍ർ വീട്ടിൽ നിൽക്കാതെ സർക്കാർ ക്വാറൻ്റൈനിൽ നിൽക്കുന്ന അവസ്ഥയുണ്ട്. വീട്ടിൽ നിൽക്കാൻ ബുദ്ധിമുട്ടുള്ളവ‍ർക്ക് വേണ്ടിയാണ് സ‍ർക്കാർ ക്വാറൻ്റൈൻ കേന്ദ്രങ്ങൾ.

948 താത്കാലി തസ്തികകൾ ആരോഗ്യ വകുപ്പിൽ സൃഷ്ടിച്ചിട്ടുണ്ട്. ഇതോടെ കൊവിഡ് പ്രതിരോധത്തിനായി ആകെ 6700 താല്കാലിക തസ്തികകൾ സൃഷ്ടിച്ചു. ഇവരെ കൊവിഡ് കെയ‍ർ സെൻ്ററുകൾ, കൊവിഡ് ആശുപത്രികൾ എന്നിവിടങ്ങളിൽ ഇവരെ വിന്യസിക്കും. 38 ഡോക്ട‍ർമാ‍ർ, 15 സ്പെഷ്യലിസ്റ്റ്, 20 ഡ‍െൻ്റൽ സ‍ർജൻ, 72 സ്റ്റാഫ് നഴ്സ്, 162 നഴ്സിം​ഗ് അസിസ്റ്ററ്റുമാ‍ർ തുടങ്ങി 21 തരം തസ്തികകളിലാണ് താത്കാലിക നിയമനം നടത്തിയത്. 

കുട്ടിപ്പൊലീസ് വഴി മാസ്ക് ധരിക്കാനായി പ്രത്യേക ക്യാംപെയ്ൻ ആരംഭിക്കും. ഐജിമാരായ ശ്രീജിത്തും പി.വിജയനും സംസ്ഥാന തലത്തിൽ പദ്ധതി ഏകോപിപ്പിക്കും. കൊവിഡ് രോ​ഗം ഭേദമായാവരെ ചിലയിടത്തെങ്കിലും സമൂഹം ഒറ്റപ്പെടുത്തുന്ന സാഹചര്യമുണ്ട്. ഇതിനെതിരെ ബോധവത്കരണം നടത്താൻ എസ്പിസി പ്രത്യേക പദ്ധതി നടപ്പാക്കും. 3996 പേ‍ർക്കെതിരെ മാസ്ക് ധരിക്കാത്തതിന് ഇന്ന് കേസെടുത്തു. ക്വാറൻ്റൈൻ ലംഘിച്ചതിന് 12 പേ‍‍ർക്കെതിരെയും കേസെടുത്തു. 

ദേശീയ സമ്പാദ്യപദ്ധതിയിലെ ഏജൻ്റുമാ‍ർക്ക് വീട്ടിലെത്തി കളക്ഷൻ സ്വീകരിക്കാൻ അവസരമൊരുക്കും. ഏരിയ തിരിച്ച് ​ഗ്രൂപ്പാക്കിയാവും വീട്ടിൽ പോകേണ്ടത്. 65 വയസിന് മുകളിൽ പ്രായമുള്ള ഏജൻ്റുമാ‍ർ കളക്ഷന് പോകരുത്.  

‌ഇലക് ട്രിസ്റ്റി ഭേ​ദ​ഗതി ബിൽ 2020-യുമായി ബന്ധപ്പെട്ട് കേരളത്തിനുള്ള ആശങ്ക നേരത്തെ അറിയിച്ചിരുന്നു. ഈ ബിൽ നടപ്പിലായാൽ സംസ്ഥാന സ‍ർക്കാ‍ർ കെഎസ്ഇബിക്ക് നൽകുന്ന പല ആനുകൂല്യങ്ങളും നടപ്പാക്കാനാവില്ല. വൈദ്യുതി റ​ഗുലേറ്ററി കമ്മീഷനിലേക്ക് ആളുകളെ നിശ്ചയിക്കുന്നതിന് കേന്ദ്രസ‍ർക്കാരിനെ ബിൽ ചുമതലപ്പെടുത്തുന്നു. കൺകറൻ്റ ലിസ്റ്റിലുള്ള വിഷയത്തിൽ കേന്ദ്രത്തിന് കൂടുതൽ അധികാരം നൽകുന്നതാണ് ഈ ബിൽ. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര ഊ‍ർജ്ജമന്ത്രി ആ‍ർകെ സിം​ഗിന് കേരളം കത്തയച്ചു. തൊഴിൽ നഷ്ടമായ ഉൾനാടൻ മത്സ്യകൃഷിക്കാ‍ർക്ക് അഞ്ച് കോടി രൂപ സമാശ്വാസമായി നൽകും.

click me!